അച്ഛനമ്മമാരുടെ കിടപ്പുമുറി വാതിൽക്കൽ അവൻ ദൃഢതയോടെ മുട്ടി. മകൻ ഉറങ്ങിയെന്ന് ഉറപ്പുവരുത്തി ലൈംഗിക ബന്ധത്തിലേർപ്പെടാൻ തയ്യാറെടുപ്പ് നടത്തുകയായിരുന്നു അവർ.
മാസങ്ങൾക്കു ശേഷമുള്ള ഉദ്യമമായിരുന്നു അത്.

അവരുടെ ഡോക്ടർ നിർദ്ദേശിച്ചതുപോലെ മാനസികാന്തരീക്ഷമൊരുക്കാനായും ശരീരത്തെ സജ്ജമാക്കാനും പകൽനേരം അവൾ കറിക്കരിയുമ്പോൾ അയാൾ പിറകിൽ നിന്ന് കെട്ടിപ്പിടിച്ച് പിൻകഴുത്തിൽ ഉമ്മ വെച്ചിരുന്നു.കറിക്കത്തി കൊണ്ട് അവളുടെ വിരലുകൾ പോറിപ്പോയി. അവൾക്കയാളുടെ വെകിളിപിടിച്ച നീക്കം സർക്കാസംപോലെ അനുഭവപ്പെട്ടു. “നീ അടിമുടി ഒരു ദോഷൈകദൃക്കാണ് ” എന്ന് വർഷങ്ങൾക്കു മുമ്പ് അയാളോട് പറഞ്ഞപ്പോൾ ആരും ദോഷൈകദൃക്കുകളായി ജനിക്കുന്നില്ല, സംവിധാനം അങ്ങനെയാക്കുകയാണ് എന്ന് ചുണ്ടുകോട്ടി പുച്ഛിച്ച് സ്വിമ്മിങ്ങ് പൂളിലേക്ക് കൂപ്പുകുത്തി വായിലെ വെള്ളം ആകാശത്തിലേക്ക് അയാൾ പൂക്കുറ്റി ചീറ്റിച്ചത് അവൾക്ക് ഓർമ്മ വന്നു. ഡോക്ടർ നിർദ്ദേശിച്ച ആംബിയൻസ് ഒരുക്കൽ മന:ശാസ്ത്രം പിന്തുടർന്ന് അവൾ അയാൾ തേങ്ങ ചിരകുമ്പോൾ അയാളുടെ മുതുകിൽ ഉമ്മ വെച്ചിരുന്നു. സംവിധായകൻ്റെ നിർദ്ദേശം പിന്തുടർന്ന നടിയുടെ പ്രൊഫഷണലിസം അവളുടെ ചുംബനത്തിലുണ്ടായിരുന്നെങ്കിലും അത് തണുത്തു മരവിച്ചതായിരുന്നു. മാത്രമല്ല ബോധപൂർവ്വമല്ലെങ്കിലും അയാളുടെ നട്ടെല്ലിൽ ബൾജിങ്ങുള്ള ഭാഗത്തായിരുന്നു അവളുടെ ചുണ്ടുകൾ പതിഞ്ഞത്. തൻ്റെ കായികമായ അവശതയെക്കുറിച്ച് ഓർമ്മിപ്പിക്കുന്ന ചിഹ്നം പോലെ അയാൾക്കനുഭവപ്പെട്ടു. ഐസ് പാക്ക് വെക്കേണ്ടതുണ്ട് എന്ന് അവളുടെ ചുണ്ടുകളുടെ തണുപ്പ് പറയുന്നതുപോലെ.
അസമയത്തെ മകൻ്റെ വാതിൽക്കൽമുട്ട് അവരെ സംഭ്രമിപ്പിച്ചെങ്കിലും അത് ആശ്വാസകരംകൂടിയായിരുന്നു. ഡോക്ടറുടെ തിരക്കഥ പാളും എന്ന് ഇരുവർക്കും എതാണ്ട് തീർച്ചയായിരുന്നു. പരസ്പരം ചുംബിക്കുമ്പോൾ കണ്ണുകളിലേക്ക് നോക്കുക അസഹനീയമാകുന്ന ഒരു ഘട്ടമുണ്ടായി വരുമ്പോൾ ബന്ധം അവസാനിപ്പിക്കണമെന്ന് ഒരു കൂട്ടുകാരി പറഞ്ഞത് അവൾക്ക് ഓർമയിൽ വന്ന നേരമായിരുന്നു മകൻ്റെ വാതിൽക്കൽ മുട്ട്.

കൃത്യസമയത്ത് അഗ്നിശമന വാഹനം എത്തിച്ചേർന്ന ആശ്വാസം പോലൊന്ന് ഇരുവർക്കുമുണ്ടായി. അവൾ വാതിൽ മലർക്കെത്തുറന്നു. അന്നേരം തൻ്റെ ആത്മാവ് അവശനായ ഒരു വവ്വാലിനെപ്പോലെ ആകാശത്തിലേക്ക് ചിറകടിച്ച് പറന്ന തോന്നൽ അവൾക്കുണ്ടായി.
അവരുടെ അഞ്ചു വയസ്സുകാരൻ മകൻ രാകേഷ് വൈകാരികമായ സംയമനം ഉറപ്പുവരുത്തിയ ശേഷം ഇരുവരോടുമായി പറഞ്ഞു :
“അപ്പു മരിച്ചു. “
ആ വാക്യം സർവ്വവും വിശദീകരിക്കുന്നുണ്ടെന്ന പോലെ അവൻ ഇരുവരെയും നോക്കി. അപ്പു അവൻ്റെ ടെഡി ബിയർ ആയിരുന്നു.
നീ എന്തസംബന്ധമാണ് പറയുന്നത് മോനെ എന്നവർക്ക് ചോദിക്കാൻ കഴിയാത്തവിധം സ്വാഭാവികവും അച്ഛനമ്മമാരെക്കൂടി ആ മരണ ഇവൻ്റിൽ പങ്കെടുപ്പിക്കുന്നതുപോലെയുമാണവനത് മന്ത്രിച്ചത്.

“നമുക്കെല്ലാവർക്കും തിരക്കായിരുന്നു. അപ്പുവിൻ്റെ കാര്യത്തിൽ ഒട്ടും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. നമ്മുടെ കുഴപ്പമല്ല. ഒന്നും ആരുടെയും കുഴപ്പമല്ല. “
അച്ഛനമ്മമാരെ കുറ്റബോധത്തിലാഴ്ത്തുംവിധം വിചാരണാ സ്വഭാവത്തോടെയായിരുന്നില്ല അവനത് പറഞ്ഞത്. മാതാപിതാക്കൾ പരസ്പരം നോക്കി ആ സന്ദർഭത്തിൽ എങ്ങനെയിടപെടുമെന്നതിനെക്കുറിച്ച് അവർക്കൊരു ധാരണയുമുണ്ടായിരുന്നില്ല. രാത്രി പന്ത്രണ്ട് മണിക്ക് അപ്പു എന്ന ടെഡി ബിയറിൻ്റെ മരണവാർത്ത മകനിൽ നിന്ന് കേൾക്കുന്നതിനെ സംബന്ധിച്ച വിദൂരവിദൂരമതിഭ്രമങ്ങൾ പോലും അവർക്കുണ്ടായിരുന്നില്ലല്ലോ.
” പകച്ചു നിൽക്കാൻ സമയമില്ല. മൃതദേഹം അടക്കം ചെയ്യണം.”
രാകേഷ് അതു പറഞ്ഞപ്പോൾ അച്ഛൻ പരിഭ്രമത്തോടെ ചോദിച്ചു :
” ഈ രാത്രിയിലോ? രാവിലെ പോരേ? “
“കുറച്ചു കഴിഞ്ഞാൽ ബോഡി അഴുകിത്തുടങ്ങും. കരടികളുടെ ഡെഡ് ബോഡിയുടെ ദുർഗന്ധത്തെക്കുറിച്ച് അച്ഛനറിയില്ല. അച്ഛന് ഒന്നും അറിയില്ല. ഫ്ലാറ്റിൽ ആളുകൾ വീർപ്പുമുട്ടും. കുറച്ച് നാളുകളായി മൃതദേഹം അഴുകുന്നതിൻ്റെ കെട്ട മണം നമ്മുടെ ഫ്ലാറ്റിലുണ്ട്.

അതാതു സമയത്ത് ചെയ്യേണ്ടത് നീട്ടിവെക്കരുത്. നമുക്ക് അപ്പുവിനെ ബീച്ചിൽ അടക്കം ചെയ്യാം. അവന് കടൽ വലിയ ഇഷ്ടമാണല്ലോ.”
കാർ ബീച്ചിലേക്കു പുറപ്പെട്ടു. രാകേഷിൻ്റെ മടിയിൽ വെളുത്ത തുണികൊണ്ട് പുതപ്പിച്ച അപ്പു ശയിച്ചിരുന്നു. ആരും ഒന്നും മിണ്ടിയില്ല.അപ്പുവെന്ന ടെഡി ബിയറിൻ്റെ മൃതദേഹം ബീച്ചിൽ അടക്കം ചെയ്യാനായി കൊണ്ടുപോകുന്ന കുടുംബത്തിൻ്റെ കഥ അവരാരും വായിച്ച കെട്ടുകഥകളിൽ ഉണ്ടായിരുന്നില്ല.

ബീച്ച് നിലാവിൽ കുളിച്ചു കിടന്നു. ചന്ദ്രിക കടലിൽ ധൂർത്തമായി ഒഴുകിപ്പരന്നു ഓളങ്ങളിൽ ഫ്ലാഷുകൾ ഉണ്ടാക്കി. അച്ഛനമ്മമാർ പിറകിലും രാകേഷ് മുമ്പിലുമായി നടന്നു. പെട്രോളിങ്ങിനു വന്ന പോലീസ് ജീപ്പിൽ നിന്നും നാല് പോലീസുകാർ മണലിലൂടെ സ്ലോമോഷനിൽ തുഴഞ്ഞ് ഓടി വന്നു. രാകേഷിൻ്റെ കയ്യിൽ ഒരു കുഞ്ഞിൻ്റെ മൃതദേഹമാണെന്ന് അവർ സ്വാഭാവികമായും സംശയിച്ചിരുന്നു. അവൻ നിലാവെട്ടത്തിൽ അപ്പു എന്ന ടെഡി ബിയറിനെ കാണിച്ചു പറഞ്ഞു :
“അപ്പു മരിച്ചു പോയി. അടക്കം ചെയ്യാൻ കൊണ്ടുവന്നതാണ്. “
പോലീസുകാർ അന്തം വിട്ടു പരസ്പരം നോക്കി. പൊടുന്നനെ അവർ യാഥാർത്ഥ്യബോധത്തിലെത്തി. സബ് ഇൻസ്പെക്ടർ ഒച്ച താഴ്ത്തിപ്പറഞ്ഞു:
” നിങ്ങളുടെ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു “
ഒരു തെരുവു പട്ടി രാകേഷിൻ്റെ കാൽചുവട്ടിൽ അവനെ ഉറ്റുനോക്കി നിന്നു. നിശാചന്ദ്രിക, പട്ടിയും മനുഷ്യരും മരിച്ചു പോയ ടെഡി ബിയറും കടലും തീരവുമെല്ലാമുള്ള ഒരു മായിക വീഡിയോ പകർത്തിക്കൊണ്ടിരുന്നു.
രാകേഷിൻ്റെ അമ്മ മുട്ടുകുത്തിയിരുന്നു കൈകൾ കൊണ്ട് കുഴിക്കാനാരംഭിച്ചപ്പോൾ ഒരു പോലീസുകാരൻ വിലക്കി. അയാൾ ഒരു മരക്കഷണം കണ്ടെത്തി മനോഹരമായ ഒരു കുഴിയെടുത്തു.

സബ് ഇൻസ്പെക്ടർ പറഞ്ഞു :
” നന്നായി. കിടക്കുന്നയാൾക്ക് ഒന്നു തിരിഞ്ഞു മറിയാനോ ദീർഘ നിശ്വാസമെടുക്കാനോ സാധാരണ കുഴിമാടങ്ങളിൽ ഇടം ഉണ്ടാവാറില്ല. “
രാകേഷ് അപ്പുവിനെ കുഴിയിൽ വെച്ചു. തൻ്റെ പോക്കറ്റിൽ നിന്നും അപ്പുവിൻ്റെ കളിപ്പാട്ടങ്ങളെടുത്ത് അത് അവൻ്റെ നെഞ്ചിൽ വെച്ചു. പട്ടിയുടെ കണ്ണുകളിൽ ചന്ദ്രികയുടെ മദം ഓളം വെട്ടി. ദൂരെയേതോ ഭാരവാഹനം വികാരങ്ങൾ അമർത്തി മുരണ്ടു കൊണ്ട് കടന്നു പോയി. പൊടുന്ന പോലീസുകാരിലൊരാൾ വിതുമ്പിക്കരഞ്ഞു തുടങ്ങി. അയാളുടെ കണ്ണിൽ നിന്നും ധാരധാരയായി നിലാവൊഴുകി. തൻ്റെ കുഞ്ഞിനെ അടക്കം ചെയ്ത ഓർമ്മ അയാളിൽ ഉണർന്നതാണോ? ആവണമെന്നില്ല. അപ്പു എന്ന ടെഡി ബിയറിനെ രാകേഷെന്ന അപരിചിതനായ അഞ്ചുവയസ്സുകാരൻ കുഴിയിൽ വെക്കുന്നത് കരയാൻമാത്രമുള്ള കാരണമാണ്.

മറ്റൊരു പോലീസുകാരൻ്റെ ഫോണിൽ റിങ്ങ് ടോൺ മുഴങ്ങി. കിളിയേ കിളിയേ എന്ന പാട്ട്. അയാൾ സന്ദർഭത്തിൻ്റെ വികാരം ഉൾക്കൊണ്ട് ഔചിത്യബോധത്തോടെ കട്ട് ചെയ്യാൻ ഒരുങ്ങിയെങ്കിലും എസ് ഐ ചുമലിൽ തട്ടി വിലക്കി. ഉയരങ്ങളിലൂടെ പല നാടുകൾ തോറും എന്ന ഭാഗമെത്തിയപ്പോൾ സാഹചര്യത്തിന് കൃത്യമായ പശ്ചാത്തല സംഗീതമുണ്ടായിവന്ന സന്തോഷത്തിൽ സബ് ഇൻസ്പെക്ടർ സ്വയം അഭിനന്ദിച്ചു. രാകേഷ്, അപ്പുവിൻ്റെ കണ്ണുകൾക്കുമീതെ വെളുത്ത തൂവാല വിരിച്ചു. അനന്തരം മണ്ണു കോരിയിട്ടു. മണ്ണ് മൂടിക്കഴിഞ്ഞപ്പോൾ അവൻ എഴുന്നേറ്റ് അമ്മയോട് പറഞ്ഞു.
“ഞാൻ കുട്ടിക്കാലത്തായിരിക്കുമ്പോൾ അമ്മ പറഞ്ഞു തന്ന റഷ്യൻ കഥയിൽ പരേതയുടെ കണ്ണുകൾക്കു മീതെ തൂവാല വിരിച്ചതായി പറയുന്നുണ്ട്. ഞാൻ തൂവാല വിരിച്ചപ്പോൾ അതോർമ്മ വന്നു. ആ കഥ അനുകരിക്കുന്നതുപോലെ എനിക്ക് ലജ്ജ തോന്നി”
-ഞാൻ കുട്ടിക്കാലത്തായിരിക്കുമ്പോൾ – എന്ന് കുട്ടിക്കാലത്തെ അതിവിദൂരഭൂതകാലമെന്നതുപോലെ ആഖ്യാനം ചെയ്ത രാകേഷിനെ പോലീസുകാർ വിചിത്ര ജീവിയെ എന്ന പോലെ നോക്കി.

മടങ്ങുമ്പോൾ കാറിൽ ആരും ഒന്നും മിണ്ടിയില്ല വീട്ടിലെത്തി തൻ്റെ കണ്ണട അഴിച്ചു വെച്ച് രാകേഷ് അച്ഛനമ്മമാരോടായി പറഞ്ഞു :
“നേരെമേറെ വൈകി. നമുക്കെല്ലാം നാളെ രാവിലെ നേരത്തെ അവരവരുടെ വഴിക്ക് പുറപ്പെടേണ്ടതാണ്. “
മൂവരും അവരവരുടെ കിടപ്പുമുറികളിലേക്ക് പോയി.

By ivayana

Leave a Reply

Your email address will not be published. Required fields are marked *