കുഞ്ഞുമനസ്സിനറിയില്ലജീവിത
പൊൻ പ്രഭാതമകന്ന കാലം
അമ്മതൻ കൈപിടിച്ചന്നുഞാനച്ഛന്റെ
പൊൻ സ്മരണയിലുണർന്നിടുമ്പോൾ
കണ്ണു കലങ്ങി സദസ്സിലിരുന്നമ്മതൻ
മനം വിങ്ങി വിതുമ്പിടുമ്പോൾ
പ്രിയമുള്ളവർ കണ്ഠമിടറി പറഞ്ഞതൊക്കെയും
അച്ഛന്റെ
നന്മകളായിരുന്നു
അന്നെനിക്കൊട്ടും നൊമ്പരമില്ലായിരുന്നു
ഉണ്ണിയെന്നാരോ വിളിച്ചന്നാവേദിയിൽ
ഉമ്മതന്നതെനിക്കോർമ്മയുണ്ട്
അന്നവർ
വേദിയിൽ തന്നസമ്മാനം
നന്മതൻ പൂമരമായിരുന്നു
പുഞ്ചിരി തൂകി ഞാൻ വാങ്ങിയോരുപഹാരം
ഉല്ലസിച്ചോടിവന്നമ്മതൻ കയ്യിൽ കൊടുത്ത നേരം
കോരിയെടുത്തമ്മ വാരിപ്പുണർന്നിട്ട്
അച്ഛന് പകരമാകില്ലെന്നു ചൊല്ലി
പൊട്ടിക്കരഞ്ഞതോർമ്മയുണ്ട്
കരളലിയിക്കുന്ന കഥയിൽ ഞാനൊരു
കദന കഥാപാത്രമായിരുന്നു
അച്ഛനില്ലാത്ത കൊച്ചു പൈതലിനവർതന്ന
ജീവിത ജലമിതെന്നറിഞ്ഞില്ല ഞാൻ
അച്ഛന്റെ തോഴർതൻ
കൈപിടിച്ചിന്നു ഞാൻ
ചിത്ര വിപഞ്ചികയായിടുന്നു
ദളങ്ങളോരോന്നുമുതിർന്നു വീഴവേ
അച്ഛനില്ലാത്തൊരു കൊച്ചു ബാല്യത്തിന്റെ
നഷ്ടബോധത്തിലെൻ
ശിഷ്ടകാലവും കടന്നുപോയി
ഞാനൊരു നിഴലായ് നിന്നുപോയി

ഗിരീഷ് പെരുവയൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *