രചന : സ്വർണ്ണ ലത പൂത്തേരി ✍️
വടിവൊത്ത കൈയക്ഷരമല്ലയെങ്കിലും
പ്രിയതമക്കായൊരു കത്തെഴു തുന്നു ഞാൻ
മിഴികൾകത്തുന്ന വെട്ടത്തിലിരുന്ന്
ഹൃദയം പിഴിഞ്ഞ കറുത്ത മഷിയാൽ.
പതിയെ നടപ്പാണ് കിതപ്പുണ്ടെനിക്ക്
പാടെ മറക്കാത്ത ഓർമ്മ യുണ്ടൊപ്പം
വടിയില്ല കയ്യിൽ തുണയില്ല കൂടെ
വെടിഞ്ഞു ഞാൻ പഴയശീലങ്ങളാകെ.
ഓടിക്കയറിയ പടികളോരോന്നിൽ
മടിയാതെ ഇരുകാൽ വെച്ച് കയറുന്നു
പറന്നുയരാതെ വാക്കുകൾ തൊണ്ടയിൽ
പലവട്ടം ചാപിള്ളയായിപിറക്കുന്നു.
വാർദ്ധക്യം കിതച്ച് നുര തുപ്പിടുന്നു
വഴി മാറി പോകുന്നു ബന്ധങ്ങ ളെല്ലാം
ആറടി മണ്ണിൽ നിന്നാരോ കൈ നീട്ടുന്നു
അന്ന് സഹായം കൊണ്ടവരാകാം..
അന്ത്യ യാത്രയ്ക്ക് സമയമടു ക്കുമ്പോൾ
അരുമയായി നീയൊന്നു കൂടെ നിന്നീടണേ
ഒരു പിടി പുകയിൽ പുകയാൻ വിടാതെ
ഒരു തുള്ളി കണ്ണീരിലെന്നെയലി യിക്കണേ…
ആകാശത്തോളം പുകയുയരുമ്പോൾ
അങ്ങകലേക്കായ് നീ മാറി നിന്നീടണേ
അന്നത്തെരാവിൽ കണ്ണടയ്ക്കാതെ
അല്പനേരമെന്നോർമ്മയിൽ ശയിക്കണേ…
മക്കളോടായുള്ള സ്നേഹം മുഴുവനും
പരുക്കൻ മേലങ്കയിലൊളിച്ചു വെച്ചത്
തോൽപ്പിക്കാനായിരുന്നില്ലവരെവിടെയും
തോൽക്കാതിരിക്കാനായിരുന്നു ..
ഇന്നലെകളെന്നിൽ മരിച്ചുവീഴുന്നു
ഇനി തനിച്ചൊരു യാത്ര ചെയ്യട്ടെ ഞാൻ
നിങ്ങൾക്കൊപ്പമായപ്പോൾ ഞാൻ കേൾക്കാത്ത
നല്ല വാക്കാം പൂക്കൾ വഴിയിലർപ്പിക്കല്ലേ…

