രചന : ജോസഫ് മഞപ്ര ✍
പടിഞ്ഞാറൻ കാറ്റിൽ അയാളുടെ നീണ്ടുവളർന്ന മുടിയിലും,താടിയിലും,കഥകൾ ഉറങ്ങുന്ന കണ്ണുകളിലും ബീഡി കറയാല്‍ കറുത്ത തുടങ്ങിയ അയാളുടെ ചുണ്ടുകളിലേക്കും നോക്കി അവൾ ചോദിച്ചു
ഈ ബീഡി വലി ഒന്നു നിർത്തിക്കൂടെ
അയാൾ ഒന്നു പുഞ്ചിരിച്ചു സ്റ്റേജിൽ നിന്ന് സ്റ്റേജിലേക്കുള്ള യാത്രകളിൽ,
അല്ലെങ്കിൽ ഒരു സൃഷ്ടിയുടെ പിറവിയുടെ വേദനയിൽ പുകഞ്ഞുതീരുന്ന ബീഡികെട്ടുകൾ. അതിന്റെ ലഹരി അത് ആരോട് പറയാൻ.
ഒരു സൃഷ്ടി പൂർണമാകുമ്പോഴേക്കും
രണ്ടു മൂന്നു കെട്ടുകൾ പുകഞ്ഞ് തീർന്നിട്ടുണ്ടാകും.
പിന്നെ അത് എങ്ങനെ നിർത്താൻ.എങ്കിലും അയാൾ അവളോട് പറഞ്ഞു.
*ശ്രമിക്കാം എന്റെ പെണ്ണേ *
ദൂരെ കടലിൽ സൂര്യൻ മുങ്ങിത്താണു.
പകലിനുമേൽ ഇരുട്ടിന്റെ കരിമ്പടം വീണുതുടങ്ങി.
കൂടെ നല്ല മഴക്കോളും,
നമുക്ക് പോകാം
അയാൾ പറഞ്ഞു
ഉപ്പു കാറ്റിൽ അയാളുടെ വരണ്ട ചുണ്ടുകൾ ഒരു ബീഡിക്ക് വേണ്ടി മോഹിച്ചു.
അവളുടെ വാക്കുകൾ ഓർത്ത് അയാൾ ആ മോഹം അടക്കി പിടിച്ചു
മണലിൽ പുതഞ്ഞു പോകുന്ന കാലുകൾ ആയാസപ്പെട്ട് വലിച്ചു വച്ച് അവർ റോഡിലേക്ക് നടന്നു ഇരുട്ടിന് കട്ടികൂടി.
ആകാശത്ത് കാർമേഘം ഉരുണ്ടുകൂടി.
മഴപെയ്തു തുടങ്ങി.
കടലിനു മീതെ വർഷം ശക്തിയായി പെയ്തിറങ്ങി
അവർ റോഡിലേക്ക് ഓടിക്കയറി.
ശക്തമായ ഒരു മിന്നലിനോടൊപ്പം അതിശക്തമായ ഇടിവെട്ടി.
അതിന്റെ ആഘാതത്തിൽ അവളുടെ കൈ അയാളുടെ കയ്യിൽ നിന്ന് വേർപെട്ടു പോയി.
അയാൾ അവളെ വിളിച്ചു.
വീണ്ടും വീണ്ടും.
പക്ഷേ!!
ആ കടൽക്കരയിൽ അയാളുടെ ശബ്ദത്തിന്റെ പ്രതിധനി മാത്രം.
പെട്ടെന്ന് അയാൾ ഞെട്ടി ഉണർന്നു മുറിയിലെ ലൈറ്റ് ഇട്ടു .
ആകെ വിയർത്തിയിരിക്കുന്നു മേശപ്പുറത്തിരുന്നജഗ്ഗിൽ നിന്ന് വെള്ളം എടുത്തു കുടിച്ചു.
ജനാലയിൽ കൂടി അയാൾ പുറത്തേക്ക് നോക്കി.
പുറത്ത് നല്ല നിലാവ്.
ജനാലയിൽ കൂടി കടന്നുവന്ന ഉപ്പ് രസമുള്ള തണുത്ത കാറ്റ്.
മേശപ്പുറത്ത് ഇരുന്ന ലെറ്റർ പാഡിൽ അയാൾ കുറിച്ചുവെച്ചു *സ്വപ്നം *
ചെറുകഥ
അയാൾ സാവധാനം തന്റെ ചാരുകസേരയിലേക്ക് ചാഞ്ഞു.
താൻ കണ്ട സ്വപ്നത്തിന്റെ ബാക്കി കാണാം എന്നുള്ള പ്രതീക്ഷയോടെ