ഇതളിട്ടുണരുന്ന വർണ്ണമുകുളങ്ങളിൽ
തുളുമ്പിനിൽക്കുന്ന മരന്ദമാം ബാല്യമേ,
രമ്യോദയത്തിൻ ചിറകുകൾ തന്നതാം
നന്മാർദ്രലോകമേ,യലിവിൻ പ്രഭാതമേ,

തുള്ളിത്തുളുമ്പുമൊരു മനസ്സുമായങ്ങനെ-
മിന്നിത്തിളങ്ങി വളർന്നതാം സമയമേ,
പ്രിയരമ്യ കവിതയായുള്ളിലൂടൊഴുകിയോ-
രരുവിയാം മലയാള ഗ്രാമപ്രദേശമേ,

മഴയായ് പൊഴിയുന്നഴകോടെ കരളിലായ്;
മിഴിവിൻ വനികപോലുണരുന്ന ചിന്തകൾ
ഏഴു വർണ്ണങ്ങളായെഴുതീല്ലെ,നിങ്ങളിൽ
തെളിഞ്ഞ ബാല്യത്തിന്റെ യാ,നല്ല സ്മരണകൾ?

നവകാലമേ,യിന്നുമതുപോലെ കൂട്ടുകാർ
കിളികൾപോലുണരുന്നതില്ല,യാ; കളികളും
കലാ,കായികാനന്ദമില്ലിവർക്കൊരു ഗ്രാമ-
ചൈതന്യമില്ല, യാ, തിളങ്ങുന്ന കരളിലും.

ഉല്ലാസമോടേ വസിച്ചുദയസ്വപ്നമായ്
സല്ലപിക്കുന്നിവർ സെല്ലുകൾക്കൊപ്പമായ്;
വല്ലവിധേനെയും തെല്ലുണർത്തീടിലേ,
ബാല്യമെന്തെന്നറിയൂ,നൽപ്പുലരികൾ.

കൂട്ടരോടൊത്തു കളിച്ചുവളരുകിൽ
നേട്ടമെന്നറിയേണ്ടതാണിന്നു കൂട്ടുകാർ
ചിട്ടയ,ല്ലരുണാർദ്ര മൊട്ടുപോലുണരുവാൻ
കഴിയേണമെങ്കിലേ തെളിയുള്ളു നന്മകൾ.

സ്വാർത്ഥ സമാനമായിരുളിൽപ്പതുങ്ങരുത്
കരുണാർദ്രമുണരേണ്ടതാം ബാല്യപുലരികൾ;
പങ്കിട്ടനുദിനം നുകരുകിൽ മനസ്സുകൾ
പകരുമാ, നന്മാർദ്ര ചിന്താമലരുകൾ.

ബാല്യ ശുഭസ്മിതം തല്ലിക്കെടുത്തുന്നു
വലകൾ; വലയ്ക്കുന്നതാം ചതിച്ചവറുകൾ;
ചിന്തിച്ചുണരാനറിയില്ലിവർക്കതിൻ
ചില്ലുകൾ പരതുന്നതാംവേഗ കൈവിരൽ.

അൻവർ ഷാ

By ivayana

Leave a Reply

Your email address will not be published. Required fields are marked *