അഗ്നിവർഷം ചൊരിയുന്നു വാനം,
അന്തിവെയിലിൽ കരിയുന്നു ലോകം.
മീനമാസപ്പൊരിയേറ്റ് വാടി-
ത്തളർന്നു നിൽപ്പുണ്ടൊരു ഭൂമിദേവി!

പുഴകൾ വെറും മണൽക്കാടായി മാറി,
നീരറ്റ നീർച്ചാലൊരു വിലാപമായി.
ദാഹിച്ചു പിടയുന്നു കുഞ്ഞു പറവകൾ,
നീർത്തുള്ളിയേകാതെ വാനം നിലച്ചു!

ചുട്ടുപൊള്ളുന്നൊരീ മണ്ണിലല്ലോ
ചവിട്ടിപ്പുളയുന്നു പാവം മനിതർ.
തണലേകി നിന്നൊരാ വൻമരങ്ങൾ
ഇലയറ്റു നിൽക്കുന്നു പ്രേതം കണക്കേ!

കരിഞ്ഞുണങ്ങിയ പുൽക്കൊടിപോലും
കനൽക്കാറ്റിലാടിയുലഞ്ഞിടുന്നു.
മിഴിനീർ വറ്റിയ കിണറുകൾ നോക്കി
തരിച്ചു നിൽക്കുന്നു ഗ്രാമവീഥി!

വരൾച്ചതൻ നാക്കുകൾ നീട്ടി നിൽക്കും
വിണ്ടുകീറീയൊരാ വയലുകൾ.
വിത്തിനെയോർത്തു കരയും കർഷകൻ
വിണ്ണിലെ കാർമേഘം കാത്തിടുന്നു!

മനുഷ്യൻ പടുത്തൊരീ കോൺക്രീറ്റു കാടുകൾ
ചൂടിന്റെ കാഠിന്യം കൂട്ടിടുന്നു.
പ്രകൃതി തൻ നൊമ്പരം കാണാതെ പോയി-
രുന്നിന്നു നമ്മൾ തപിച്ചിടുന്നു!

പച്ചപ്പണിഞ്ഞൊരാ കുന്നുകളെല്ലാം
മാന്തിമറിച്ചങ്ങു കൊണ്ടുപോയി.
തണലു വിരിച്ചൊരാ കാവുകളെല്ലാം
തച്ചുടച്ചീടുന്നു മർത്യജന്മം!

മേഘങ്ങളേ നിങ്ങൾ വന്നെത്തുമോ?
ദാഹിച്ചു നിൽക്കുന്ന ഭൂമിക്കായ് വീണ്ടും.
ഒരു തുള്ളി പെയ്തു തണുപ്പിക്കുമോ?
വെന്തുരുകുന്നൊരീ മൺ നിലത്തേ!

ബി സുരേഷ്കുറച്ചിമുട്ടം

By ivayana

Leave a Reply

Your email address will not be published. Required fields are marked *