കിനാക്കളൊക്കെ,
ചെറുകണ്ണുനീർ പുഴപോലെ ഒഴുകുന്ന കാടിന്റെ, അരികിലൂടൊരുകാലം, ആനമലക്കാടുകളുടെ തേയിലത്തോട്ടത്തിൽ
അയാൾ നടക്കാനിറങ്ങി……
നമ്പർപാറയെന്ന
സംസ്ഥാനങ്ങളുടെ അതിരിൽ ആരോ അക്കങ്ങൾ കൊത്തിയിട്ട പാറപ്പുറത്തിരുന്നൂ……
താഴെ അഗാഥമായ കൊക്കയാണ്….
അതിലേക്കുചാടി ആത്മഹത്യ ചെയ്തവരുടെ കഥകൾ വടിവേലു പറഞ്ഞുകേട്ടിട്ടുണ്ട്…..
പേരുപോലെതന്നെ വടിവേലു,
നീണ്ടുമെലിഞ്ഞ്….
വലുപ്പംകൂടിയ കാക്കി ഹാഫ് ട്രൗസറും ചുക്കിചുളിഞ്ഞ ഷർട്ടും ഇട്ട്…..
രാവിലെ ആപ്പീസിലേക്ക് മസ്റ്റർറോൾ കൊണ്ടുപോകാൻ വരും.
വടിവേലുവിന്റെ ജീവിത ദിനചര്യയിലെ ആദ്യയിനം അതാണ്.
തണുപ്പു കാലത്ത് കമ്പിളി പുതച്ചും മഴക്കാലത്തുവില്ലൊടിഞ്ഞ വളഞ്ഞകാലുള്ള കുടയുമായി വടിവേലു,
നീണ്ടു ചെരിഞ്ഞ കുന്നിൽ
അലസമായി അടുക്കിയുണ്ടാക്കിയ
കരിങ്കൽ പടികൾ കയറി വരുന്നത് കാണുന്നതായിരുന്നു അയാളുടെ ദിനചര്യ….
തേയിലക്കാടുകളുടെ ഇടുക്കുകളിൽ കെട്ടിനിൽക്കുന്ന മൂടൽമഞ്ഞ് മെല്ലെമെല്ലെ കുറഞ്ഞുവരുമ്പോൾ,
സൂര്യ രശ്മികൾ ചായച്ചെടികളിലെ ജലകണങ്ങളിലേക്ക് വെളിച്ചം കുത്തിയിറക്കും…..
കുന്നിൻചെരിവുകളിലെ റോഡുകളിൽ കലപിലകൂട്ടി സംസാരിച്ച് കൊളുന്തു നുള്ളുന്ന തൊഴിലാളികൾ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകുന്നുണ്ടാവും…..
അവർ ജീവിതപ്രയാസങ്ങൾ ഉറക്കെപ്പറയുകയാവും….
പ്രണയം അവിടെ കണ്ടിട്ടില്ല…കേട്ടിട്ടുമില്ല….
അക്കേഷ്യാ മരങ്ങളിൽ കൂടുകെട്ടി പാർക്കുന്ന പക്ഷികൾ എവിടേക്കെന്നുപറയാതെ പറക്കാൻ തുടങ്ങും.
സയറൻ മുഴങ്ങുമ്പോൾ ചായഫാക്ടറിയിലെ ഷിഫ്റ്റുകഴിയുന്നതറിയാം…..
രാത്രിജോലിക്കാർ പുറത്തേക്കും പകൽ ജോലിക്കാർ അകത്തേക്കും പോകുന്നത് ദൂരെനിന്നുകാണാം…..
അയാൾ നമ്പർപാറയിലിരുന്ന് ഇടതൂർന്ന കാടുകളിലേക്ക് നോക്കി…..
ആ വനങ്ങൾക്കുള്ളിലാണ്,മുതുവാൻമാർ എന്നുപറയുന്ന ആദിവാസികളുടെ ജീവിതം.
ആദിവാസി മൂപ്പൻ സൂര്യനെ പരിചയമായിരുന്നൂ…….
സൂര്യൻ കാട്ടിലെ കഥകൾ പറഞ്ഞുതരുമായിരുന്നൂ…..
സൂര്യനൊക്കെ മണ്മറഞ്ഞുപോയിക്കാണും.
അന്നേ സൂര്യന് അമ്പതു വയസ്സുണ്ട്….
നാൽപ്പതുവർഷങ്ങൾ വീണ്ടും പിന്നിട്ടിരിക്കുന്നൂ……
അയാൾ,എഴുന്നേറ്റു തിരിഞ്ഞു നടന്നു.
സന്ധ്യമയങ്ങാൻ തുടങ്ങിയിരിക്കുന്നൂ….
തേയിലക്കാടുകൾക്ക് ഇരുണ്ട പച്ചനിറം കൈവന്നുതുടങ്ങി.
തണുപ്പുണ്ട്…..
കോടമഞ്ഞു മടങ്ങിവരാറായി…..
പക്ഷികൾ മടങ്ങിവരാറായി…..
കാടിറങ്ങി ആനകൾ വരാം…..
ഗേറ്റിനടുത്തെത്തുമ്പോഴേക്കും ഇരുട്ട് പരക്കാൻ തുടങ്ങിയിരുന്നൂ…..
അയാൾ കതകുതുറന്നകത്തേക്കു കയറി…..
ചാരുകസേരയിലിരുന്നൂ.
എഴുത്തുപലകയിൽ കടലാസുകൾ എടുത്തുവച്ചു.
സാംബശിവന്റെ കഥാപ്രസംഗത്തിലെ പാട്ടിന്റെ വരികൾ എഴുതിത്തുടങ്ങി……
“ദുഃഖിതരുടെ കണ്ണീരൊപ്പാൻ….
ദുസ്ഥിതി മാറ്റാൻ പൊരുതൂ….
ദുസ്ഥിതി മാറ്റാൻ പൊരുതൂ….
കലവറകൂടാതൊഴുകിച്ചേരൂ….
കാലത്തിന്റെ തിരക്കൂത്തിൽ…..”

By ivayana

Leave a Reply

Your email address will not be published. Required fields are marked *