മലനിരകളിൽ നിന്ന് ഇറങ്ങി വന്ന കാവ്യയ്ക്ക് മുമ്പിൽ വിരിഞ്ഞു കിടന്നത് ഒരിക്കലും കണ്ടിട്ടില്ലാത്തൊരു ഭൂമി.
ചൂടോടെ ശ്വസിക്കുന്ന മണൽക്കാറ്റുകൾ, ദൂരെയെങ്ങോ അലിഞ്ഞുപോകുന്ന മരുഭൂമിയുടെ നീണ്ട നിരകൾ…
അവിടെ നിൽക്കുമ്പോൾ അവൾക്കു തോന്നി
ജീവിതത്തിന്റെ പുസ്തകം ഇപ്പോഴാണ് തുറന്നത് എന്ന്.
“വഴികൾ ഇല്ലെങ്കിലും, വഴിയില്ലാത്തിടത്ത് വഴികൾ കണ്ടെത്താം,” എന്ന് ഒരു പഴയ സന്യാസി പറഞ്ഞ വാക്കുകൾ അവൾ ഓർത്തു.
ഒരു പഴയപെട്ടി വലിച്ചുകൊണ്ട് മുന്നേറുന്ന ഒരു കറുത്ത കോട്ട് ധരിച്ച യാത്രക്കാരൻ അവളുടെ സമീപത്തുകൂടി നടന്നു പോയി.

മിന്നിമറയുന്ന കണ്ണുകളെ ഒന്ന് നോക്കിയപ്പോൾ
അവൻ അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു:
“ഈ മണൽപ്പുഴകൾ ആരെയും പരീക്ഷിക്കാതെ വിടില്ല.”
അവൾ പറഞ്ഞു:
“പരീക്ഷിക്കട്ടെ… ഞാൻ പേടിക്കുന്നില്ല.”
അവൻ ചിരിച്ചു:
“പേടിയല്ല… വിശ്വാസം വേണം.”
അവൻ അതും പറഞ്ഞ് നടന്നു പോയി.
കാവ്യയ്ക്ക് മനസിൽ ഒന്നും പിടികിട്ടിയില്ലെങ്കിലും, അവൻ പറഞ്ഞ ‘വിശ്വാസം’ എന്ന വാക്ക് അവളുടെ ഉള്ളിൽ കത്തുന്ന ഒരു വിളക്കുപോലെ തെളിഞ്ഞു.
രാത്രിയിൽ മരുഭൂമി മറ്റൊരു ലോകമായി മാറി.
ചൂടിന് പകരം മരിച്ചുപോയ നിശബ്ദത.
കാറ്റിന്റെ ശബ്ദം മാത്രം കേട്ടു നിൽക്കുന്ന
ആകാശം നിറഞ്ഞു തിളങ്ങുന്ന നക്ഷത്രങ്ങൾ.
സ്വപ്നങ്ങൾ മനസ്സിൽ വരയ്ക്കുന്ന ചിത്രകാരിയെപ്പോലെ അവൾ മണലിൽ കിടന്നു,
പെട്ടെന്ന്, മണലിൽ ഒരു കാൽപ്പാടിന്റെ ശബ്ദം അവളെ ഉണർത്തി.
മഞ്ഞ നിറമുള്ള വസ്ത്രം ധരിച്ചൊരു സ്ത്രീ.
അവളുടെ മുമ്പിൽ നിന്നു.

ആ സ്ത്രീയുടെ കണ്ണുകളിൽ അറിവിന്റെ പ്രകാശം, ചിരിയിൽ കനത്ത ആഴം.
അവർ ചോദിച്ചു:
“ഒരുപാട് വഴികൾ തേടി നടക്കുന്നവളാണോ നീ?”
കാവ്യ പറഞ്ഞു:
“അതെ… എന്റെ ഉള്ളിലൊളിച്ചൊരു ഉത്തരമാണ് ഞാൻ അന്വേഷിക്കുന്നത്,”
“അങ്ങനെയെങ്കിൽ, നീ ചോദിക്കുന്ന എല്ലാ ചോദ്യങ്ങളും നിന്നെ വഴിതെറ്റിക്കാനാണ് ശ്രമിക്കുക. ശാന്തതയിൽ നിന്നാണ് ഉത്തരങ്ങൾ ജനിക്കുന്നത്.”
ആ സ്ത്രീ ഒരു ചെറിയ മണൽക്കുപ്പി അവളുടെ കയ്യിൽ കൊടുത്തു.
“ഇത് നീ കയ്യിൽ വെക്കുക. മണൽ ഒഴുകുമ്പോൾ സമയം മാറും, പക്ഷേ സത്യം മാറില്ല.”
ആ സ്ത്രീ നടന്നകന്നു.

മണൽപ്പുഴകളിലൂടെ നടന്ന് ദിവസങ്ങൾക്ക് ശേഷം കാവ്യ വഴിയിൽ ഒരു ഗ്രാമം കണ്ടു.
അവിടെയുള്ള വ്യക്തികളുടെ മുഖങ്ങളിൽ അവൾ കണ്ടത് പ്രയാസവും പ്രതീക്ഷയും കലർന്നൊരു വിചിത്രമായ ചിത്രം.
ഗ്രാമത്തിന്റെ മദ്ധ്യത്തിൽ ഒരു വലിയ കിണർ.
ആ കിണറിനരികിൽ കുട്ടികൾ വെള്ളത്തിനായി കാത്തുനിൽക്കുന്നു.
കാവ്യ അവരുടെ ചിരിയിൽ, തന്റെ ബാല്യകാലത്തിന്റെ മറന്നുപോയ ഒരുഭാഗം കണ്ടു.
അവൾ തന്റെ കൈവശം ഉണ്ടായിരുന്ന കുറച്ച് വെള്ളം അവർക്കു നൽകി.
മറുപടി ഒന്നും ചോദിക്കാതെ, കുട്ടികൾ അവളുടെ മുന്നിൽ നിന്നു ചിരിച്ചു.
ആ ചിരി അവളുടെ ഉള്ളിൽ ഒരു പുതിയ ഉണർവായിരുന്നു.
കാവ്യയ്ക്ക് മനസ്സിലായി —
“സത്യസന്ധമായ വഴികളിനിന്നു ലഭിക്കുന്ന പ്രതിഫലം സ്വർണം അല്ല, ആത്മാവിന്റെ സമാധാനമാണ്.”
കാറ്റ് വീശുന്നൊരു ശൂന്യപ്രദേശത്ത് അവൾ എത്തി.

ആകാശം ചുവപ്പും പൊന്നും കലർന്നൊരു തീപ്പടർന്ന പോലെ തെളിഞ്ഞിരുന്നു.
അവിടെ, ഒരു വലിയ പാറക്കല്ലിന്മേൽ അവൾ ഇരുന്നു, മണൽക്കാറ്റിനെ നോക്കി നിശ്ചലമായി ധ്യാനിക്കുന്ന ഒരു വൃദ്ധനെ അവിടെ അവൾ കണ്ടു.
കാവ്യയുടെ കാലടികൾ മണലിൽ ശബ്ദമുണ്ടാക്കിയപ്പോൾ ആ വൃദ്ധൻ കണ്ണ് തുറന്നു.
അയാളുടെ കണ്ണുകളിൽ കാലത്തിന്റെ ഭാരവും,
ഒരിക്കലും കെടുത്താൻ പറ്റാത്ത ഒരു പ്രകാശവുമുണ്ടായിരുന്നു.
“ഇങ്ങോട്ട് വാ,”
അയാൾ മൃദുവായി പറഞ്ഞു.
കാവ്യ അദ്ദേഹത്തിന്റെ മുന്നിൽ ഇരുന്നു.
“ഞാൻ ഒരുപാട് ഉത്തരങ്ങൾ അന്വേഷിച്ച്‌ ഇറങ്ങിയതാണ്,” അവൾ പറഞ്ഞു.
വൃദ്ധൻ ചെറിയൊരു ചിരി ചിരിച്ചു:
“ഉത്തരങ്ങൾ മണൽക്കാറ്റിനെപ്പോലെയാണ്.
വേട്ടയാടിയാൽ അത് നിന്നെ അന്ധയാക്കും.

നിന്നെകുറിച്ച് ഒന്നും ചോദിക്കാതെ നീ സഞ്ചരിക്കുമ്പോൾ
കാറ്റ് തന്നെയാണ് നിന്നെ ഉത്തരങ്ങളിലേക്കു നയിക്കുക.”
കാവ്യ ആശയക്കുഴപ്പത്തിൽ അയാളെ നോക്കി ചോദിച്ചു.
“എന്നാൽ എനിക്ക് അറിയണം, എന്റെ യാത്രയുടെ ലക്ഷ്യം എന്താണ്?”
അദ്ദേഹം കൈ നീട്ടി കാവ്യയുടെ കൈ പിടിച്ചു.
അവളുടെ ഉള്ളിൽ എന്തോ വിചിത്രമായൊരു ശാന്തി നിറഞ്ഞു.
മണൽക്കാറ്റ് അവരുടെ ചുറ്റും ചുഴലിക്കാറ്റായി വീശിയപ്പോൾ പോലും,
അവൾക്ക് തോന്നിയത് ലോകം മുഴുവൻ
ഒരു മൃദുവായ സംഗീതത്തിൽ മങ്ങിപോകുന്നു എന്നാണ്.
“ഇനി നിന്നെ ഞാൻ പഠിപ്പിക്കുന്നത് കേൾക്കുക,”
വൃദ്ധൻ പറഞ്ഞു.

“കണ്ണ് അടച്ച് കാറ്റിന്റെ ശബ്ദം കേൾക്കൂ.
അവിടെ നിന്നാണ് ജീവിതത്തിന്റെ സംഗീതം മുഴങ്ങുന്നത്.
മനുഷ്യർ അത് കേൾക്കാത്തത്
സ്വന്തം ചിന്തകളുടെ കോലാഹലത്തിൽ അവർ കുടുങ്ങിയതിനാലാണ്.”
കാവ്യ കണ്ണ് അടച്ചു.
ആദ്യമായി അവൾക്കു തോന്നി —
മരുഭൂമി ശൂന്യമല്ല,
ഓരോ മണൽക്കണത്തിലും ഒരു കഥയുണ്ട്.
കാറ്റ് ഓരോന്നിനേയും സ്പർശിച്ച്
അവരുടെ കഥകളെ ആകാശത്തേക്ക് പറത്തുന്നു.
അങ്ങനെ ദിവസങ്ങൾ മരുഭൂമിയിൽ അന്യമായൊരു ശാന്തിയോടെ ഒഴുകി പോയി.
വൃദ്ധൻ അവളെ സംസാരിക്കാൻ പഠിപ്പിച്ചില്ല,
മറിച്ച് നിശബ്ദത കേൾക്കാൻ പഠിപ്പിച്ചു.
വൃദ്ധൻ പറഞ്ഞു:
“മനുഷ്യർ സംസാരിക്കുന്ന വാക്കുകൾ
ചെറിയ മണൽക്കണങ്ങൾ പോലെയാണ്.
എന്നാൽ അവരുടെ മനസ്സുകൾക്കുള്ളിൽ
മറഞ്ഞുകിടക്കുന്നത് മലകളാണ്,”
ഒരു രാത്രി നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തിന് കീഴിലിരുന്ന് വൃദ്ധൻ കാവ്യയെ നോക്കി ചോദിച്ചു:
“നീ എന്തിനാണ് യാത്ര തുടങ്ങിയത്?”
കാവ്യ ദീർഘശ്വാസം വിട്ടു:
“എനിക്ക് തോന്നിയിരുന്നു ഞാൻ നഷ്ടപ്പെട്ടുപോയതായി.

ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത
ഒരു വലിയ സത്യം എവിടെയോ എന്നെ കാത്തിരിക്കുകയാണെന്ന്…
അതിനെ കണ്ടെത്തണമെന്നുള്ള ആഗ്രഹമാണ് എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്.”
വൃദ്ധൻ തല കുനിച്ചു.
“അതെ, നീ അത് കണ്ടെത്തും.
പക്ഷേ ഓർക്കണം,
സത്യത്തിന്റെ രൂപം ഒരിക്കലും വലിയൊരു വെളിച്ചമല്ല.അത് ചിലപ്പോൾ
ഒരു കുട്ടിയുടെ കണ്ണീരുള്ള മിഴിയിലും,
ഒരു വഴിയാത്രക്കാരന്റെ ചിരിയിലും,
ഒരു ശൂന്യമായ മണൽപ്പുഴയിലും
മറഞ്ഞുകിടക്കുന്നു.”
കാവ്യയുടെ ഹൃദയത്തിൽ
ഒരു ആഴമുള്ള കാറ്റുപോലെ ആ വാക്കുകൾ വീശി. അവൾക്ക് തോന്നി,ജീവിതം ഇനി ഒരിക്കലും പഴയപോലെ ആയിരിക്കില്ലെന്ന്.
മരുഭൂമിയുടെ നിശബ്ദതയിൽ നിന്ന് പുറപ്പെട്ട്
കാവ്യ ദിവസങ്ങളോളം നടന്നുവെങ്കിലും
അവളുടെ ഉള്ളിൽ ഒരു ഭയവും ഇല്ലായിരുന്നു,
ഒരു അപൂർവമായ ശാന്തി മാത്രം അവിടെ ഒഴുകുന്നുണ്ടായിരുന്നു.

മരുഭൂമിയുടെ മഞ്ഞപ്പൊടി മൂടിയൊരു നഗരം
അവളുടെ മുന്നിൽ പതിയെ പ്രത്യക്ഷപ്പെട്ടു.
അവിടുത്തെ വീഥികൾ ചെറുതായിരുന്നു,
കാറ്റിന്റെ ശബ്ദം ഒഴികെ ഒന്നും കേൾക്കുന്നില്ല..
ആ നഗരം ജീവനില്ലാത്തതായി തോന്നിയെങ്കിലും
അവിടെ വീണിരുന്ന ഓരോ നിഴലിനും
ഒരു കഥ ഉണ്ടായിരുന്നു എന്ന് അവൾക്ക് തോന്നി.
ഭിത്തികളിൽ പഴയ ലിപികളിൽ എഴുതിയ അനേകം സന്ദേശങ്ങൾ:
“നിശബ്ദരായി കേൾക്കുന്നവർക്ക് ലോകം സംസാരിക്കും.”
“ഹൃദയം അടച്ചവർക്ക് വഴികൾ തുറക്കില്ല.”
അങ്ങനെ ഒരുപാട് വാക്കുകൾ അവിടെ എഴുതിയിട്ടുണ്ടായിരുന്നു.
ഈ നഗരം മണലിൽ മറഞ്ഞുപോയ
ഒരാളുടെ ആത്മാവാണെന്ന് കാവ്യയ്ക്കു തോന്നി.

നഗരത്തിന്റെ മദ്ധ്യത്തിൽ
ഒരു വിചിത്രമായ വിപണി ഉണ്ടായിരുന്നു.
കടകളൊക്കെ ശൂന്യം,പക്ഷേ ഓരോ കടയിലും
നൂറുകണക്കിന് കണ്ണാടികൾ.
കാവ്യ ഒരു കടയ്ക്കുള്ളിൽ കടന്നു.
അവളുടെ മുഖം ഒരേസമയം
നൂറുകണക്കിന് കണ്ണാടികളിൽ പ്രതിഫലിച്ചു.
എന്നാൽ, വിചിത്രമായ,
ഓരോ കണ്ണാടിയിലും കാണുന്നത്
അവളുടെ രൂപമല്ല,
അവളുടെ മനസ്സിന്റെ ചിത്രങ്ങളാണ്.
ഒരു കണ്ണാടിയിൽ ബാല്യകാലത്തിലെ ചിരി;
മറ്റൊന്നിൽ ആവേശവും തീവ്രതയും നിറഞ്ഞ
ഒരു യൗവനകാലം;
അടുത്ത കണ്ണാടിയിൽ
ഒരു തളർന്ന മുഖം, കണ്ണീരിൽ നിറഞ്ഞ കണ്ണുകൾ.
അവൾ വിറച്ച് കണ്ണ് മൂടി.

“എന്തുകൊണ്ടാണ് ഞാൻ ഇത്രയും മുഖങ്ങൾ കാണുന്നത്?”
പിന്നിൽ നിന്നൊരു ശബ്ദം:
“കാരണം നീ സ്വയം കാണാൻ തുടങ്ങി.
ജീവിതത്തിന്റെ യാത്ര തുടങ്ങുന്നത്
സ്വന്തം മുഖം തിരിച്ചറിയുമ്പോഴാണ്.”
അവൾ തിരിഞ്ഞു നോക്കി.
ഒരു വെള്ള വസ്ത്രം ധരിച്ച വയോധികൻ,
കണ്ണുകളിൽ കരുണയും രഹസ്യവുമുള്ള പ്രകാശം.
“ആരാണ് നിങ്ങൾ?”
“ഞാൻ വെറും ഒരു കണ്ണാടി വ്യാപാരി.
എന്നാൽ എന്റെ കണ്ണാടികൾ
മനസ്സിന്റെ പ്രതിബിംബങ്ങൾ മാത്രം കാണിക്കും.”
വ്യാപാരി ഒരു ചെറിയ കണ്ണാടി അവളുടെ കയ്യിൽ കൊടുത്തു.
“ഇത് കരുതിക്കൊ, നീ ജീവിതത്തിൽ വഴിതെറ്റുമ്പോഴെല്ലാം
ഇതിൽ നോക്കുക.

നിന്നെ സത്യത്തിലേക്ക് ഇത് തിരിച്ചു കൊണ്ടുപോകും.”
കാവ്യ കണ്ണാടിയിൽ നോക്കി.
ആദ്യമായി അവൾക്കു തോന്നി
കണ്ണാടിയിൽ ഒരു മുഖം മാത്രം.
ഭയമില്ലാത്ത, സമാധാനമുള്ള,
ഒരു പ്രകാശം നിറഞ്ഞ മുഖം.
“ഇതാണ് നിന്റെ യഥാർത്ഥ സ്വരൂപം,”
വ്യാപാരി പറഞ്ഞു.
“ലോകം നിന്നെ അന്യയാക്കും,
എന്നാൽ നിന്റെ ഹൃദയം നിന്നെ ഒരിക്കലും വഞ്ചിക്കില്ല.”
കാവ്യയുടെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു.
ആ കണ്ണാടിയിൽ നിന്നു
അവൾ ആദ്യമായി തന്റെ ഉള്ളിലെ ശക്തി കണ്ടു.
നഗരം വിട്ടിറങ്ങുമ്പോൾ
മരുഭൂമിയിലെ കാറ്റ് വീണ്ടും വീശി തുടങ്ങി.
എന്നാൽ ഈ കാറ്റ് പേടിപ്പിക്കുന്നില്ല;
അത് അവളെ നയിക്കുന്നതായി തോന്നി.
കാവ്യയുടെ മനസ്സിൽ
വ്യാപാരിയുടെ വാക്കുകൾ മുഴങ്ങി:
“ലോകം നിന്നെ അന്യയാക്കും,
എന്നാൽ നിന്റെ ഹൃദയം നിന്നെ ഒരിക്കലും വഞ്ചിക്കില്ല.”
യാത്ര മുന്നോട്ട് നീങ്ങി.

ഒരിടത്ത് മരുഭൂമി തീർന്നു.പച്ചപ്പുള്ളൊരു താഴ്വര പ്രത്യക്ഷപ്പെട്ടു.അതിന്റെ നടുവിൽ
ഒരു വലിയ നദി ഒഴുകുന്നുണ്ട്.ആ വെള്ളത്തിന്റെ ശബ്ദം അവളുടെ ഉള്ളിൽ പുതിയൊരു പ്രതീക്ഷയായി മുഴങ്ങി.
മരുഭൂമിയുടെ ചൂടൻ മണലുകൾ പിന്നിട്ട്,
കാവ്യയുടെ മുമ്പിൽ വിരിഞ്ഞു കിടന്നത്
ജീവിതത്തിന്റെ ശ്വാസം നിറഞ്ഞൊരു താഴ്വര.
പച്ചപ്പുള്ള മരങ്ങൾ,തണുപ്പുള്ള കാറ്റ്,
ഒഴുകുന്ന വെള്ളത്തിന്റെ സംഗീതം—
ഇത് മരുഭൂമിയുടെ കഥയ്ക്കുള്ള മറുപടിപോലെ അവൾക്ക് തോന്നി.
അവൾ ആ നദിയരികിൽ ഇരുന്നു,
പാദങ്ങൾ തണുത്ത വെള്ളത്തിൽ മുക്കി.
ജീവിതം ഒരു പുതിയ അധ്യായം തുറക്കുന്നതുപോലെ അവൾക്ക് തോന്നി.
പിന്നിൽ നിന്ന് ഒരു സ്ത്രീയുടെ ശബ്ദം:
“ഈ വെള്ളം നിന്നെ പുതുക്കും.
എന്നാൽ ഈ താഴ്വരയിലും നിനക്ക് ഒരുപാട് പരീക്ഷണങ്ങളുണ്ട്.”
കാവ്യ തിരിഞ്ഞു നോക്കി.
വെളുത്ത വസ്ത്രം ധരിച്ചൊരു യുവതി,
കണ്ണുകളിൽ ആഴവും ദൂരവും നിറഞ്ഞുനിൽക്കുന്നു.

“ഞാനെന്തിന് ഇവിടെ എത്തിയെന്നു അറിയാനാണ് ഞാൻ യാത്ര തുടങ്ങിയത്,”
കാവ്യ പറഞ്ഞു.
യുവതി പറഞ്ഞു::
“ചിലപ്പോൾ ചോദ്യങ്ങളുടെ മറുപടി
നീ കരുതുന്നതിലും കടുപ്പമായിരിക്കും.
ഈ താഴ്വരയിൽ നിന്നെ പരീക്ഷിക്കുന്നത്
നിന്റെ ശക്തിയല്ല, നിന്റെ ഹൃദയമാണ്.”
അവൾ കാവ്യയെ നദിയുടെ കരയിൽ നിന്ന്
ഒരു ചെറുതായ പാറക്കല്ലിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.
അവിടെ ഒരു പഴക്കം ചെന്ന പുസ്തകം വെച്ചിരുന്നു.
ചെറുതും, പൊടിപിടിച്ചതുമായിരുന്നു അത്
പക്ഷേ അതിനുള്ളിൽ ശക്തിയുടെ ഒരു വിചിത്ര ഊർജ്ജം നിരഞ്ഞുനിൽക്കുന്നുണ്ടായിരുന്നു.
യുവതി പറഞ്ഞു:
“ഇത് വായിക്കാൻ നിനക്ക് ധൈര്യമുണ്ടെങ്കിൽ,
നീ അറിയാത്ത വാതിലുകൾ തുറക്കും,”
കാവ്യ പുസ്തകം തുറന്നു.

ആദ്യ പേജിൽ എഴുതിയിരുന്നത്:
“സ്വയം കാണുന്നതാണ് ലോകത്തെ കാണാനുള്ള ഏക മാർഗം.”
പുസ്തകം വായിച്ചപ്പോൾ
അവളുടെ മനസ്സിൽ മറച്ചുവെച്ചിരുന്ന
എല്ലാ ഓർമ്മകളും ഉണർന്നു.കുട്ടിക്കാലത്തിലെ കാറ്റ്, അമ്മയുടെ മൃദുവായ ശബ്ദം,
വിട്ടുപോയ പ്രിയർ, നഷ്ടപ്പെട്ട പ്രതീക്ഷകൾ.
അവൾ കരഞ്ഞു.ആ കണ്ണുനീർ
നദിയിലെ വെള്ളത്തിൽ ചേർന്ന് ഒഴുകി.
യുവതി അവളുടെ തോളിൽ കൈവച്ചു:
“വേദനയ്ക്ക് വഴങ്ങാൻ നീ തയ്യാറായാൽ മാത്രമേ
അതിനെ ശാന്തമാക്കാൻ സാധിക്കൂ.
ജീവിതം നിന്നെ തകർക്കുന്നില്ല,
അത് നിന്നെ നിർമ്മിക്കുന്നു.”
കാവ്യയുടെ ഹൃദയത്തിൽ നിന്ന്
ഒരുപാട് ഭാരങ്ങൾ ഒഴിഞ്ഞുപോയത് പോലെ അവൾക്ക് തോന്നി.
ആ രാത്രി അവൾക്ക് ആദ്യമായി
സ്വയം ഒരു ധൈര്യം വന്നത് പോലെ തോന്നി
രാവിലെ സൂര്യപ്രകാശം താഴ്വരയിൽ വീണപ്പോൾ,
കാവ്യയ്ക്ക് മുന്നോട്ട് പോകാനുള്ള ആഗ്രഹം ഏറി.

യുവതി അവളെ യാത്രയയച്ചു:
“ഇവിടെ നിന്നുള്ള പാഠങ്ങൾ ഓർക്കുക.
മുന്നിൽ നിന്നെ കാത്തിരിക്കുന്നത്
കൂടുതൽ വെല്ലുവിളികളാണ്.
എന്നാൽ, കാവ്യാ നീ തയ്യാറായി കഴിഞ്ഞു.”
നദിയുടെ ശബ്ദം പിന്നിൽ മാഞ്ഞു.
താഴ്വര വിടുമ്പോൾ അവളുടെ ഉള്ളിൽ
ഒരു പുതിയ ഉറച്ച വിശ്വാസം വളർന്നു,
ജീവിതത്തിന്റെ ഉത്തരങ്ങൾ
എപ്പോഴും യാത്രയുടെ അറ്റത്തല്ല,
ഓരോ അടിയിലും ഓരോ ശ്വാസത്തിലും
അവർക്കു തന്നെ തുറന്നുകൊടുക്കുന്നതാണ്.
താഴ്വരയുടെ പച്ചപ്പിന് ശേഷം
കാവ്യയുടെ മുന്നിൽ കിടന്നത്
മേഘങ്ങൾ മറച്ച മലനിരകൾ.
ആ മലയിടുക്കുകളിലൂടെ കാറ്റ് പാടി പാടി കടന്നുപോകുമ്പോൾ അവളുടെ ഹൃദയം വിചിത്രമായൊരു ഉണർവിൽ മുങ്ങി.
വഴി കഠിനമായിരുന്നു ഓരോ കല്ലും, ഓരോ വളവും അവളെ പരീക്ഷിക്കുന്നുവെന്നു തോന്നി.

എന്നാൽ ഓരോ ശ്വാസത്തിലും സ്വന്തം ഉള്ളിലെ ഒരു ശബ്ദം
അവൾ കേട്ടു കൊണ്ടിരുന്നു
“മുന്നോട്ട് പോ… നിന്നെ കാത്തിരിക്കുന്നത്
നിന്റെ സ്വന്തം സത്യമാണ്.”
മലയിടുക്കിലൂടെ നടന്നുകൊണ്ടിരിക്കെ
പെട്ടെന്ന് മേഘത്തിനിടയിൽ നിന്ന്
ഒരു പുരാതന ക്ഷേത്രം പ്രത്യക്ഷപ്പെട്ടു.
കല്ലുകൊണ്ട് പണിത,
കാലത്തിന്റെ കരങ്ങൾ സ്പർശിച്ച,
വിപുലമായതാണെങ്കിലും
വളരെ ശാന്തമായൊരു ക്ഷേത്രം.
ക്ഷേത്രത്തിൽ ആരുമില്ലെന്നു തോന്നുന്നു.
വാതിലുകൾ തുറന്നുകിടക്കുന്നു,
പുറത്ത് കാറ്റിന്റെ സംഗീതം മാത്രം.
കാവ്യ നടന്ന് അകത്തേക്കു കടന്നു.
ആന്തരമണ്ഡപത്തിൽ ഒരു വലിയ ദീപം തെളിഞ്ഞു കത്തിക്കൊണ്ടിരുന്നു.
അതിന്റെ പ്രകാശത്തിൽ ഒരു വയോധികനെ കണ്ടു.അയാൾ അവളോട് തലകുനിച്ചു ചിരിച്ചു:
“എന്റെ വാതിൽ താണ്ടിയവർ
ചോദ്യം ചോദിക്കാൻ വന്നവരല്ല,
ചോദ്യം തന്നെ ആയവർ മാത്രമാണ്.”
കാവ്യ വിറച്ചു.

“ഞാൻ ഉത്തരങ്ങൾ അന്വേഷിച്ചാണ് വന്നത്.”
വയോധികൻ ചിരിച്ചു:
“ഉത്തരങ്ങൾ തിരയുന്നവർക്ക് കിട്ടുന്നത്
കൂടുതൽ ചോദ്യങ്ങളാണ്. ആവശ്യമായത്
ചോദ്യങ്ങൾ ഇല്ലാതെ കേൾക്കാൻ പഠിക്കുക എന്നതാണ്.”
ക്ഷേത്രത്തിലെ ഗുരു അവളെ
ഒരു ചെറു കല്ല് കൊണ്ട് കെട്ടിയ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
അവിടെ എത്തിയപ്പോൾ അയാൾ പറഞ്ഞു.
“ഇവിടെ മൂന്ന് ദിവസം സംസാരിക്കരുത്,
ചിന്തിക്കരുത്,
കേൾക്കുക മാത്രം.”
മുറിയിൽ ഒരു ചെറിയ വിളക്കും
കുറച്ച് വെള്ളവും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ആദ്യ ദിവസം
കാവ്യയുടെ മനസ്സിൽ ഒരുപാട് വാക്കുകളും ഓർമ്മകളും നിറഞ്ഞു.
രണ്ടാം ദിവസം
അവളുടെ കണ്ണുനീർ പൊടിഞ്ഞുവീണു,
വേദനകളും നഷ്ടങ്ങളും പുറത്തേക്കൊഴുകി.
മൂന്നാം ദിവസം
ഒരു അപ്രതീക്ഷിതമായ ശാന്തി.
ശ്വാസത്തിന്റെ സംഗീതം മാത്രം,
ഹൃദയത്തിന്റെ മിടിപ്പ് മാത്രം.

അപ്പോൾ അവൾക്കു തോന്നി
മുറിയുടെ മതിലുകൾ സംസാരിക്കുന്നുവെന്ന്.
“നീ തേടിയ ഉത്തരങ്ങൾ
നിന്റെ ഉള്ളിൽ തന്നെയുണ്ടായിരുന്നു.
പുറത്തേക്ക് നോക്കിയതിനാൽ
അതിനെ കാണാനായില്ല.”
മൂന്നാം ദിവസത്തിന്റെ അവസാനത്തിൽ
ഗുരു മുറിയുടെ വാതിൽ തുറന്നു.
അദ്ദേഹം പറഞ്ഞു.
“നീ ഇപ്പോൾ കേൾക്കാൻ പഠിച്ചു,”
കാവ്യയുടെ കണ്ണുകൾ
ഒരിക്കലും കണ്ടിട്ടില്ലാത്ത പ്രകാശത്തിൽ തിളങ്ങുകയായിരുന്നു.
ഗുരു അവളുടെ കൈയിൽ
ഒരു ചെറിയ മൺചട്ടി നൽകി.
“ഇതിന്റെ ഉള്ളിൽ ഒന്നുമില്ല,
പക്ഷേ ഇതിന്റെ ശൂന്യതയിലാണ്
ജീവിതത്തിന്റെ മുഴുവൻ രഹസ്യവും.”
കാവ്യ ചട്ടിയെ നോക്കി വിറച്ചു:
“ഒന്നുമില്ലാത്ത ശൂന്യതയാണോ രഹസ്യം?”
ഗുരു ചിരിച്ചു:
“ശൂന്യതയെന്നത് എല്ലാത്തിന്റെയും തുടക്കമാണ്.
നീ നിന്നെ ശൂന്യമാകുമ്പോൾ
ലോകം നിന്റെ ഉള്ളിൽ നിറയും.”
മലയുടെ കൊടുമുടിയിൽ
ഗുരുവിന്റെ അനുഗ്രഹം സ്വീകരിച്ച്
കാവ്യ മലയുടെ മുകളിലേക്കു കയറാൻ തുടങ്ങി.
ഓരോ അടിയും,
ഓരോ ശ്വാസവും
ഒരുവിധ പ്രാർത്ഥനയായി തോന്നി.
അവൾ കൊടുമുടിയിലെത്തി.
മേഘങ്ങൾ കാലിന്റെ താഴെ,
ആകാശം സ്പർശിക്കാൻ കഴിയുന്നിടത്ത്.

മരുഭൂമിയിൽ തുടങ്ങി താഴ്വരകളിലൂടെ കടന്ന
ആ യാത്രയുടെ ഭാരവും
ആ യാത്രയുടെ സൗന്ദര്യവും ഒരുമിച്ചു ഒരുമിച്ച് അവളുടെ ഉള്ളിലേക്ക് വന്നത് പോലെ തോന്നി.
അവൾ സ്വയം ചോദിച്ചു
“ഇതെല്ലാം എനിക്ക് എന്തു പഠിപ്പിച്ചു?”
അവളുടെ ഹൃദയം മറുപടി നൽകി:
“ജീവിതം ഒരു ലക്ഷ്യം കണ്ടെത്താനുള്ള യാത്രയല്ല, ഓരോ നിമിഷവും അനുഭവിച്ച്
സ്വയം കണ്ടെത്താനുള്ള വഴി മാത്രമാണ്.”
മലമുകളിൽ നിന്നു കാവ്യ ലോകത്തെ നോക്കി നിൽക്കുമ്പോൾ
പെട്ടെന്ന് കാറ്റിൽ നിന്ന് ഒരു മൃദുവായ സംഗീതം കേട്ടു.
കാറ്റ് ഒരു ശബ്ദമായി മാറി:
“കാവ്യ… നീ സത്യത്തിന്റെ വാതിലിൽ എത്തി.
എന്നാൽ വാതിൽ തുറക്കുന്നത് നിന്റെ തീരുമാനമാണ്.”
അവൾ തല തിരിച്ചു നോക്കി.
മലമുകളിലെ കല്ലിന്മേൽ
ഒരു കരിനിറമുള്ള പക്ഷി ഇരിക്കുകയായിരുന്നു.

അതിന്റെ കണ്ണുകളിൽ
അവൾ കണ്ടു ദൂരവും ആഴവും നിറഞ്ഞൊരു പ്രകാശം.
“ആരാണ് നീ?”
കാവ്യ വിറച്ച് ചോദിച്ചു.
പക്ഷി ചിറക് വീശി:
“ഞാൻ ഒരു സന്ദേശവാഹകൻ മാത്രം.
നീ അന്വേഷിച്ച ഉത്തരങ്ങൾ
നിന്നെ തേടിയെത്തിയിരിക്കുന്നു.
ഇനി നീ ലോകത്തിലേക്ക് മടങ്ങണം—
അവിടെ നിന്നാണ്
നിന്റെ യഥാർത്ഥ യാത്ര തുടങ്ങുന്നത്.”
ഗുരുവിന്റെ ക്ഷേത്രവും മലയും പിന്നിലാക്കി
കാവ്യ തിരിച്ചിറങ്ങി.
എന്നാൽ അവളുടെ ഉള്ളിൽ
ഒരു മാറ്റം സംഭവിച്ചിരുന്നു.
മുൻപത്തെ ഭയം, ആശങ്കകൾ,
നിരാശകൾ ഒന്നും ശേഷിച്ചിരുന്നില്ല.

ഓരോ ശ്വാസവും
അവൾക്ക് ജീവിതം നൽകുന്ന ഒരു സമ്മാനമായി തോന്നി.
വഴിയിലുടനീളം കണ്ട മുഖങ്ങൾ
ഒന്നൊന്നായി അവളുടെ മനസ്സിൽ പതിഞ്ഞു—
മരുഭൂമിയിലെ കണ്ണാടി വ്യാപാരി,
താഴ്വരയിലെ ദർശക,
ക്ഷേത്രത്തിലെ ഗുരു.
അവർ എല്ലാവരും
ജീവിതത്തിന്റെ പുസ്തകത്തിലെ പേജുകളായിരുന്നു.
മലയിറങ്ങി നിരവധി ദിവസങ്ങൾ കഴിഞ്ഞപ്പോൾ
കാവ്യയ്ക്ക് ഒരു ചെറിയ ഗ്രാമത്തിലെത്താൻ സാധിച്ചു.
ആ ഗ്രാമം ശാന്തമായിരുന്നു,
ആളുകളുടെ കണ്ണുകളിൽ
അവൾ ചൂടും സൗഹൃദവും കണ്ടു.
ഗ്രാമത്തിലെ കുട്ടികൾ അവളെ ചുറ്റിപ്പറ്റി:
“നിങ്ങൾ എവിടെ നിന്നാണ് വന്നത്?”
കാവ്യ ചിരിച്ചു:
“മരുഭൂമിയും മലകളും കടന്ന്.

എന്നാൽ ഞാൻ അന്വേഷിച്ചത് ഒരു സ്ഥലം അല്ല,
ഒരു സത്യം മാത്രം.”
ഗ്രാമവാസികൾ അവളെ ഒരു വീടിലേക്ക് ക്ഷണിച്ചു.
അവിടെ താമസിച്ച ആ രാത്രി
അവൾക്ക് തോന്നി—
ലോകം മുഴുവൻ അവളുടെ കുടുംബമാണെന്ന്
അടുത്ത രാവിലെ,
അവൾ ഗ്രാമത്തിന്റെ മദ്ധ്യത്തിലെ ഒരു പഴയ മരത്തിനരികിൽ ഇരുന്നു.
മരത്തിന്റെ വേരുകളിൽ നിന്ന് ഭൂമിയുടെ ശ്വാസം കേൾക്കുന്നുവെന്ന് അവൾക്ക് തോന്നി.

കാറ്റ് മൃദുവായി വീശി,
ആകാശം അവളോട് ചിരിച്ചു.
അവളുടെ ഉള്ളിൽ നിന്ന്ഒരു ശബ്ദം മുഴങ്ങി:
“നീ തേടിയത് ഒരിക്കലും ദൂരെയായിരുന്നില്ല.
ലോകത്തിന്റെ അല്കമി
നിന്റെ ഹൃദയത്തിലാണ്.
സ്നേഹത്തിനും, കരുണക്കും
ജീവിതത്തെ മാറ്റാനുള്ള ശക്തിയുണ്ട്.
അതിനെ നീ ഇതിനകം നേടിയിട്ടുണ്ട്.”
കാവ്യയുടെ കണ്ണുകൾ നിറഞ്ഞു.
അവൾ തിരിച്ചറിഞ്ഞു
യാത്രയുടെ ലക്ഷ്യം
ഒരിടത്ത് എത്തുക അല്ല,
സ്വന്തം ഉള്ളിലെ പ്രകാശം കണ്ടെത്തുക മാത്രമാണെന്ന്.
കാവ്യ ഗ്രാമത്തിൽ കുറച്ച് ദിവസങ്ങൾ താമസിച്ചു..
ആ ഗ്രാമവാസികളുടെ ജീവിതം,
അവരുടെ സന്തോഷം,
സാധാരണ കാര്യങ്ങളിൽ കാണുന്ന സമാധാനം
എല്ലാം അവളെ ഒരുപാട് ആകർഷിച്ചു.
ഒരു വൈകുന്നേരം,
ഗ്രാമത്തിലെ കുട്ടികൾ അവളോട് ചോദിച്ചു:
“നീ ഇവിടെ ഞങ്ങളുടെ കൂടെ നിൽക്കുമോ?”
കാവ്യ ചിരിച്ചു:
“എന്റെ ഹൃദയം ഇനി ഒരിടത്ത് ബന്ധിക്കപ്പെടില്ല.
എനിക്ക് എല്ലായിടത്തും പോകേണ്ടിടം.
കാരണം ഞാൻ അന്വേഷിച്ചതെല്ലാം
എന്നിൽ തന്നെയാണെന്ന് ഞാൻ കണ്ടെത്തി.”
അവൾ വീണ്ടും യാത്ര തിരിച്ചു,
എന്നാൽ ഇനി അത് ലക്ഷ്യം കണ്ടെത്താനായുള്ള യാത്രയല്ല. ജീവിതത്തെ ഓരോ നിമിഷവും
പൂർണമായി അനുഭവിക്കാനുള്ള
ഒരു സത്യസന്ധമായ യാത്ര.

By ivayana

Leave a Reply

Your email address will not be published. Required fields are marked *