രചന : അൻവർ ഷാ ഉമയനല്ലൂർ ✍
ഉദയാസ്തമയങ്ങളൊന്നു വീക്ഷിക്കുക,
ഇരുളിൽ പ്രകാശിക്കുമാ, നാളമോർക്കുക
നാളെയെന്തന്നറിയാത്തയീ പാരിടം
സ്പന്ദിച്ചുണർത്തുന്നതാരെന്നറിയുക.
മന്ത്രച്ചരടിനാലല്ല യീ ഭൂതലം
ബന്ധിച്ചിടുന്നതെന്നറിയുന്ന മർത്യന്റെ
ചിന്തോദയത്തിൽത്തെളിയുന്നു നിത്യവും
ബന്ധുരമാം നാമമൊ,ന്നതാണീശ്വരൻ.
ഇരുളുമുണർച്ചയും പാരിന്നുയർച്ചയും
വ്യതിരിക്തമായവൻ നിത്യം തിരുത്തുന്നു
ശക്തിസ്വരൂപനായുദയം പകരുവോൻ
അസ്തമനത്താൽ മിഴിയടപ്പിക്കുന്നു
നാം, മർത്യജന്മമിതു വിധമാണെന്ന-
സത്യം ഗ്രഹിക്കുവാൻ ഹൃത്തിനാലോർക്കണം
ഉദയാസ്തമയങ്ങൾ പോലല്‌പ സമയമാ-
ണിവിടെയീ ജീവിത,മെന്നറിഞ്ഞുണരണം.
കാലമെന്നാ,ദിവ്യ രൂപ പരിണാമത്താൽ
ലോകമൊന്നാകെപ്പുതുക്കുന്ന നനുദിനം
കാലികമാക്കുന്നു മാനവ ചിത്രവും
മാതൃലോകത്തിൻ മഹനീയ ഹൃത്തതും.
വ്യക്തമായ് സത്യമായർത്ഥ വാക്യങ്ങളായ്
നിത്യമുണർത്തുന്നു മർത്യതേ, ഹൃത്തടം
പാരിന്റെ സ്പന്ദനത്തിൻ പ്രതിരൂപമാ-
ണോരോന്നുമുൾക്കൊണ്ടുണർന്നു വർത്തിക്കണം.
താരങ്ങളിരുളിൽ തിളങ്ങുന്നപോലകം
നന്നായ് തെളിച്ചുണർത്തീടുന്നഴലുകൾ
പടർന്നു നിൽക്കേണ്ടതല്ലകമേ, നിഴലുകൾ
ഉദയമായ്നിൽക്കട്ടെയെന്നും പ്രതീക്ഷകൾ.
പ്രവൃത്തിയാൽ നന്നായ്ത്തെളിക്ക നാം മാനസം
സുകൃത വാക്യങ്ങൾപോൽ തളിർക്കട്ടെ ചിന്തകം
ഭാവിയോർത്തീടാതെ വർത്തമാനത്തിന്റെ-
യല്പ സുഖത്തിനായ്ത്തകർക്കേണ്ട ഹൃത്തടം.
സ്പന്ദിച്ചുണർത്തുന്നുദയമായ് പുറമെയും
വന്ദിച്ചിടാൻ പഠിപ്പിക്കുന്നകമെയും
ബന്ധിക്കയല്ലഭയ ചിന്തയാൽ നാഥന്റെ-
കരുണാർദ്ര ചിത്രം തെളിച്ചു നൽകീടുവാൻ.

