രചന : ബിന്ദു അരുവിപ്പുറം✍️
ചെമ്പട്ടുചേലചുറ്റി
സുന്ദരിപ്പെണ്ണാളൊരുത്തി
ചന്തത്തിൽ പൊട്ടുകുത്തി
വാലിട്ടുകണ്ണെഴുതി
മുറ്റത്തെത്തൊടിയിലായ്
അഞ്ചിതളിൻ കാന്തിയോടെ
മന്ദഹാസം ചൊരിഞ്ഞേറ്റം
കനവുകൾ നെയ്യുകയായ്!
ജീവിതത്തിൻ തന്ത്രികളിൽ
ആശ്വാസശ്രുതി മീട്ടി
നാടോടിപ്പെൺകൊടിയായ്
വർണ്ണത്തിൽ പൂത്തുലഞ്ഞും
മിഴിയിലാർദ്രഭാവമോടെ
മധുരക്കിനാക്കളോടെ
ഇടനെഞ്ചിൽ കുമിയുന്ന
സ്വപ്നങ്ങൾ നുണയുന്നു.
മാനസപ്പൊയ്കയിലേറ്റം
നീന്തിത്തുടിച്ചു മെല്ലെ
മുത്തുപോൽ കിലുങ്ങുന്ന
പുഞ്ചിരിയൊന്നെനിയ്ക്കേകി.
ഇളംങ്കാറ്റു വന്നു വെക്കം
തഞ്ചത്തിൽ കൊഞ്ചിനിൽക്കേ
മിഴിയടച്ചവളറിയാതെ
നാണത്താലുഴറിടുന്നു.
കനലിന്റെ നിറമാണ്,
പട്ടുപോലെയുടലഴകും!
ചെന്തൊണ്ടിപ്പഴം പോലെ
മധുരമൂറും ചൊടികളും!
പെണ്ണവൾതന്നഴകിലേറ്റം
കണ്ണെറിഞ്ഞൊരു പ്രണയഗാനം
മൂളിയെത്തും വണ്ടുകൾക്കി-
ങ്ങെന്തൊരാനന്ദം!