പ്രായമായവരെ ബലം പ്രയോഗിച്ചോ നിർബന്ധപൂർവ്വമോ ദയാവധം എന്ന പേരിൽ നടപ്പിലാക്കുന്ന മനുഷ്യത്വരഹിതമായ ഒരേർപ്പാടാണ് “തലൈക്കൂത്തൽ”.
“തലൈക്കൂത്തൽ” എന്താണെന്നറിയുമോ?

എണ്ണ തേച്ച് കുളി എന്നർത്ഥം വരുന്ന തമിഴ് വാക്കാണിത്. പ്രായാധിക്യം ബാധിച്ച രോഗികളായ വൃദ്ധരെ കൊന്നുകളയുന്ന പ്രാകൃത ആചാരം. ഒറ്റയടിക്ക് ആളെ ഇല്ലാതെയാക്കുന്നതല്ല തലൈക്കൂത്തൽ . അതിന് ചില രീതികളൊക്കെയുണ്ട്. വധത്തിന് ഇരയാക്കേണ്ടയാളെ ബലമായി പിടിച്ച് കൊണ്ടുവന്ന് അതിരാവിലെ ധാരാളം എണ്ണ തലയിലും ശരീരത്തിലും ഒഴിച്ച് നല്ല തണുത്ത വെള്ളം കോരിയൊഴിക്കും. മണിക്കൂറുകളോളം നീണ്ടു നിൽക്കുന്ന ഈ തണുത്ത വെള്ളം കോരിയൊഴിക്കൽ ചടങ്ങ് കഴിയുമ്പോൾത്തന്നെ ആൾ മരിക്കാറായിട്ടുണ്ടാവും , കുളി കഴിഞ്ഞാൽ മൂന്നോ നാലോ ഗ്ലാസ് ഇളനീര് നിർബന്ധമായി കുടിപ്പിക്കും.

അതോടെ ന്യൂമോണിയ കടുത്ത പനി അപസ്മാരം എന്നിവ ബാധിച്ച് ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ട് ആൾ നിതാന്തനിദ്ര പ്രാപിക്കും. തീർന്നിട്ടില്ല ,വ്യദ്ധരെ ഒഴിവാക്കാൻ തലൈക്കുത്തലല്ലാതെ മറ്റു രീതികളുമുണ്ട്. വെള്ളത്തിൽ മണ്ണ് കലക്കി കുടിപ്പിക്കുക, മൂക്കടച്ച് പിടിച്ച് പാൽ കുടിപ്പിക്കുക എന്നീ വിദ്യകളുമുണ്ട്. ചിലപ്പോൾ മുക്കിലേക്ക് പശുവിൻ പാൽ നിർബന്ധപൂർവ്വം ഒഴിച്ച് ശ്വാസതടസ്സവും സൃഷ്ടിക്കും. കൊലപാതകത്തിന് ഇത്തരത്തിൽ 26 രീതികളുണ്ട്. ഇത്തരം പ്രാകൃത രീതികളല്ലാതെ, ഭക്ഷണത്തിൽ വിഷം കലർത്തിയും കാൽവെള്ളയിൽ വിഷം കുത്തിവെച്ചും മറ്റും ആധുനിക രീതിയിലുള്ള വ്യദ്ധഹത്യകളും ഇപ്പോൾ നിലവിലുണ്ട്.

പണ്ട് ഇത് കുടുംബക്കാരൊന്നsങ്കം പങ്കെടുത്ത് പരസ്യമായി നടത്തിയിരുന്നെങ്കിലും ഇന്ന് അതീവ രഹസ്യമായി വീട്ടിനുള്ളിലാണ് ഈ ആചാരം നടത്തുന്നത്. മിക്കവാറും വൃദ്ധരുടെ കഥ കഴിക്കുക സ്വന്തം മക്കൾ തന്നെയാണ് എന്ന് പഠനങ്ങൾ പറയുന്നത്.
“മുത്തന്തൈക്ക് എൻ തന്തൈ സെഞ്ചത് എൻ തന്തൈക്ക് നാൻ സെയ് കിറേൻ” എന്ന് പറയുന്ന തമിഴ് മക്കൾ നാളെ തനിക്കും ഇതേ ഗതി വരും എന്ന് അറിയാഞ്ഞിട്ടാവുമോ !! തമിഴ്നാട്ടിലെ വിരുദുനഗർ ,തേനി, മധുര, തിരുനെൽവേലി എന്നീ ജില്ലകളിൽ രഹസ്യമായി ഈ ആചാരങ്ങൾ ഇന്നും നിലവിലുണ്ട്.

മദ്രാസ് സർവ്വകലാശാലയിലെ ക്രിമിനോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ എം. പ്രിയംവദ നടത്തിയ പഠനങ്ങൾ ഈയിടെ വായിക്കാനിടയായപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി… എത്ര ഭീകരവും മനുഷ്യത്വരഹിതവുമായ ആചാരങ്ങൾ അല്ലേ ! നമ്മുടെ കൊച്ചു കേരളത്തിലെ വ്യദ്ധസദനങ്ങൾ ഇതിലുമെത്രയോ ഭേദം. മൂക്കടച്ച് പാൽ കുടിച്ചും മണ്ണ് തിന്നും ചാകേണ്ടല്ലോ..!!!

മായ സീത

By ivayana

Leave a Reply

Your email address will not be published. Required fields are marked *