രചന : അജിത്ത് റാന്നി ✍️
ഞാൻ നട്ടു നന്നായ് നനച്ചു വളർത്തിയ
പൂച്ചെടിയെങ്ങനെ കൊടുത്തൂവയായി
സാമീപ്യം കൊണ്ടു ചൊറിയുന്നു നീറുന്നു
പരിപാലനത്തിൻ പിഴവു തന്നോ.
കാറ്റും മഴയും ഏൽക്കാതെ ജീവിത
പ്പാതി വരേയും തണലേകിയിട്ടും
ദ്രോഹമായ് ആ പത്രം മാറിയതെങ്ങനെ
ബാഹ്യപ്രേരണാ മിടുക്കിനാലോ.
ഉദ്യാനവാടിയിലൊറ്റച്ചെടിയ്ക്കായ്
കള പറിച്ചവിരാമം വളമേകി ഞാൻ
എൻ കർമ്മമെല്ലാം അഭംഗുരം ചെയ്തിട്ടും
എങ്ങിനെ നീ കൊടിത്തൂവയായി.
ഞാൻ നട്ടതല്ലേ നൽ ഉന്നതി പൂകുമെ-
ന്നാശ വളർത്തിയിരുന്നു ഞാനും
കൊമ്പുകളൊക്കെ ബലിഷ്ഠമായ് തീരവേ
നിൻ ഭാവമെങ്ങനെ മാറി വന്നു.
ശാപവചസ്സുകളുരുവിട്ടു നിന്നുടെ
വേരുകരിക്കാൻ തുനിയുന്നില്ല
ഞാൻ നട്ടതല്ലേ പാഴ്ജന്മമായിയീ
ഉദ്യാനത്തിൽ തന്നെ പാർത്തുകൊള്ളൂ.