രചന : ബി സുരേഷ്കുറിച്ചിമുട്ടം✍️
പാളവണ്ടിയിലേറിനടന്നൊരുകാലം,
മൂടുപിഞ്ചിയനിക്കർ മണ്ണിലുരഞ്ഞുകീറുംനേരം;
ആർത്തുചിരിച്ചൊരാക്കൂട്ടാളികളും,
അമ്പേനാണംക്കൊണ്ടുമറച്ചതുമോർമ്മ.
കല്ലും കുഴിയും ചരിവുംനോക്കാതങ്ങനെ,
കിച്ചീവലിച്ചുനടന്നൊരുബാല്യം.
ചെറുകല്ലുകളിലേറിവണ്ടിപോകുംനേരം,
പിന്നിലതിൻത്തള്ളലുകൊണ്ടുപുളയും.
ഇല്ലാവഴികൾ തീർത്തുമങ്ങനെ,
കാണും കാടും മേടും കയറിയിറങ്ങി.
പുളിയൻ മാങ്ങപറിച്ചതിലോ,
ഉപ്പുകൂട്ടിത്തിന്നതുമോർമ്മ.
ചേറും ചെളിയും വെള്ളവുമങ്ങനെ,
ചാടിമറിഞ്ഞുതിമർത്തൊരുകാലം.
കൊത്തം കല്ലുകളിച്ചുരസിച്ചും,
കൊള്ളുംത്തല്ലിനേങ്ങിക്കരയുംബാല്യം.
എല്ലാംമധുരം ഓർമ്മകൾ,
ഓടിയൊളിക്കില്ലൊട്ടുമതങ്ങനെ.
ചേരുംചേർന്നുപോകുമതന്ത്യം വരെയ്ക്കും,
നന്മകളേറെവിളഞ്ഞൊരാസുന്ദരബാല്യം.
