രചന : ഉണ്ണി കെ ടി ✍
നിന്റെ തെറ്റുകൾക്ക് നീയറിയാത്തൊരാൾ ശിക്ഷിക്കപ്പെട്ടു എന്നറിഞ്ഞിട്ടും നിന്നിലെ കൂസലില്ലായ്മയുണ്ടല്ലോ, ഹൃദയശൂന്യത…, വേണ്ട ഞാനൊന്നും പറയുന്നില്ല…..
എനിക്ക് മൊഴിമുട്ടി…
തേട്…തേടി കണ്ടെത്തെടാ, എന്നിട്ട് ആ കാലുപിടിച്ച് മാപ്പു പറ….
അരുൺ… നേർത്ത ഒച്ചയിൽ ഞാനവനെ വിളിച്ചു….
സത്യത്തിൽ അവനെവിടെയാണിപ്പോൾ എന്നെനിക്കും അറിയില്ല. നിയാണ് പാപം ചെയ്തത്. പരിഹാരവും നീ തന്നെ കണ്ടെത്തണം.
കൂടുതലൊന്നും പറയാതെ, ഇങ്ങനെ ഒരു താക്കീത് അവനെന്നിലേക്കിട്ട് ഇറങ്ങിപ്പോയനിമിഷംതൊട്ട് ഞാൻ ആ അജ്ഞാതനായ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയെത്തേടുകയാണ്.
എന്തായിരുന്നു ഇത്ര വലിയ പാതകം…? അയാൾ ജിജ്ഞാസയോടെ തിരക്കി
ഞാനൊരുനിമിഷം നിശ്ശബ്ദനായി.
ബുദ്ധിമുട്ടുള്ളതാണെങ്കിൽ പറയേണ്ട…സാരമില്ല, മറക്കാൻ ശ്രമിക്കുന്നതാവും ഞാൻ ഓർമ്മിപ്പിച്ചത്. ക്ഷമിക്കൂ…
ഒരിക്കലും മറക്കാനോ ഒളിച്ചോടാനോ കഴിയാത്തത്ര വലിയ തെറ്റ് ചെയ്തവനാണ് ഞാൻ. അവനെന്നെ കുറ്റപ്പെടുത്തുംമുമ്പ് എനിക്ക് അല്പംപോലും കുറ്റബോധം തോന്നിയിട്ടില്ല!
പക്ഷേ, അവൻ എന്നെ തള്ളിപ്പറഞ്ഞ ആ നിമിഷംഎനിക്കെന്റെ തെറ്റ് ബോദ്ധ്യമായി…
എന്നെക്കാൾ നാലുവയസ്സ് കൂടുതലാണ് അയല്വീട്ടിലെ സുനിതേച്ചിക്ക്….
എത്ര വലിയ പാപിയാണ് ഞാൻ സുഹൃത്തേ…, ഒരിക്കലും അങ്ങനെയൊരധമകൃത്യം സംഭവിക്കരുതായിരുന്നു. അവരുടെ അമ്മ മരിച്ചിട്ട് മൂന്നാംനാൾ…
കൂട്ടുകാരൊത്തുള്ള ലഹരി ഉപയോഗം എന്നെ സത്യത്തിൽ ഒരു വികാരവുമില്ലാത്ത ബന്ധങ്ങളുടെ വിലയറിയാത്ത മൃഗമാക്കിയിരുന്നു.
പണം! അത് മാത്രമായിരുന്നു എനിക്കുവേണ്ടിയിരുന്നത്.
ഭർത്താവുമരിച്ച, മക്കളില്ലാത്ത സുനിതേച്ചിയുടെ ആശയും ആശ്രയവും അവരുടെ വൃദ്ധമാതാവായിരുന്നു.
ആളും അനക്കവും നിലച്ച ഒരുച്ചനേരത്ത് ലഹരിവാങ്ങാൻ പണത്തിന് വഴിയന്വേഷിച്ചപ്പോളാണ് മനസ്സിൽ ആ വീട് മിന്നിതെളിഞ്ഞത്.
ലഹരിയുടെ അഭാവം എന്നിൽ വന്യമായി ചുരമാന്തിക്കൊണ്ടേയിരുന്ന നേരം. നന്മതിന്മകളുടെ പിടിവലിയൊന്നും മനസ്സിനെ തീണ്ടിയില്ല!
വലിയൊരു പുരയിടത്തിൽ ഒറ്റപ്പെട്ടുനിൽക്കുന്ന വീടിന്റെ അയല്പക്കത്ത് എന്റെ വീടല്ലാതെ വിളിച്ചാൽ കേൾക്കാവുന്ന ദൂരത്തെങ്ങും ഒരു വീടുമില്ല.
ഒന്നു ശ്രമിച്ചുനോക്കാം…
ഞാനാവീട്ടിലേക്ക് സൂക്ഷ്മതയോടെ ഒച്ചയനക്കമുണ്ടാക്കാതെ കയറി. നാട്ടിന്പുറമല്ലേ, അന്യരാരും അതിക്രമിച്ചു കയറില്ലെന്ന വിശ്വാസത്തിൽ വാതിൽ ചാരിവച്ച് അടുക്കളയിൽ ഭക്ഷണം പാകംചെയ്യുകയായിരുന്നു അവർ.
പഴയ വീടിന്റെ ആളനക്കമില്ലാത്ത അകായിൽ ഇരുട്ട് പതുങ്ങിനിന്നു. ശബ്ദംകേൾപ്പിക്കാതെ ഞാനവരോടടുത്തു. കഴുത്തിൽക്കിടക്കുന്ന ചെയിനായിരുന്നു ഉന്നം. മങ്ങിയ വെളിച്ചത്തിലും അതിന്റെ തിളക്കം എന്നെ വല്ലാതെ പ്രലോഭിപ്പിച്ചു. എന്നിലെ മൃഗം കെട്ടഴിഞ്ഞു മുന്നോട്ട് കുതിക്കാൻ വെമ്പി…
പിറകിൽനിന്ന് പതുങ്ങിവരുന്ന അപകടത്തെ തിരിച്ചറിയാനോ ചെറുക്കാനോ കഴിയുംമുന്നേ കൈയിൽ തടഞ്ഞ വാൽക്കിണ്ടികൊണ്ട് ഞാനവരുടെ തലയുടെ പിറകുവശത്ത് ശക്തമായി പ്രഹരിച്ചു.
അവരൊന്നു ഞരങ്ങുകപോലും ചെയ്യാതെ ഊർന്നുവീണു. മരിച്ചോ, ജീവനുണ്ടോ എന്നൊന്നും നോക്കിയില്ല. കഴുത്തിലെ മാല ഊരിയെടുത്ത് അവിടുന്ന് കടക്കുംമുന്നേ പിടിക്കപ്പെടാതിരിക്കാൻ മുന്നിൽക്കണ്ട പാത്രത്തിലെ മുളകുപൊടി അവിടെ മുഴുവനും തൂകി.
പിറകിലെ പറമ്പിലൂടെയുള്ള വഴിയേ അതിർത്തിയിലെ കൈമതിൽചാടി ചുറ്റുംനോക്കി. ആരും എങ്ങുമില്ല. തൊട്ടുതാഴെ കൊയ്തൊഴിഞ്ഞ വയലുകളാണ്. ഇടവഴിയുടെ രണ്ടറ്റവും ശൂന്യം. പൊരിയുന്ന നട്ടുച്ചവെയിലിൽ മേയാൻവിട്ട നാൽക്കാലികൾപോലും തണൽതേടിപോയിരിക്കുന്നു.
സ്വന്തമായി സഹോദരങ്ങൾ ആരുമില്ലാതിരുന്ന സുനിതേച്ചിയുടെ ഭർത്താവിന് വല്യമ്മയുടെ മകൻ സഹോദരന്മാത്രമായിരുന്നില്ല, മറിച്ച് ആത്മാർത്ഥ സുഹൃത്തുകൂടിയായിരുന്നു!
ഏട്ടത്തിയമ്മയുടെ അമ്മയുടെ മരണസമയത്ത് ഒഫീഷ്യൽ ടൂറിൽ ആയിരുന്ന അയാൾ അവരെ സമാശ്വസിപ്പിക്കാൻ എത്തിയതായിരുന്നു.
പുറത്തുനിന്നും വിളിച്ച് വിളികേൾക്കാതെ വന്നപ്പോൾ അകത്തേയ്ക്ക് കയറി നോക്കിയതാണ്.
വീണുകിടക്കുന്ന സഹോദരഭാര്യയെ ആശുപത്രിയിൽ എത്തിച്ച് നിയമസഹായംതേടിയ അയാളെ നിയമപാലകർ കുറ്റവാളിയാക്കി. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പ്രതിയാക്കുന്ന അവരുടെ ചാതുര്യത്തിൽ ആ പാവം കൊടും കുറ്റവാളിയായി.
ബോധം തെളിഞ്ഞശേഷം സുനിതേച്ചിയുടെ സ്റ്റേറ്റ്മെന്റും അയാൾ അവരുടെ അമ്മയുടെ മരണ സമയത്ത് ഔട്ട് ഓഫ് സ്റ്റേഷൻ ആയിരുന്നതും അയാളെക്കുറിച്ച് ആർക്കും മോശം അഭിപ്രായമില്ലാതിരുന്നതുമെല്ലാം സാഹചര്യത്തെളിവുകളുടെ അഭാവവും അയാൾക്കാനുകൂലമായെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കി ജയിൽമുക്തനായി പുറത്തിറങ്ങാൻ മൂന്നുമാസമെടുത്തു. അതിന്നിടയിൽ മാനസികമായും ശാരീരികമായും അയാളേറെ പീഢകൾ ഏറ്റുവാങ്ങി!
ആകെ തകർന്ന അയാൾ ആരോടും പറയാതെ നാടുംവീടുമുപേക്ഷിച്ച് എങ്ങോട്ടോ പോയി. വൃദ്ധയായ അയാളുടെ അമ്മ മകനുവന്നുചേർന്ന ദുര്യോഗത്തിൽ മനംനൊന്ത് ഹൃദയാഘാതത്താൽ മരിച്ചത്പോലും അയാളറിഞ്ഞോ എന്തോ…?
കവർന്ന സ്വർണ്ണവുമായി ഞാൻ നാടുവിട്ടു. പിന്നീട് എഴുമാസത്തിനു ശേഷം നാട്ടിൽ തിരികെ വന്നപ്പോഴാണ് കഥയ്ക്ക് വന്ന ട്വിസ്റ്റ് ഞാനറിഞ്ഞത്. താൻ സുരക്ഷിതനാണല്ലോ എന്ന ആശ്വാസമാണ് തോന്നിയത്.
പക്ഷേ, അരുൺ…,അവനാദ്യംമുതലേ എന്നെ സംശയമുണ്ടായിരുന്നു.
കാരണം മുൻപ് എപ്പോഴോ സംസാരത്തിനിടക്ക് അമ്മയെയും മകളെയും അവരുടെ വീടിരിക്കുന്ന വിജനതയെയും അത് ഒരു കള്ളനോ അക്രമിയോ ഉപയോഗപ്പെടുത്താനുള്ള സാദ്ധ്യതയെക്കുറിച്ച് ഞാൻ അവനോട് സംസാരിച്ചിരുന്നു. അയല്പക്കത്ത് വിളികേൾക്കാവുന്നവദൂരത്ത് നീയും വീട്ടുകാരുമുണ്ടല്ലോ എന്നവൻ അതിന് മറുപടി പറഞ്ഞു.
എന്നും ദേശാടനവുമായി നടക്കുന്ന എന്റെ അസാന്നിദ്ധ്യം ആരും കാര്യമാക്കാതിരുന്നതാണ് എനിക്ക് രക്ഷയായത്.
മടങ്ങിവരവിനുശേഷം അവനും ഞാനും കണ്ടുമുട്ടിയപ്പോൾ മദ്യപിക്കാത്ത അവൻ മുൻകൈയെടുത്ത് മദ്യം വാങ്ങി. കുടിച്ച് സ്വബോധം നഷ്ടപ്പെട്ട ഞാൻ അവന്റെ ചോദ്യങ്ങൾക്ക് സത്യസന്ധമായി ഉത്തരം നൽകി. എന്റെ പാപത്തിന് ശിക്ഷയേറ്റുവാങ്ങിയവനെക്കുറിച്ച് പറഞ്ഞു ഞാനാർത്തു ചിരിച്ചുപോലും.
പിറ്റേന്ന് എന്റെ ലഹരിയെല്ലാം ഇറങ്ങിയ സമയത്ത് അവൻ വീണ്ടും വന്നു. തലേന്ന് ഞാൻ പറഞ്ഞതും ചിരിച്ചതും പറഞ്ഞു അവനെന്നോട് ദേഷ്യപ്പെട്ടു. ഞാനൊരു മനുഷ്യ മൃഗമാണെന്നും എന്നോട് ഇനിമേലിൽ കൂട്ടില്ലെന്നും പറഞ്ഞവൻ ഇറങ്ങിപ്പോയപ്പോളാണ് എന്റെ തെറ്റിന്റെ വ്യാപ്തി എന്നെ വേട്ടയാടിതുടങ്ങിയത്…!
അതെന്നിൽ വീണ്ടുവിചാരമുണ്ടാക്കി. അന്ന് തുടങ്ങിയ തേടലാണ്…
കൃത്യമായ ഭക്ഷണമോ ഉറക്കമോ ഇല്ലാത്ത അലച്ചിലിന്നിടയിൽ ഏതോ വാഹനം വന്നെന്നെ ഇടിച്ചിട്ടത് ഓർമ്മയുണ്ട്…
ഈ ആശുപത്രിയിൽ അബോധാവസ്ഥയിൽ ഞാനെത്ര നാൾ കിടന്നോ എന്തോ? ഒന്നും ഓർത്തെടുക്കാനാകുന്നില്ല,
എന്നാൽ ബോധം വന്ന നിമിഷംതൊട്ടു ഞാൻ ഇവിടെയുള്ള രോഗികളും കൂട്ടിരിപ്പുകാരും നഴ്‌സുമാരും പറഞ്ഞറിഞ്ഞ കഥയിലെ നന്മയാണ് നിങ്ങൾ!
ഹേയ്…, അങ്ങാനൊന്നുമില്ല, എന്നാൽ കഴിയുന്നത് എന്നും എല്ലാവരോടും ഞാൻ സ്നേഹപൂർവ്വം പങ്കുവയ്ക്കാൻ ശ്രമിക്കുന്നു. അവിടെ വ്യക്തികളില്ല, ഞാൻ ഉതകേണ്ട സാഹചര്യം മാത്രയുള്ളൂ!
എങ്കിലും ഈ കെട്ട കാലത്ത് സ്വന്തം സമയവും സമ്പത്തും ചെലവഴിച്ച് ആരുണ്ടാകും താങ്കളെപ്പോലെ….?!
ഉണ്ട് സുഹൃത്തേ, ധാരാളം പേരുണ്ട് നന്മയുള്ള ഈ ഭൂമിയിൽ, ഒന്നും മോഹിക്കാതെ, എന്തിന് സ്വന്തം പേരുപോലും പറയാതെ നമ്മെ ജീവിതത്തിലേക്ക് കൈപിടിച്ചുനടത്തി തിരോഭവിച്ചവർ….
അവർ പറയാതെ പറഞ്ഞുപോകുന്നത് ആവശ്യക്കാരനേക്കാണുമ്പോൾ മുഖംതിരിച്ച് നടക്കരുത് എന്നുമാത്രമായിരുന്നിരിക്കണം!
സഹായം സ്വീകരിച്ച് മറന്നുപോകുന്നവരുടെ ലോകത്ത്, താനനുഭവിച്ച നന്മ മറ്റുള്ളവർക്ക് പങ്കുവയ്ക്കുക, അങ്ങനെയും സംഭവിക്കുന്നുണ്ടാകാം, ഒരുപക്ഷേ അതുകൊണ്ടൊക്കെയായിരിക്കാം എത്രവലിയ ദുരന്തങ്ങൾക്കുശേഷവും ഈ ഭൂമിയും ജീവനും ബാക്കിയാകുന്നത്!
അവിശ്വസനീയതയോടെ ഞാനൊരു നെടുവീർപ്പിട്ടു.
കുറഞ്ഞൊരു നേരത്തേയ്ക്ക് ഞങ്ങൾ മൗനമവലംബിച്ചു.
ഞാനോർക്കുകയായിരുന്നു, ഈ പറഞ്ഞ രീതിയിൽ ഇദ്ദേഹം എന്നോട് കാണിച്ച അനുകമ്പയും സ്നേഹവും ഞാനാരോടെങ്കിലും കാണിച്ചിട്ടുണ്ടോ? ഇല്ല, ഇല്ലെന്ന് ജാള്യതയോടെ സമ്മതിക്കേണ്ടിവരുന്നു. നന്മയുടെ ലാഞ്ചനപോലും ആരോടും കാണിച്ചിട്ടില്ല, തന്ന കൈക്ക് തിരിഞ്ഞുകടിച്ചിട്ടുമുണ്ട്…!
എത്ര കേവലനായ മനുഷ്യനാണ് ഞാൻ? തലപെരുക്കുന്നതുപോലെ തോന്നുന്നു. കണ്ണടച്ച് ഞാൻ തല ഇരുവശത്തേക്കും ശക്തിയായി കുടഞ്ഞു.
എന്തുപറ്റി, അയാൾ എന്റെ തോളിൽ മൃദുവായി കൈവച്ചുകൊണ്ടു ചോദിച്ചു.
ഒന്നുമില്ല….ഒന്നുമില്ല….വീണ്ടും തലകുടഞ്ഞുകൊണ്ട് ഞാൻ പിറുപിറുത്തു.
ഉണ്ട്, താങ്കളെ പാപചിന്ത വേട്ടയാടുന്നു. പശ്ചാത്താപത്തേക്കാൾ വലിയ പ്രായശ്ചിത്തം മറ്റെന്തുണ്ട്….?
നിശ്ശബ്ദനായി ഞാനയാളുടെ കണ്ണുകളിലേക്ക് നോക്കി. ശാന്തമായ ആ കണ്ണുകളെ നേരിടാനാവാതെ എന്റെ നോട്ടം പതറി.
താങ്കൾ നന്നായി വിശ്രമിക്കൂ…, ഞാൻ എന്തെങ്കിലും കുടിക്കാൻ വാങ്ങിവരാം. എന്റെ മറുപടിക്കു കാക്കാതെ അയാൾ എഴുന്നേറ്റ് പുറത്തേയ്ക്ക് നടന്നു.
എത്ര അനുകമ്പയോടെയാണ് ഈ മനുഷ്യൻ പെരുമാറുന്നത്. ഈ കാലഘട്ടത്തിൽ സ്വന്തം ലാഭംമാത്രം പ്രതീക്ഷിക്കുന്നവർക്കിടയിൽ അപൂർവ്വചരിതനായി ഇതാ ഒരാൾ!
അരുണിന്റെ കുറ്റപ്പെടുത്തലും ശകാരവും മനസ്സിനെ വല്ലാതെ പൊള്ളിച്ചു.
എന്തുവിലകൊടുത്തും അയാളെ കണ്ടെത്തും. അയാളുടെമുന്നിൽ കുറ്റവാളിയെപ്പോലെ തതാഴ്ത്തിനിന്ന്, അറിയാതെയാണെങ്കിലും തന്റെ ദുരാഗ്രഹങ്ങൾക്കുള്ള വില സ്വന്തം ജീവിതംകൊണ്ട് വീട്ടിയതിന് മാപ്പുചോദിക്കണം.
അന്ന് ചിന്തുന്ന കണ്ണീരിൽ മനസ്സിനെ കഴുകിത്തോർത്തി സ്വസ്ഥനാകണം!
അലയാനിനി ഇടമില്ല, തേടാത്ത വഴികളില്ല. കഴിഞ്ഞ ആറുമാസത്തിലധികമായി ഈ അന്വേഷണം തുടരുന്നു. ദൈവമേ, എന്റെ തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്യാനുള്ള അവസരം ഈ ജന്മത്ത് ലഭിക്കുമോ?
വല്ലാത്ത വീർപ്പുമുട്ടലിൽ ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. കണ്ണുകൾ വെളിയിലേക്ക് തള്ളിവന്നു. ചുറ്റുമുള്ളതെല്ലാം ശക്തിയായി കറങ്ങുന്നു. ബെഡിലേക്ക് വീണ് ഞാൻ പിടഞ്ഞു!….
ബോധം വീഴുമ്പോൾ അയാൾ ബെഡിനരികിലെ ചെയറിൽ എന്നെത്തന്നെ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയായിരുന്നു. സ്ഥലകാലബോധം വീണ്ടെടുക്കാനാവാതെ ഞാൻ ചുറ്റും പതറിനോക്കി.
ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ് അയാൾ എന്റെ മുഖത്തേക്ക് കുനിഞ്ഞുകൊണ്ടു ചോദിച്ചു, ഇപ്പോൾ എങ്ങനെയുണ്ട്….?
ഒരു അവധൂതന്റെ കണ്ണുകൾപോലെ കരുണാർദ്രമായ ആ മിഴികളിലേക്ക്‌നോക്കി ഞാൻ നിശ്ശബ്ദതപാലിച്ചു.
ഞാനിതെവിടെയാണ്? പേർത്തും പേർത്തും ഓർമ്മയുടെ അടിക്കാടുകളിൽ പരതി ഞാൻ പരാജയപ്പെട്ടു.
സാരമില്ല സുഹൃത്തേ, വിശ്രമിക്കൂ, മനസ്സും ശരീരവും ഇനിയും സ്വസ്ഥമാകേണ്ടതുണ്ട്. എല്ലാം പഴയതുപോലെയാകും. അയാളെന്റെ നെറ്റിയിൽ മൃദുവായി തലോടി. എന്നെ സുഖദമായൊരാലസ്യം പൊതിയുന്നതും പതിയെ നിദ്രയെന്നെത്തഴുകുന്നതും ഞാനറിഞ്ഞു.
എത്രനേരം ഉറങ്ങിയോ എന്തോ…? ഇപ്പോൾ നല്ല ഉന്മേഷം തോന്നുന്നുണ്ട്.
ഓർമ്മകൾ വീണ്ടും എന്നിലേക്കൊഴുകിയെത്തി, സ്ഥലകാലബോധം വീണ്ടെടുത്ത ഞാൻ അയാളെ ചുറ്റും തിരഞ്ഞു. എവിടെ…എവിടെപ്പോയി?
വായ വരണ്ടുപോയിരിക്കുന്നു. എനിക്കല്പം വെള്ളംതരൂ…
ഞരക്കം കേട്ടായിരിക്കാം ഒരു നഴ്‌സ് ബെഡ്‌ഡിനരികിലെത്തി.
വെള്ളം…ഞാൻ വീണ്ടും ഞരങ്ങി.
വെള്ളം കുടിച്ചപ്പോൾ ഒരല്പമാശ്വാസമായി. എന്റെ കണ്ണുകൾ വീണ്ടും അയാൾക്കായി തുടർന്ന തിരച്ചിൽ മനസ്സിലാക്കിയിട്ടാകാം സിസ്റ്റർ പറഞ്ഞു. ഇത്രനേരവും ഇവിടെ ഉണ്ടായിരുന്നു. പുറത്തേയ്ക്ക് ഇറങ്ങിയതാകാം…
അതേ, തനിക്ക് കാവലിരുന്ന് ബോറടിച്ചിട്ടുണ്ടാകും. ഇപ്പോൾ സമയമെത്രയായി? ഞാൻ നഴ്‌സിനോട് ചോദിച്ചു. ഇടത്തുകയ്യിലെ ചെറിയ ഡയലുള്ള വാച്ചിൽ നോക്കി അവർ ജാള്യതതയോടെ പറഞ്ഞു. അയ്യോ വാച്ച് നിന്നു പോയല്ലോ. പിന്നെ വാർഡിന്റെ അങ്ങേയറ്റത്തെ ക്ളോക്കിലേക്ക് മിഴിപായിച്ച് സമയഗണന നടത്താനൊരു പാഴ്ശ്രമം നടത്തി. ഹോ…ഈ ലോകത്തെ എല്ലാ ക്ളോക്കുകളും നിശ്ചലമായോ? സമയം… സമയം ഏകദേശം രാവിലെ മൂന്നുമണിയായിട്ടുണ്ടാകുമെന്നു തോന്നുന്നു.
അവർ തിടുക്കപ്പെട്ടു. താങ്കൾക്ക് വേറെ എന്തെങ്കിലും വേണോ?
വേണ്ട…, ഞാനിപ്പോൾ സ്വസ്ഥനാണ്.
നല്ലത്. എങ്കിൽ വിശ്രമിക്കൂ. നേരം വെളുക്കാൻ ഇനിയുമേറെ സമയമുണ്ടല്ലോ…
തീർച്ചയായും…, താങ്കളും വിശ്രമിക്കൂ. താങ്കളുടെ സഹാനുഭൂതിക്ക് ഏറെ കടപ്പെട്ടിരിക്കുന്നു.
ഇത് ഞങ്ങളുടെ ജോലി, ഇവിടെ നന്ദിപറച്ചിലിന് എന്തു സാങ്ഗത്യം. എന്തായാലും താങ്കൾ വിശ്രമിക്കൂ.
എത്രനേരം ഉണർന്നുകിടന്നു, എപ്പോൾ ഉറങ്ങി, ഒന്നും ഓർമ്മയിൽ ഇല്ല. നേരം ഏറെ വെളുത്തുകഴിഞ്ഞാണ് എഴുന്നേറ്റത്. രാത്രി ഷിഫ്റ്റുകാരെല്ലാം സ്ഥലം വിട്ടിരുന്നു.
പ്രഭാതകൃത്യങ്ങൾ കഴിഞ്ഞു ബെഡിൽ തിരിച്ചെത്തിയപ്പോൾ പ്രഭാതഭക്ഷണം റെഡിയായിരുന്നു.
മുന്നിൽ ചിരിച്ചു നിൽക്കുന്ന നഴ്‌സിനോട് ഞാൻ തിരക്കി. എന്റെ കൂട്ടിരിപ്പുകാരൻ എവിടെ…?
ഉത്തരമായി വെളുത്ത ഓവർകൊട്ടിന്റെ പോക്കറ്റിൽനിന്ന് നാലായി മടക്കിയ ഒരു പേപ്പറെടുത്ത് അവരെന്റെ നേരെ നീട്ടി.
കണ്ണുകളിൽ പ്രശ്നദ്യുതിയോടെ ഞാനത് കൈപ്പറ്റി. പിന്നെ വർദ്ധിച്ച ആകാംക്ഷയോടെ പേപ്പർ നിവർത്തി.
സുഹൃത്തേ, സ്വസ്ഥനായിരിക്കുക!
താങ്കളെക്കാത്തിരിക്കുന്നവരുടെ സ്നേഹത്തിലേക്ക് സൗഹൃദങ്ങളിലേക്ക് മടങ്ങിയാലും. താങ്കളാൽ മുറിവേറ്റ ആ സാധുസ്‌ത്രീയോട് കഴിയുമെങ്കിൽ തെറ്റ് ഏറ്റുപറയൂ, അത് താങ്കളുടെ മനസ്സിനെ ലാഘവപ്പെടുത്തും…
ഒളിച്ചോട്ടംപോലെ തുടരുന്ന ഈ യാത്രകൾ അർത്ഥരഹിതങ്ങളാണെന്നും കർത്തവ്യങ്ങൾ ബാക്കിയാണെന്നും ഇനിയെങ്കിലും തിറിച്ചറിയുക!
എന്നെ തേടരുത്. ഇത് ഒരു വെറും സ്വപ്നം. ഇനി നാം തമ്മിൽ ഒരു കൂടിക്കാഴ്ചയില്ല. വിധിനിയോഗംപോലെ
നമ്മൾ കണ്ടുമുട്ടി.
അബോധങ്ങളിലെ പുലമ്പലുകളിൽനിന്ന് താങ്കളെ ഭരിക്കുന്ന അപകർഷവും അവിശ്വാസങ്ങളും ഞാനറിഞ്ഞു. നേരിനെ നേരിടാനുള്ള ഭീതിയും തന്നിലേക്കുറവുകളും താങ്കളുടെ പലായനത്തിന്റെ ഹേതുവാണെന്നും ഞാനറിയുന്നു.
ഈ പ്രതിലോമങ്ങളായ ചിന്താസ്രോതസ്സുകളെ ഉപേക്ഷിക്കുക. സ്നേഹത്തിന്റെ സഹാനുഭൂതിയുടെ കർത്തവ്യങ്ങളുടെ നീണ്ട ജന്മനിയോഗങ്ങളിൽനിന്നുള്ള ഒളിച്ചോട്ടം ഇനിവേണ്ട.
മടങ്ങുക. ശുഭാപ്തിവിശ്വാസത്തോടെ…, സ്നേഹധനനായി….!
നന്മകൾ നേരുന്നു….
എവിടെ…? എവിടെ….?
എന്റെ അന്വേഷണം സിസ്റ്ററിന്റെ കണ്ണുകളിലേക്കും വെളിയിലേക്കും മാറിമാറി നീണ്ടു.
അന്വേഷിക്കേണ്ട…അദ്ദേഹം പോയി. താങ്കളിപ്പോൾ പൂർണ്ണ സ്വസ്ഥനാണ്. ആശുപത്രി ബില്ലുകൾ എല്ലാം അദേഹം അടച്ചുകഴിഞ്ഞു.
അപ്പോൾ, അദ്ദേഹം….?
ഒരു ദിവാസ്വപ്നം കണ്ടതുപോലെ മറക്കാനാണ് പറഞ്ഞത്. മടങ്ങിപ്പോവുക. താങ്കലെത്തിച്ചേരേണ്ടവരിലേക്കുള്ള ഏറ്റവും ഹ്രസ്വ പാതകളിലൂടെ പിന്മടങ്ങുക…. ഇതാണ് അദ്ദേഹം താങ്കൾക്കായി അവസാനം തന്നിട്ടുപോയ സന്ദേശം!
ഉവ്വ്…! ഞാൻ മടങ്ങുന്നു. തേടി നടന്നവനെ കണ്ടെത്തിയ സന്തോഷത്തോടെ, അതിലുപരി എറിയ സമാധാനത്തോടെ… നന്ദി…നന്ദി…എല്ലാത്തിനും എല്ലാവരോടും.
എന്നോടിത്രയും കരുണയും കരുതലും കാണിച്ച പ്രപഞ്ചമേ നന്ദി. എന്റെ പിഴകൾ ഏറ്റുപറഞ്ഞു ഞാനിതാ മാപ്പു ചോദിക്കുന്നു. നിറഞ്ഞുവന്ന മിഴികൾ ഞാൻ കൈവെള്ളയിലമർത്തി, വിതുമ്പലിൽ ശരീരം വിറകൊണ്ടു. ഏറെ നേരത്തിനുശേഷം കൺതുറന്നു ഞാൻ ചുറ്റുംനോക്കി…
എല്ലാം പുതുക്കിയെഴുതിയപോലെ പ്രഭാതസൂര്യൻ പ്രപഞ്ചത്തെ പ്രകാശപൂര്ണമാക്കിയിരിക്കുന്നു. ഇത് തന്റെ പ്രഭാതമാണ്….മനസ്സിലും പ്രകാശത്തിന്റെ ധവളിമ നിറയവേ ഞാൻ എഴുന്നേറ്റ് പുറത്തേയ്ക്ക് നടന്നു.
