രചന : ജയശങ്കരൻ. ഒ.ടി ✍
ആദ്യമവർ പുഞ്ചിരി പ്പൈംപാൽ ചുരത്തും
നാടുകൾ നഗരങ്ങൾ നിറ വിരുന്നാക്കും
പൂവുകൾ പോലെ പൊൻ നാണ്യങ്ങൾ വിതറും
ഭാവിയുടെ സ്വപ്ന സൗധങ്ങളിലുറക്കും
പിന്നെയവർ നിങ്ങളുടെ പേരുകൾ കുറിക്കും
വാക്കിൻ്റെ ഭാഷയുടെ രേഖകൾ പകർത്തും
വേഷങ്ങൾ രൂപങ്ങൾ ചില്ലുകളിലാക്കും
നാടിൻ്റെ വിശ്വാസധാരകൾ അളക്കും
പിന്നെയവർ പാട്ടിൻ്റെ ഈരടികൾ മാറ്റും
പഠന ഗ്രന്ഥങ്ങളിൽ പുതു ലിപികളെത്തും
ചുവടുകൾ മാറ്റുന്ന ചതുര ഭാവത്താൽ
കലകളിൽ പുതിയ ലയ
ന്യാസങ്ങൾ തീർക്കും
മെല്ലെയവർ പാoങ്ങൾ പുതിയവ ചമക്കും
പഴയ കാവ്യങ്ങളിൽ ചിതലുകളുറങ്ങും
പുതു വീര ചരിതങ്ങൾ കവിതകളിൽ നിറയും
കവികൾ പുരസ്കാരലബ്ധിയിൽ മയങ്ങും
നാടിൻ ചരിത്രങ്ങൾ മാറ്റിക്കുറിക്കും
നാട്ടു ദൈവങ്ങൾ തൻ കോലം പുതുക്കും
നീതികൾ സദാചാരനിയമങ്ങൾ മാറും
കാലടികൾ വെക്കുമ്പോൾ മൺതരികൾ മറയും
ഒരു രാവിലവർ വന്നു പാളികളിൽ മുട്ടും
വിധിയുടെ വിചാരണത്തടവറ തുറക്കും
തെളിവു ചോദിക്കുമ്പോൾ ഇടവിടാതേ പിൻ
തുടരുന്ന നിങ്ങളുടെ നിഴൽ സാക്ഷി പറയും
