പണ്ട്,
ഭൂമി കടലോളം
വലുതായിരുന്നു.
താണ്ടാനാവാത്ത
വഴിദൂരങ്ങളായിരുന്നു.
എത്തിപ്പിടിക്കാനാവാത്ത
എത്രയെത്ര കൊമ്പുകളായിരുന്നു.
ചിറകടിക്കുന്ന പറവകളുടെ
അതിരുകളില്ലാത്ത ആകാശമായിരുന്നു.
പിന്നെയാണ് ,
ദിഗ്വിജയികളുടെ
കാൽക്കീഴിലേക്ക്
ലോകം ചുരുങ്ങിച്ചുളുങ്ങിത്തുടങ്ങിയത്.
വാൾമുനകളാൽ വെട്ടിപ്പിടിച്ച മണ്ണിൽ
സ്വാർത്ഥതയുടെ ധ്വജങ്ങളുയർന്നത് .
അതിർത്തികളിൽ മുൾമരങ്ങൾ വളർന്നത്.
വാഴുന്നിടം വിഷ്ണുലോകമായത്.
അപദാനങ്ങളുടെ വാഴ്ത്തുപാട്ടുകൾ
ഇതിഹാസങ്ങളും ഐതിഹ്യങ്ങളുമായത്.
വിജിഗീഷുമാരുടെ തേർതട്ടുകളും
യാഗാശ്വങ്ങളുടെ കുതിപ്പും കിതപ്പും
പിന്നേയും എത്രയോ കഴിഞ്ഞാണ്
ചരിത്രത്തിന്റെ ചിതൽ പുറ്റുകളായത്.
മുമ്പ്,
ലോകത്തിനെത്ര
വലുപ്പമായിരുന്നു.
മിന്നാമിനുങ്ങുകൾ
വെളിച്ചം കാണിച്ച വഴികളിൽ
വേലികളും കഴലുകളുമില്ലാത്ത,
അതിരുകളും അടയാളങ്ങളുമില്ലാത്ത
നാട്ടു പൂഴിപ്പരപ്പുകളിൽ
വിപ്ലവപ്പടപ്പാട്ടുകൾക്കൊപ്പം
ഓതിരം കടകം മറിയുന്നതിനിടക്ക്
നവോത്ഥാനത്തിന്റെ കലപ്പയുരുണ്ടു.
ഉഴവുചാലുകൾ വിപ്ലവങ്ങൾ ഗർഭം ധരിച്ചു.
ഊഷരമായ മണ്ണിന്റെ നിംമ്ന്നോതങ്ങൾ
വിമോചനത്തിന്റെ നൃത്തം ചവിട്ടി.
നൃത്തത്തിന്റെ പാരമ്യതയിൽ
ക്ഷുഭിത യൗവ്വനം
അസ്തിത്വ ദുഃഖങ്ങളുടെ
ചൂടിൽ വെന്തു പാകമായി.
ഇന്ന്, ഭൂമി
ചുരുങ്ങിച്ചുരുങ്ങി
സ്വാർത്ഥങ്ങളുടെ കൈക്കുമ്പിളിൽ
കടുകുമണിയോളമായി.
ആത്മരതിയുടെ അനന്ത സാധ്യതകൾ
അഹന്തതയുടെ സിംഹാസനങ്ങളിലേക്ക്
സത്യാനന്തര പരിപ്രേക്ഷ്യങ്ങളിലൂടെ
പുതിയ വചനപുസ്തകങ്ങൾ മറിച്ചുവെച്ച്
ദാർശനികമായി കൊണ്ടാടപ്പെടുകയായി.

By ivayana

Leave a Reply

Your email address will not be published. Required fields are marked *