രചന : ശ്രീജിത്ത് ഇരവിൽ ✍.
കഴിഞ്ഞ ലീവ് തൊട്ട് കെട്ടാൻ പെണ്ണിനെ അന്വേഷിച്ച് നടക്കുകയായിരുന്നു. ഇഷ്ടമാകുന്ന അവളുമാർക്കൊന്നും എന്നെ ഇഷ്ടപ്പെട്ടില്ല. വാടക വീട്ടിൽ കഴിയുന്ന പെണ്ണിനും അവളുടെ മാതാപിതാക്കൾക്കും വരെ, മറ്റൊരു വാടക വീട്ടിൽ താമസിക്കുന്ന എന്നെ ഉൾക്കൊള്ളാനേ കഴിഞ്ഞില്ല. ഈയിടയായി അതിന്റെ നിരാശയും അമർഷവും എന്നിൽ ഏറെയുണ്ട്.
തന്നിലും ഉയർന്ന ചുറ്റുപാടുകളിലേക്ക് മാത്രം കണ്ണെറിയുന്ന പെണ്ണുങ്ങളുടെ കമ്പോളത്തിലേക്കാണ് ഞാൻ കയറി ചെന്നതെന്ന് പതിയേ മനസ്സിലായി. അവരേയും കുറ്റം പറയാൻ പറ്റില്ല. ആരായാലും പണം ഭരിക്കുന്ന ഈ ലോകത്ത് തന്നിലും കൂടുതൽ സമ്പത്തുള്ളവരുമായി ബന്ധം സ്ഥാപിക്കാനല്ലേ മനുഷ്യർ ശ്രമിക്കുകയുള്ളൂ…
അന്ന്, പുതിയ പെണ്ണുകാണൽ ചടങ്ങിലേക്ക് പ്രവേശിക്കാൻ കല്ല്യാണ ബ്രോക്കറായ സുഗുണനെ കാത്തിരുന്ന നാളായിരുന്നു. വൈകാതെ, പൂക്കളുള്ള ഷർട്ട് ഇൻസൈഡ് ചെയ്തൊരു കൂളിംഗ് ഗ്ലാസും വെച്ച് ആള് വന്നു. ഇത്തരം വർണ്ണ ശബളമായ വേഷത്തിൽ മാത്രമേ അയാളെ കാണാറുള്ളൂ… ഞങ്ങൾ പുറപ്പെട്ടു….
വിലാസത്തിന്റെ മുറ്റത്ത് എത്തിയപ്പോഴേക്കും സ്വാഗതം ചെയ്യാൻ പെണ്ണിന്റെ അച്ഛൻ ഉമ്മറത്തേക്ക് വന്നിരുന്നു. സുഗുണൻ പറഞ്ഞത് പോലെ ഡിഗ്രീക്കാരിയായ പെണ്ണിന്റെ വീടും പറമ്പും മനോഹരം തന്നെ. പതിവില്ലാത്ത തരത്തിൽ പെണ്ണുകാണാൻ ചെന്ന വീട്ടിൽ നിന്ന് ബഹുമാന പൂർവ്വമുള്ള ഇടപെടൽ അനുഭവപ്പെട്ടപ്പോൾ പന്തികേടാണ് തോന്നിയത്. ഞാൻ സുഗുണനെ ഇടം കണ്ണിട്ടൊന്ന് നോക്കി.
‘ഇവന് ഒരു മാസം തികിച്ചില്ലയിനി ലീവ്. പോകും മുമ്പേ നിശ്ചയം നടത്തണമെന്നാണ് കരുതുന്നത്…’
കേട്ടപ്പോൾ പെണ്ണിന്റെ അച്ഛൻ താടി ചൊറിഞ്ഞൊന്ന് ആലോചിച്ചു.
ആളൊരു റിട്ടേർഡ് പട്ടാളക്കാരനാണ്. അപ്പോഴേക്കും നീല സൽവാറുമുടുത്ത് പെണ്ണ് വന്നു. ചായ കുടിച്ചുകൊണ്ട് ഞാൻ അവളെ നോക്കി.
‘ഇവളേം കൊണ്ട് പോകില്ലേ….?’
അവിടെ നിന്ന് എല്ലാം നിർത്തിയിട്ട് വരാനുള്ള ആലോചനയിലായിരുന്നു. കെട്ട് കഴിഞ്ഞാൽ നാട്ടിൽ തന്നെ എന്തെങ്കിലുമൊക്കെ തുടങ്ങണമെന്നായിരുന്നു ആഗ്രഹം. അതുപറയാൻ തുടങ്ങും മുമ്പേ സുഗുണൻ അതിന് മറുപടി കൊടുത്തു.
‘കെട്ട് കഴിഞ്ഞ് മൂന്നേ മൂന്ന് മാസം. പെണ്ണും കടല് കടക്കും…’
കുടുംബസമേതം പെണ്ണ് പുഞ്ചിരിച്ചു. എന്നാൽ പിന്നെ ഇവർ എന്തെങ്കിലുമൊക്കെ സംസാരിച്ചോട്ടെയെന്ന് പറഞ്ഞ് പെണ്ണിന്റെ അച്ഛൻ എഴുന്നേൽക്കുകയും ചെയ്തു. അപ്പോഴും ഞാൻ സുഗുണനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു. അയാൾ ആണെങ്കിൽ മറ്റ് കാര്യങ്ങളൊക്കെ സംസാരിച്ച് പെണ്ണിന്റെ അച്ഛന്റേയും അമ്മയുടേയും കൂടെ മുറ്റത്തേക്ക് ഇറങ്ങി.
‘എവിടെയാ പഠിച്ചത്….?’ അവൾ ചോദിച്ചു.
” ചെമ്പാറ ഹൈ സ്ക്കൂളിൽ.. ” ഞാൻ പറഞ്ഞു.
‘അതല്ലെന്നേ… എഞ്ചിനീയറിംഗ് എവിടെയാണ് പഠിച്ചതെന്ന്…?’
ഗൾഫിലെ കെട്ടിട നിർമ്മാണ തൊഴിലാളിയായ എന്നോട് എഞ്ചിനീയറിംഗ് പഠിച്ചത് എവിടെയാണെന്ന് ചോദിച്ചാൽ എന്തുപറയാനാണ്… സുഗുണൻ ഇല്ലാത്ത കാര്യങ്ങളൊക്കെ പെണ്ണിന്റെ വീട്ടിൽ വിശ്വസിപ്പിച്ചിരിക്കുന്നുവെന്ന് എനിക്ക് മനസ്സിലായി. ഞാൻ എഞ്ചിനീയറിങ്ങൊന്നും പഠിച്ചിട്ടില്ലായെന്ന് പറയുന്നതിന് മുമ്പേ എന്നെ ഇഷ്ട്ടമായോ എന്ന് അവൾ ചോദിച്ചു.
‘ഫോട്ടോ കണ്ടപ്പോഴെ എനിക്കിഷ്ട്ടായി.’
“എനിക്കും..”
അതുപറയുമ്പോൾ അവളുടെ കണ്ണുകൾ രണ്ടും നാണത്തോടെ തറയിലേക്ക് വീണിരുന്നു. താൻ വിചാരിക്കുന്നത് പോലെ ഞാൻ ഒരു എഞ്ചിനീയറൊന്നും അല്ലായെന്ന് പറയുമ്പോഴേക്കും സുഗുണന്റെ ശബ്ദം വന്ന് ഇടയിൽ കയറി.
‘വെറും എഞ്ചിനീയറല്ലല്ലോ… എം ബി എ പഠിച്ച എഞ്ചിനീയറാണല്ലോ…’
കേട്ടപ്പോൾ ചിരിച്ചുകൊണ്ട് അവളുടെ അച്ഛനും അമ്മയും വന്നു. എന്നാൽ പിന്നെ അടുത്തയാഴ്ച്ച നിങ്ങൾ എല്ലാവരും ചെറുക്കന്റെ വീട്ടിലേക്ക് വന്നാട്ടെയെന്നും പറഞ്ഞ് സുഗുണൻ എന്നേയും കൂട്ടി അവിടെ നിന്നിറങ്ങി. സുഗുണന്റെ സ്കൂട്ടറിൽ കയറുമ്പോഴും പെണ്ണ് ആ കതകും ചാരി എന്നെ നോക്കുന്നുണ്ടായിരുന്നു.
ഹെൽമെറ്റ് ഇട്ടതുകൊണ്ട് മാത്രം സുഗുണന്റെ തലക്കിട്ട് രണ്ടെണ്ണം കൊടുക്കാൻ പറ്റിയില്ല. വണ്ടി നിർത്തിച്ച് കയർത്തപ്പോൾ എങ്ങനെയെങ്കിലുമൊരു കല്യാണം കഴിക്കണമെന്ന് പറഞ്ഞ് കെഞ്ചിയത് നീ മറന്നുവോയെന്ന് ചോദിച്ച് സുഗുണനും തിരിച്ചും കയർത്തു. ഞാൻ അപ്പോൾ ചെറുതായിട്ടൊന്ന് അടങ്ങി.
‘എന്നാലും….!’
“ഒരു എന്നാലുമില്ല. നീ ഇടങ്ങേറ് ആക്കിയില്ലെങ്കിൽ ഈ കല്യാണം ഭംഗിയായി നടക്കും. “
‘സത്യമറിയുമ്പോൾ…!’
“ഒന്നും സംഭവിക്കില്ല. എന്നെ വിശ്വസിക്ക്…. എല്ലാം ഞാൻ നോക്കിക്കൊള്ളാം… “
ഒരു കല്യാണം നടക്കണമെങ്കിൽ ആയിരം കള്ളം പറഞ്ഞാലും കുഴപ്പമില്ലെന്ന പക്ഷത്തേക്ക് അവളോടുള്ള ഇഷ്ടത്തോടെ ഞാൻ പതിയേ ചാഞ്ഞു. തങ്ങളുടെ താൽപ്പര്യങ്ങളിലേക്ക് പോകുന്ന വഴികളിൽ എന്ത് നെറികേട് കാട്ടിയാലും മനുഷ്യർ അതിനൊരു ദുർബലമായ ന്യായീകരണം കണ്ടെത്തും. അത് സ്ഥാപിക്കാൻ അവനേത് അറ്റം വരേയും പോകുമെന്നതും സ്വയം പഠിപ്പിച്ചു.
സുഗുണൻ പറഞ്ഞതുപോലെ കാര്യങ്ങളൊക്കെ ഭംഗിയായി നടന്നു. അമ്മയ്ക്ക് പെണ്ണിനെ വളരേ ഇഷ്ടപ്പെട്ടു. വർഷമൊന്ന് കഴിഞ്ഞപ്പോൾ ഞാനും അമ്മയും മാത്രമുള്ള ആ വീട്ടിലേക്കൊരു നിലവിളക്കുമായി അവളും വരാൻ പോകുന്ന നാൾ മുന്നിൽ തെളിഞ്ഞു. ഞങ്ങളുടെ വാടക ലോകത്തിലേക്ക് കൂടുതൽ പ്രകാശം നിറയാൻ പോകുന്നത് പോലെ…
എന്നിരുന്നാലും തന്റെ ഭർത്താവ് കള്ളനാണെന്ന് അവൾ തിരിച്ചറിയുന്ന നിമിഷങ്ങൾ എന്നെ ഇടയ്ക്ക് വന്ന് അസ്വസ്ഥമാക്കാറുണ്ട്. അല്ലെങ്കിലും, നമുക്ക് കള്ളം പറഞ്ഞ് വിശ്വസിപ്പിക്കാൻ പറ്റാത്ത ഒരേയൊരു വ്യക്തി നമ്മൾ മാത്രമല്ലെയുള്ളൂ…
അന്ന്, കല്യാണ രാത്രിയിൽ പോകാനിറങ്ങിയ സുഗുണനോട് ആ മാനസിക അസ്വസ്ഥതകൾ ഞാൻ പറഞ്ഞു. ഇങ്ങനെ എത്രയെത്ര കല്ല്യാണം കണ്ടിരിക്കുന്നുവെന്ന ലാഘവത്തിൽ അയാൾ ആ രഹസ്യം വെളിപ്പെടുത്തുകയാണ്. എനിക്കത് പൂർണ്ണമായും എന്നെ ന്യായീകരിക്കാനുള്ള അറിവും, ആശ്വാസവും ആയിരുന്നു…
ആ ശ്വാസവും മറുക്കെ പിടിച്ചാണ് ആദ്യ രാത്രിയിലേക്ക് കയറി ചെന്നത്. എട്ടിൽ പഠിപ്പ് നിർത്തിയ എഞ്ചിനീയറേയും കാത്ത് അവൾ ക്ഷമയോടെ കട്ടിലിൽ ഇരിക്കുന്നുണ്ടായിരുന്നു. സുഗുണൻ പറഞ്ഞത് ഓർത്തപ്പോൾ അറിയാതെ ചിരിച്ചുപോയി. അത് ഒരിക്കലും പത്തിൽ തോറ്റപ്പോൾ പഠിത്തം നിർത്തിയ എന്റെ ഡിഗ്രീക്കാരി ഭാര്യയെ ഓർത്തായിരുന്നില്ല. പട്ടാളക്കാരനാണെന്ന് പറഞ്ഞ അവളുടെ അച്ഛൻ വാറ്റുകാരൻ നാരായണനെ ഓർത്തായിരുന്നു….!!!
