രചന : സതി സുധാകരൻ പൊന്നുരുന്നി .✍
കണ്ണനെ കണ്ടുവോ കണ്ണനെകണ്ടുവോ
കണ്ണനാം ഉണ്ണിയെ കണ്ടോ നിങ്ങൾ
കോലക്കുഴൽവിളി നാദമായെന്നുണ്ണി
കൂട്ടുകാരൊന്നിച്ചു പോയതാണേ
തെരുവോരം തോറും അലഞ്ഞു നടന്നുഞാൻ
എന്നുണ്ണിക്കണ്ണനെ കാണുവാനായ്
കണ്ണനെ കാണാതെ ഉള്ളം പിടഞ്ഞു പോയ്
കൈകാൽ തളർന്നു ഞാൻ വീണു പോയി.
സ്വപ്നങ്ങൾ കണ്ടു കിടന്നൊരു നേരത്ത്
കണ്ണനാം ഉണ്ണിയെന്നരികിലെത്തി
പൊന്നിൻ ചിലമ്പിട്ട് തുള്ളിക്കളിച്ചെന്റെ
ചാരത്തു വന്നവൻ നിന്നുമെല്ലെ
വാരിയെടുത്തെന്റെ കണ്ണനാം ഉണ്ണിയെ
എൻ മടിത്തട്ടിലിരുത്തി ഞാനും
കണ്ണനെ കാണാതെ കൂട്ടുകാരെല്ലാരും
ഓടിക്കിതച്ചുവരുന്ന നേരം,
നീലനയനങ്ങൾ മെല്ലെ വിടർത്തിഎൻ,
കാതിൽ സ്വകാര്യo പറഞ്ഞവനും
വെണ്ണ കട്ടുണ്ണുവാൻ പോകില്ല ഞാനമ്മെ
കൂട്ടുകാരൊത്തു കളിച്ചിടേണം.
കാളിയൻ വാഴുന്ന കാളിന്ദിയാറ്റിൽ
കാളിയനോടൊത്തു നൃത്തമാടും
കണ്ണു തുറന്നപ്പോൾ മടിയിലിരുന്നൊരു
നീലക്കാർ വർണ്ണനെ കണ്ടതില്ല
കണ്ണനെ കാണാതെൻനെഞ്ചകം നീറി
ഒരുനോക്കുകാണുവാൻ കാത്തിരുന്നു.
സ്വപ്നത്തിലെങ്കിലും ഓടിവന്നെന്നുണ്ണി
എൻ മടിത്തിട്ടിലിരിക്കാൻ കൊതിച്ചു പോയി.

