രചന : അജിത്ത് റാന്നി . ✍
അമ്മയ്ക്കുമ്മ കൊടുത്തു വളർന്നു
അച്ഛൻ വിരലിൻ തണലുമറിഞ്ഞു
സോദരർ നന്മയറിഞ്ഞു തഴച്ചു
എങ്കിലുമെന്നുമനാഥൻ.
ബാല്യം മറു മേലങ്കിയണിഞ്ഞൊരു
കാലം വരയും സൗഹൃദമെന്നിലും
പൂക്കളിയാട്ടമുയർത്തേ കരളിൽ
നോവിന്നലതീർക്കുന്നൊരനാഥൻ.
പ്രേമപരാഗമുണരേ തരുണികൾ
മോഹവിതാനമൊരുക്കി മനസ്സിൽ
കൂടുംകൂട്ടി കുളിരായ് മാറിലും
നേരിൽ ഞാനൊരനാഥൻ.
വാമഭാഗത്തിലൊരാളേയിരുത്തി
വായ്ക്കരിനല്കുവാൻ ബീജവുമേകി
വാക മരത്തണലേകി ബന്ധങ്ങളും
എങ്കിലും ഞാനോരനാഥൻ.
പണിയിടവേളയിലാനന്ദമേകി
പലവട്ടം പൂത്ത മന്ദാരങ്ങളും
മന്ദസ്മിതത്തോടെ ചുറ്റി നിന്നാലും
അവിടെയും ഞാനൊരനാഥൻ.
മകരാലയത്തിര തേടി വന്നീടും
മനുഷ്യാരവങ്ങൾക്കൊപ്പമാടി
മണൽ ചൂടിൻ സുഖമേറ്റിരിക്കിലുമന്നും
നേരിൻ്റെ കാലത്തിൽ ഞാനനാഥൻ.
വിറയാർന്ന കൈയ്യും വഴിക്കണ്ണുമായ്
കോലായിൽ ശ്വാന സുഖമറിയേ
ഇടവഴി താണ്ടി അനാഥർ പോകെ
പലരൂപം പേറിയ ഞാന നാഥൻ.
തെക്കേലെ മാവിൻ ഗർവ്വമകലേ
പരലോക പുണ്യനാമങ്ങളൊഴുകേ
ചുറ്റിലുള്ളോരില്ലാതൊറ്റയ്ക്ക് ചിതയിൽ
ഏകനാണപ്പോഴും ഞാനനാഥൻ.