രചന : ശാന്തി സുന്ദർ ✍️
ഏകാന്തതയെ പ്രണയിച്ചവൾ
ബാൽക്കണി കാഴ്ച്ചയുടെ
വിദൂരതയിലേയ്ക്ക് നോക്കി
നിൽക്കവേ…
പകുതി വായിച്ചു മടക്കിവച്ച
പുസ്തകത്തിലെ നായികയുടെ
വിങ്ങലുകൾക്ക്
ഉത്തരം തിരയുകയായിരുന്നു.
മെല്ലെ മെല്ലെ കണ്ണുകൾ
ആകാശത്തിലൂടെ പറന്നു പോകുന്ന
കുരുവികളെ മാടിവിളിച്ചു..
പ്രണയാർദ്രമായ കുറുകലോടെ
ഇണകളവർ ജനൽ വാതിലിലെത്തി.
ഒറ്റപ്പെട്ട മുറിയിൽ അകപ്പെട്ട കാറ്റ്
അവളുടെ ഉള്ളിലെ കനലണച്ച്
മുടിയിഴകളെ മെല്ലെ തലോടി
നീലാകാശത്തിന്റെ
മേൽക്കൂരയിൽ മേഘക്കുന്നിൻ
മുകളിലിരുന്നൊരു മഞ്ഞു പാവ
മഴത്തുള്ളികളാൽ തുന്നിക്കൂട്ടിയ
പുത്തനുടുപ്പിട്ട് തിളങ്ങി നിന്നു.
പൂക്കളും ശലഭങ്ങളും
ആ നേരങ്ങളിൽ
പ്രണയത്തിലായിരുന്നു.
ഇന്നലെ പെയ്ത മഴത്തുള്ളികൾ
ചുവരിലേയ്ക്ക പടർന്നു കയറിയ
മണി പ്ലാന്റിന്റെ ഇലകളിലേയ്ക്ക്
തെന്നിവീണ് അടർന്നു വീഴാനാവാതെ
പറ്റിപിടിച്ചിരുന്നു.
ചിലന്തി വലയിൽ കുടുങ്ങിയ
സൂര്യ കിരണങ്ങൾ
മഴവില്ലിനെ വരച്ചിട്ടു.
പ്രിയമ്മുള്ള ഫോട്ടോ പതിപ്പിച്ച
കോഫി കപ്പിലെ
ചൂടു കോഫിയ്ക്കുള്ളിൽ ചാടി
ചിന്തകൾ ആത്മഹത്യയ്ക്കൊരുങ്ങി.
പുസ്തകകോണിൽ നിന്നും
പകുതി വായിച്ച പുസ്തകത്തിലെ
നായിക
കൺമുൻപിലൂടെ കടകട ശബ്ദവുമായി
നീങ്ങുന്ന തീവണ്ടിയിലേയ്ക്ക്
കയറി
പകയുടെ അഗ്നിയിൽ
നീറി പുകഞ്ഞ്
നിറഞ്ഞൊഴുകുന്ന
കണ്ണുകളുമായി
ലക്ഷ്യമില്ലാത്ത യാത്രയിലായി..
പ്രകൃതിയിലെ ശ്വാസനിശ്വാസമായി
മാറവേ..
ആരോ പുറത്ത് വാതിലിൽ
തട്ടിവിളിച്ചു.
ബാൽക്കണിയിലൂടെ
ആകാശദൂരങ്ങളിലേയ്ക്ക നോക്കി
അവൾ പറഞ്ഞു.
ആകാശമേ…
നീ ഇരുട്ടണിയുമ്പോൾ വരാം
എനിയ്ക്ക് ആ കഥ കേൾക്കണം
“നിലാവ് നക്ഷത്രങ്ങളോട്
പറയുന്ന
കഥ”