രചന : അൻവർ ഷാ ഉമയനല്ലൂർ✍
ഇരുൾനീക്കി പൊരുളിൻ വെളിച്ചമായ് നിറയുവാൻ
കരളിൽനാം നന്മാർദ്ര തിരിതെളിക്കുംവിധം
തുലാമാസമാവാസി നാളിൽ നാം നന്മതൻ
ദീപോത്സവം നുകരുന്നു ഹൃദയങ്ങളിൽ.
അന്ധകാരത്തിൽനിന്നുള്ള വിമോചനം;
ബന്ധുര ചിന്താചെരാതായ് തെളിച്ചു നാം,
തിന്മയ്ക്കുമേൽ നന്മ വിജയിച്ച സുദിനത്തെ-
യോർത്തു വന്ദിക്കുന്നു, നന്മാർദ്രമാക്കുന്നു.
സ്മരണാമരന്ദമായ് നിറയുന്ന ചിന്തകൾ
ഉണരട്ടെയോരോ മനസ്സുകൾക്കുള്ളിലും
മധുരാർദ്രമാകട്ടെയോരോ സുഹൃത്തിലും
മഹിതാശയങ്ങൾ തുളുമ്പട്ടെ; ഹൃത്തിലും.
മഹാലക്ഷ്മിതന്നവതാര ദിനമാകയും
നരകാസുരനെ വധിച്ചുദയമേകിയും
മഹനീയ ചിന്തയേകുന്നില്ലെ ഭാരതം;
ഭഗവത്പാദങ്ങളോർക്കുന്നില്ലെ, സാദരം.
പ്രകാശപൂരിതമാകട്ടെ പാരിടം
ധനലക്ഷ്മിയായിത്തിളങ്ങട്ടെ; സാദരം
പങ്കുവയ്ക്കാം മധുരഹൃദയബന്ധങ്ങളും
തിങ്കൾസ്മിതംപോൽതെളിയ്ക്ക ദീപങ്ങളും.
ഒരു തിരിയിൽനിന്നനേക നാളങ്ങളായ്
തെളിയുന്നു; ജ്‌ഞാനംകണക്കെത്തിളങ്ങുന്നു
അണയാതിരിക്കട്ടെയറിവിൻ പ്രകാശവും;
കരുണാമയന്റെ യാ, മഹനീയ രൂപവും.
പ്രകാശം പരത്തുന്നയോരോ മനസ്സിലും
പ്രഭാതം വിടർത്തുന്നുണർവ്വിൻ മഹാസ്മിതം
പ്രദോഷമായീടിലുമേകുന്നുടയവൻ
താരാഗണങ്ങളായലിവിൻ സമസ്മിതം.
തമോമയമായതെല്ലാമേ നശിപ്പിക്കും
തേജോമയമായ ഹൃദയപ്രകാശവും
സദയം തെളിച്ചുണർത്തീടാം മഹാസ്മിതം;
തമസ്സകറ്റീടുക;
ആശംസാ-ശുഭസ്മിതം. 💖
