രചന : തോമസ് കാവാലം✍
പ്രാചിയിലംശുമാൻ വന്നുദിച്ചു
പാരാകെ പൂക്കൾവിടർന്നുചേലിൽ
വാസന്തം വിണ്ണിൽ നിന്നോടിയെത്തി
സുഗന്ധം മണ്ണിനെ പുൽകിനിന്നു.
കാർമേഘത്തോണികൾ മാനമാകെ
കുഞ്ഞിളം തുള്ളികൾ പെയ്തുനിന്നു
പുണ്യാഹംപോലതു ഭൂമിയാകെ
മണ്ണിനെ ഹർഷമോടുമ്മവെച്ചു.
കാനന മേലാപ്പിൽ കാത്തിരുന്ന
കോകിലവൃന്ദങ്ങൾ കൂകിചേലിൽ
മാമല മേട്ടിലെ മന്ദാരങ്ങൾ
ഓമനപ്പൂക്കൾ വിടർത്തിയെങ്ങും.
പക്ഷികൾവാനിൽ പറന്നുമോദാൽ
പക്ഷമൊതുക്കി ഹ! ക്ഷീണിതരായ്
വൃക്ഷങ്ങൾതോറുമേ കുക്ഷികളിൽ
ഭക്ഷണം തിന്നുവാനക്ഷമരായ്.
മരന്ദമുണ്ണുവാൻ ഭൃംഗവൃന്ദം
സുഗന്ധപൂരിത സൂനങ്ങളിൽ
സുസ്മിതമോടെ സഹർഷമോടെ
സൂര്യനെനോക്കി ചിരിച്ചു ദ്രുതം.
ആരാമം തന്നിലനിലനെത്തി
തീരാത്തയാവേശമോടെ മുത്തി
താമര പോയ്കയിൽ മട്ടലരിൽ
തൂമതൂകീടുന്നു താരുതോറും.
വെള്ളയുടുത്തുള്ള അംബരത്തിൽ
വെൺകൊറ്റിജാലങ്ങൾ വീണ്ടുമെത്തി
കൺകുളിർക്കുന്നയാ കാഴ്ചയെന്റെ
ഉണ്മയെ വീണ്ണുപോലാക്കിമാറ്റി.

വളരെ നന്ദി