ക്ലാസ്സിലേക്ക് കടന്നു വന്നപ്പോൾ ഒരു പുതിയ സ്പ്രേയുടെ മണം..
ആരാണ് ഇന്ന് നല്ല മണമുള്ള സ്പ്രേ അടിച്ചു വന്നിരിക്കുന്നത്.
എല്ലാ കുഞ്ഞുമക്കളും ഓടിവന്ന് പറഞ്ഞു ആമിനയാണ് പുതിയ സ്പ്രേ അടിച്ചു വന്നിരിക്കുന്നത് .
ആമിനയെ നോക്കിയപ്പോൾ മുഖത്തു നാണം കലർന്ന കള്ളച്ചിരി..
എന്തുപറ്റി ആമിക്കുട്ടി പുതിയ സ്പ്രേ അടിച്ചിട്ട്.. ഉപ്പച്ചി വന്നുവോ..
ഇല്ല ടീച്ചറെ.. അന്നാള് ഉപ്പച്ചി വന്നപ്പോൾ കൊണ്ടുവന്ന സ്പ്രേയാണ്..
പിന്നെ ടീച്ചറെ “ഗൾഫ് പൊട്ടി.”
ആരാണ് മോളോട് ഗൾഫ് പൊട്ടി എന്ന് പറഞ്ഞത്..
ഉമ്മച്ചി നിസ്കരിക്കുമ്പോൾ കരയുന്നു.

അപ്പോൾ ഇക്കാക്കയാണ് പറഞ്ഞത് ഗൾഫ് പൊട്ടി ഇനി പൊട്ടാതിരിക്കാൻ ഉമ്മച്ചി കരഞ്ഞു നിസ്കരിക്കാണെന്ന്…
മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ഇക്കാക്ക അവന്റെ അറിവ് വീശദീകരിച്ചു കൊടുത്തതാണ്..
ഗൾഫ് ഇനി പൊട്ടുnന്നതിനു മുൻപ് ഉപ്പച്ചി വന്നാൽ മതിയായിരുന്നു..
ആമിയുടെ കുഞ്ഞ് മുഖത്ത് സങ്കടം..
ഉമ്മച്ചി എപ്പോഴും കരച്ചിലാണ്..
സാരമില്ല.. ഇനി ഗൾഫ് പൊട്ടില്ല ആമിക്കുട്ടി…എന്ന് പറഞ്ഞു ആശ്വസിപ്പിച്ചെങ്കിലും മനസ്സിൽ ടെൻഷൻ ആയി..
ഷെമിയുടെ വടിതളർന്ന മുഖമാണ് ഓർമ്മവന്നത്

വാടക വീടും മൂന്ന് മക്കളും അവരുടെ ചിലവ്..കാര്യങ്ങൾ അതിനിടയിൽ എപ്പോഴും ആമികിളിക്ക് ഓരോ അസുഖങ്ങളും..
രണ്ടു മാസമേ ആയിട്ടുള്ളൂ ഷെമീർ നാട്ടിൽ നിന്നും പോയിട്ട്..
ഷെമീർ നാട്ടിൽ വന്നപ്പോൾ എന്നും
ഭാര്യയും ഭർത്താവും കൂടിയാണ് മക്കളെ സ്കൂളിൽ കൊണ്ടുവന്നാക്കുക..
മുട്ടിയിരുമിയുള്ള വരവ്. ഇടക്ക് കണ്ണിൽ കണ്ണിൽ നോക്കി ചിരിക്കുന്നത് കാണാം..
കണ്ണെഴുതാത്ത ഷെമി കണ്ണെഴുതും..
തിളക്കമുള്ള ചിരി എപ്പോഴും മുഖത്തുണ്ടാവും..
അതെല്ലാം കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്..
കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ ആ മുഖത്തെ സന്തോഷം വാടി തളരും..
പിന്നെ തനിച്ചാവും കുട്ടികളെ സ്കൂളിൽ കൊണ്ടുവന്നാക്കുക..
എന്തുപറ്റി ഷെമി. കെട്ടിയോൻ നാട്ടിൽ ഉള്ളപ്പോഴെങ്കിലും നിനക്ക് സന്തോഷമായി നടന്നൂടെ..
ഒന്നും പറയണ്ട ടീച്ചറെ..
ഇക്കയുടെ കയ്യിലുള്ള പൈസ തീർന്നു.

ഇപ്പോൾ കടം വാങ്ങിച്ചിട്ടാണ് വാടകയും വീട്ടുചിലവും മറ്റും
ഇനി പോയാലെ കാര്യങ്ങൾ നടന്നു പോകു..
പാവം രാവിലെ ഇപ്പോൾ ഉറക്കം നടിച്ച് കിടക്കും..
മക്കൾ സ്കൂളിൽ പോയാലെ ആള് എഴുന്നേൽക്കു..
അല്ലെങ്കിൽ മക്കൾ ഓരോ ആവശ്യങ്ങൾ പറയും. സാധിച്ചുകൊടുത്തില്ലേങ്കിൽ ഇക്കാക്ക് സങ്കടമാണ്..
ലീവ് കഴിയുന്നതിനേക്കാൾ മുൻപേ ഷെമീർ പോയി..
പ്രവാസികളുടെ ജീവിതം ഇങ്ങനെയൊക്കെയാണ്‌ ടീച്ചറെ..

ഇനി അവർക്ക് വേണ്ടിയുള്ള പ്രാർത്ഥന മാത്രമല്ലെ ഞങ്ങൾക്കു സാധിക്കു..
ഇത് പറഞ്ഞ് ഷെമിയന്ന് വിങ്ങിപൊട്ടിയിരുന്നു..
ഗൾഫ് പൊട്ടിയെന്ന കുഞ്ഞു ആമിയുടെ സങ്കടം..
ഷെമിയുടെ നിറയുന്ന കണ്ണുകൾ..
അതുപോലെ ഉള്ളുരുകുന്ന ഒരുപാട് ഹൃദയങ്ങൾ നമ്മുക്ക് കാണാം..
എന്റെ കൃഷ്ണാ…യുദ്ധങ്ങൾ വേണ്ടാ.. എല്ലായിടത്തും ശാന്തിയും സമാധാനവും കൊടുത്തേക്കണേ 🙏🙏

വനജസുനിൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *