നീയൊരു
സൗമ്യശാന്തയായ നദിയായായിരുന്നു..
നവോഢയായ
ഒരു യുവതിയുടെ
അന്നനടപോലെ നീയൊഴുകി.
മലരികളും ചുഴികളും
നിനക്കന്യമായിരുന്നു.
ചതിയുടെ കാണാക്കയങ്ങൾ
നിന്നിൽ ഒരിക്കലും രൂപപ്പെട്ടിരുന്നില്ല.
സൗഹൃദങ്ങൾ മൊട്ടിട്ട്
വിടർന്നിരുന്നു.
ദേശത്ത് ഉദയാസ്തമയങ്ങൾ ഞങ്ങളുടെ വരുതിയിൽ നിന്നത്
നിന്റെ വരദാനങ്ങൾ.
ദേശം ഞങ്ങൾക്കായി തളിർത്തു.
ഹരിതശോഭയണിഞ്ഞു.
വിളവെടുപ്പ് കാലത്തിന്റെ കൃത്യതയും, ഫലസമൃദ്ധിയും,
ആഹ്ലാദവും
നിന്റെ കാരുണ്യവായ്പ്പുകൾ.
അല്ല നിൻ്റെ കർത്തവ്യപഥങ്ങളിൽ ചിലത് മാത്രം.
ദേശം പൂത്തുലയാനും, സൗരഭ്യം പരത്താനും
ഒരിക്കലും കാത്തിരിപ്പ്
വേണ്ടിവന്നില്ല.
വേനൽ സൂര്യൻ
ഞങ്ങൾക്ക് സൗമ്യമായ
തലോടലുകളായി.
ചോലമരങ്ങൾ ഞങ്ങൾക്ക് കുടകളായി.
ഇലച്ചാർത്തുകളിലൂടെ
അരിച്ചെത്തിയ
വെയിലിൻ കരങ്ങൾ
ഞങ്ങൾക്ക്
ഇളവെയിൽസ്പർശങ്ങളായി.
മൺസൂണുകൾ ഞങ്ങളിൽ
സ്നേഹസാന്ത്വനക്കുളിരായി
പെയ്തിറങ്ങി
ഞങ്ങളെ ഹർഷപുളകിതരാക്കി.
അക്ഷമയുടെ കാത്തിരിപ്പ്
വേണ്ടിവരാത്തത്
നിന്റെ വരദാനങ്ങൾ.
ശരത്തിലെ വൃക്ഷങ്ങൾ
സ്വർണ്ണവർണ്ണത്തിൻ്റെ ഇലകളെ പ്രസവിച്ചു.
സ്വർണ്ണയിലകൾ വീണ
വഴിത്താരകൾ
ഞങ്ങൾക്ക്
വസന്തത്തേക്കാൾ രമണീയമായി.
ശിശിരത്തിൽ
ഞങ്ങളിൽ മഞ്ഞ് പെയ്തിറങ്ങിയതും,
മഞ്ഞിൻപുതപ്പണിയിച്ചതും,
കുളിരണിയിച്ചതും,
ആഘോഷങ്ങളുടെ
രാപ്പകലുകളാൽ
ആവേശഭരിതരാക്കിയതും
നിന്റെ സ്നേഹവായ്പ്പുകൾ.
എന്നാൽ ഇവിടെ,
ഈ നഗരത്തിൽ നീ സൗമ്യശാന്തയായ,
നവോഢയായ ഒരു യുവതിയുടെ അന്നനടയല്ല.
മലരികളും, ചുഴികളും,
ചതിയുടെ കാണാക്കയങ്ങളുമായി
തീവ്രവേഗതയോടെ
കുതിച്ചുപായുന്നു.
ഇവിടെ നീയൊരു യാഗാശ്വമാണ്.
അല്ലെങ്കിൽ പ്രകാശവേഗത്തിൽ
പായുന്ന ഒരു
വിസ്മയക്കാഴ്ച.
ഇവിടെ ഉദയാസ്തമയങ്ങൾ
ആരുടെയും വരുതിയിലല്ല ഒരിക്കൽപ്പോലും.
ഇവിടെ ഋതുക്കൾ
താളം തെറ്റിയ താരാട്ടാണ്.
നഗരവേഗങ്ങളിൽ മനുഷ്യർ
ഭ്രാന്തവേഗങ്ങളിൽ പായുന്നു.
പറക്കുന്ന ലോക്കൽ ട്രെയിനുകളും,
തെരുവുകളിലൂടെ
നിലക്കാതെ ഇരമ്പിപ്പായുന്ന
വാഹനങ്ങളുടെ കുത്തൊഴുക്കുകളും,
താണുപറക്കുന്ന ആകാശക്കപ്പലുകളും
ജൈവതാളങ്ങളെ തകിടം മറിക്കുന്നു.
ഇവിടെ സ്നേഹസാന്ത്വനങ്ങളുടെ
ഇഴയടുപ്പങ്ങൾ
നഷ്ടമായിരിക്കുന്നു…..

കെ.ആർ.സുരേന്ദ്രൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *