ഏഴുലക്ഷത്തി മുപ്പത്തിരണ്ടായിത്തിൻ്റെ ഭാരിച്ച കടമീ ഇരുപത്തിരണ്ടാം വയസ്സിലുണ്ടാക്കിയതിനാണ് അച്ഛനെന്നെ വീട്ടിൽ നിന്നിറക്കിവിട്ടത്. കടമങ്ങേര് എനിക്കുള്ള ഓഹരി വിറ്റ് വീട്ടിക്കോളാമെന്നും
കുരുമുളക് ചാക്കിനു വീണ തുളപോലെ നിന്നെയീ കുടുംബത്തിനു വേണ്ടായെന്നും പറഞ്ഞ് മുഖമടച്ചു പൊട്ടിച്ചിട്ടാണങ്ങേര് വാതിലടച്ചത്.
പെറ്റതള്ളയായിട്ടു പോലും അങ്ങേരുടെ കെട്ട്യോളതിനെയെതിർത്തു പറയാത്തതിൽ എനിക്കമർഷം തോന്നി.ഒറ്റക്ക് സുഖിക്കാനായിരുന്നില്ല ഞാനത്രേം തുകയുടെ കടക്കാരനായത്.

ബിസിനെസിലെനിക്ക് രാശിയില്ലാതെ പോയി,
രക്ഷപ്പെട്ടിരുന്നേൽ അവർക്കൂടെയുള്ളതായിരുന്നു എല്ലാം.
കറുത്ത റീബോക്കിൻ്റെ പഴഞ്ചനൊരു ബാഗിൽ തുണിയെല്ലാം നിറച്ചിറങ്ങുമ്പോൾ എങ്ങെനേലും നാലു പുത്തനുണ്ടാക്കി തന്തേടെ മുന്നിൽ നിവർന്നു നിക്കണമെന്ന ചിന്തയായിരുന്നു.
കള്ളവണ്ടി കേറി ഒഡീഷയിലെ മഹേന്ദ്രഗിരിയിൽ വന്നിറങ്ങുമ്പോൾ ഇതാണെൻ്റെതട്ടകമെന്നുറപ്പിച്ചിരുന്നു.
പണ്ടങ്ങോ മുത്തച്ഛൻ
പറഞ്ഞറിവുണ്ട് ഇവിടുത്തെ കുറിച്ച്.
അവിടെയൊരു മലയുണ്ടെന്നും അതിനുള്ളിൽ
അധികമാർക്കുമറിയാത്ത പാതാളമുണ്ടെന്നും
അതിനകത്തുള്ള നീല നിറത്തിലുള്ള കല്ലിൽ ദേവാംശമുണ്ടെന്നും, അത് കിട്ടിയാൽപിന്നെ വിചാരിക്കുന്ന പണം കയ്യിലിരിക്കുമെന്നും പറഞ്ഞത് ഉള്ളിൽ പതിഞ്ഞു കിടപ്പുണ്ടായിരുന്നു.

കിളവൻ പൊളി പറയാറില്ല എന്ന വിശ്വാസത്തിലാണ് ഇത്രയും ദൂരം അഞ്ചിൻ്റെ പൈസയില്ലാതെ വന്നിറങ്ങിയത്.
ഇവിടെയൊരു ഫാക്ടറിയിൽ ദിവസ വേതനത്തിനു കേറി ഞാനെൻ്റെ നിലയുറപ്പിച്ചു,അവിടെ വെച്ചാണ്
ഞാൻ ഗീതയെ പരിചയപ്പെടുന്നത്.
കാണാൻ വല്യ പാങ്ങില്ലെങ്കിലും അവൾ തൊഴിലാളി യൂണിയൻ്റെ എണ്ണം പറഞ്ഞ തലൈവിയായിരുന്നു. അവൾക്ക് പറയത്തക്ക കുടംബക്കാരാരുമില്ലെന്നും കെട്ടിയോനൊരപകടത്തിൽ നടുവൊടിഞ്ഞു
അനങ്ങാ മനുഷ്യനായി കിടപ്പ് തുടങ്ങിയിട്ട്
വർഷമേഴ് കഴിഞ്ഞെന്നും കേട്ടപ്പോൾ എനിക്ക് ചിരി വന്നു.
ഗീതക്ക് എന്നേക്കാൾ പത്ത് വയസ്സ് മൂപ്പ് കാണുമെങ്കിലും തടിയിലോട്ടു മാത്രം നോക്കുവാണേൽ അവളൊരു വെടിചില്ല് ചരക്കാണ്. അവളടുത്തു വരുമ്പോഴുള്ള കടുകെണ്ണയുടെ മണമൊഴിച്ചാൽ കയ്യിൽ കിട്ടിയാലവളെ വെറുത വിടാൻ ഏതു കിളവനും ഒക്കത്തില്ല.

ഞാനൊരു നിർഗുണ പരഭ്രന്മം നടിച്ചാണ് അവളോടടുത്തു കൂടിയത്. മനുഷ്യന്മാരെ ചാക്കിലാക്കാൻ അല്ലേലും എന്നെ കഴിഞ്ഞിട്ടേ ആൾക്കാരുള്ളു. അതു കൊണ്ടാണല്ലോ നടുവൊടിഞ്ഞു കിടക്കുന്ന കെട്ടിയോന് കേരളത്തിൽ നിന്നുള്ള പച്ചമരുന്നാണന്ന് പറഞ്ഞ് വെളിച്ചണ്ണയിൽ കുറുന്തോട്ടി കാച്ചി ഉഴിച്ചിൽ നടത്തി അവളുടെ ചായിപ്പിലെ സ്ഥിരം പൊറുതിക്കാരനായത്.
മലയിൽ വിറകു ശേഖരിക്കാൻ അവളുടെ ഒപ്പം നടന്ന് ഞാനൊരു വിശുദ്ധ പ്രേമമങ്ങ് കാച്ചി ,
ഒന്നും നടക്കത്തില്ലെന്ന് ഒറ്റക്കാലിൽ നിന്ന ഗീതയെ തൂങ്ങിമരിക്കൽ നാടകം കളിച്ചാണ്
വശത്താക്കിയത്. അന്തി പാതിരയാകുമ്പോ
ചായിപ്പിൽ നിന്നെണീറ്റ് അവളുടെ കൂടെ കിടക്കുന്നത് കെട്ടിയോനറിയരുതെന്ന് അവൾക്ക് നിർബദ്ധമായിരുന്നു.

കടുകെണ്ണക്ക് പകരം വെളിച്ചെണ്ണ മുടിയിൽതേക്കാൻ തുടങ്ങിയപ്പോഴെ അവളുടെ പോങ്ങൻ കെട്ടിയോൻ സംഭവം മണത്തറിഞ്ഞിട്ടുണ്ടെന്നെനിക്കറിയാം.
രാത്രിയിലവളുമായി കിടക്കുമ്പോൾ മൂളിയും ഞരങ്ങിയും അവൾ കെട്ടിയോനറിയണ്ടന്ന മര്യാദ കാണിക്കും. അതിലെവിടെ സുഖമിരിക്കുന്നു…!
അവനപ്പുറത്ത് കിടന്ന് ഉരുകുന്നുണ്ടെന്ന് അറിയുമ്പോഴാണല്ലോ ശരിക്കുമുള്ള സുഖം,
രതിയിലേർപ്പെടുമ്പോൾ ഞാനിടക്ക് മനപ്പൂർവ്വം
സുഖം കൊണ്ട് അലറി വിളിക്കും.
വാതിൽ വിരിക്കപ്പുറത്തേക്ക് അയാൾ അട്ടം നോക്കി കണ്ണും തുറന്ന് കിടക്കുന്നതു കാണുമ്പോൾ ഞാനവളെ കെട്ടിപിടിച്ചു കിടക്കും. ഇനിയെൻ്റെ തന്തേടെ മുന്നിലും കൂടി ഞെളിഞ്ഞു നിന്നു നാലു പറയണമെന്നുണ്ട്.
അതിന് കയ്യിൽ കിട്ടിയാൽ വിചാരിച്ചതുനടക്കുന്ന നീലക്കല്ലു കിട്ടണം. മലക്കു ചുറ്റും നടന്ന് കിളവൻ
പറഞ്ഞ വഴി ഏതാണന്ന് തല പുണ്ണാക്കിയിരിക്കുമ്പോഴാണ് ഗീത കുളി തെറ്റിയ വിവരം പറഞ്ഞത്. നാട്ടിലറിഞ്ഞാൽ പിഴച്ചു പെറ്റതിൻ നാടുകടത്തുമെന്നും ഒറ്റപ്പെടുത്തുമെന്നും അവൾ വിമ്മിട്ടപ്പെട്ടു.

മ&₹ര് …
അവളുടെ കൊണ കേട്ടിട്ടെനിക്ക് കലിയാണ് വന്നത്. ഗർഭമുണ്ടേൽ നേരം കാലമാവുമ്പോൾ അങ്ങ് പെറണം, അല്ലാതെ എന്നോട് പറഞ്ഞിട്ടെന്തിനാണന്ന് ചോദിക്കാൻ തോന്നിയെങ്കിലും നീലകല്ല് കൈക്കലാക്കാൻ
എന്നെ സഹായിക്കാൻ മഹേന്ദ്രഗിരി അരച്ചു കലക്കി കുടിച്ച ഇവളു വേണമെന്ന ബോധമുള്ളത് കൊണ്ട് ഞാനെൻ്റെ നാവടക്കി
അവളെ ചേർത്തു പിടിച്ചു .
നമുക്ക് നാട്ടിൽ പോയി സുഖിച്ചു കഴിയാമെന്നും പക്ഷേയവിടെ ഒരു പാട് കടമുണ്ടെന്നും അച്ഛൻ്റെ പിടിപ്പുകേടാണന്നും പറഞ്ഞ് കള്ള കണ്ണീരൊഴുക്കി , പണമുണ്ടാക്കാൻ ഒരു വഴിയുണ്ടെന്നും കൊച്ചിനെ രാജാകുമാരനെ പോലെ വളർത്തണമെന്നും അവളുടെ നാഭിതടവി ആശകൊടുത്ത് ഞാൻ നീലകല്ലിനെ കുറിച്ച് പറഞ്ഞു.

ഇവിടുത്തുകാരിയായിരുന്നിട്ടും അവൾക്ക്
ഇതൊക്കെ പുതിയ അറിവായിരുന്നു.
കല്ല് ഒരു വട്ടമെടുത്ത് ആവശ്യം കഴിഞ്ഞ്
തിരികെ വെക്കാമെന്ന് പറയേണ്ടി വന്നത്
അതെടുത്താൽ ഈ നാടങ്ങ് നശിക്കുമോയെന്ന അവളുടെ ഇല്ലാ പേടി കൊണ്ടാണ്.
ഞാനവളെ ഇല്ലാത്ത ആശ കൊടുത്ത് വശത്താക്കി ഒപ്പം നിക്കാൻ സമ്മതിപ്പിച്ചു.
നടുതല്ലി കിടക്കുന്ന ആ കിഴങ്ങനെ ഒപ്പം കൂട്ടണമെന്നായിരുന്നു അവളു പറഞ്ഞ ഏക ഡിമാൻഡ്.

ഹോ അവളുടെയൊരു ദിവ്യ സ്നേഹം…
എൻ്റെ കൂടെ കിടന്നാണോ അവനിക്ക് പ്രേമം കൊടുക്കുന്നതെന്ന് ഇങ്ങനെയൊരവസ്ഥയല്ലേൽ ഞാനവളുടെ മുടിക്കുത്തിനു പിടിച്ചു ചോദിച്ചേനെ.
ആവശ്യക്കാരൻ ഞാനായത് കൊണ്ട് മാത്രം അതും സമ്മതിച്ചു കൊടുത്ത് ചുണ്ടിലമർത്തിയൊരുമ്മയും നൽകി.
ഏതവളുമാരും സ്നേഹം കൊടുത്താൽ ജീവൻ തരുമെന്ന് ഏതാണുങ്ങൾക്കാണറിയാത്തത്.
ചൂരൽ കൊട്ടയിൽ ഭക്ഷണവും പുതപ്പുമെടുത്ത് ഞങ്ങൾ മല കയറാൻ തയ്യാറായി. അന്നേരമവൾ കെട്ട്യോൻ്റെ തലക്കാം പുറത്തൊരു ഉറികെട്ടി വലിയ മൺകുടം നിറയെ വെള്ളം നിറച്ച് തുണിക്കീറുണ്ടാക്കി അയാളുടെ വായിൽ വെച്ചു കൊടുത്തു. അങ്ങേരവളെ കണ്ണ് നിറച്ച് നോക്കി, നമുക്ക് രക്ഷപെടാനെന്നും പറഞ്ഞവൾ കണ്ണീരൊഴുക്കിയപ്പോൾ ഞാനായാളുടെ മുന്നിൽ വച്ചവളെ വിളിച്ചെഴുന്നേൽപിച്ച് ആലിംഗനം ചെയ്തു.

നെഞ്ഞ് പൊട്ടിയവൻ ചാവട്ടെയെന്ന് തന്നെയായിരുന്നു മനസ്സിൽ .
മല കയറിയിച്ചിരിയെത്തിയപ്പോഴേക്കും അവൾ ക്ഷീണം പറയാൻ തുടങ്ങി. കടിഞ്ഞൂൽ ഗർഭത്തിൻ്റെ തഞ്ചക്കേടായിരുന്നവൾക്ക്. ഒരു ഗുളിക കൊടുത്ത് കലക്കി കളയേണ്ട കേസാണ് ,
ഒരു വഴിക്കിറങ്ങുമ്പോൾ മുടക്കം പറഞ്ഞു നിക്കുന്നത്. ഞാനൊന്നും പറയാൻ നിന്നില്ല.
അവളെ തോളിലെടുത്ത് നടക്കുമ്പോഴൊക്കെയും അവളുമ്മ തന്ന് കൊണ്ടിരുന്നു.
യാത്രയുടെ ഏഴാം നാളായിരുന്നു പാതാളമുഖത്തെത്തിയത്. മണ്ണിടിഞ്ഞുണ്ടായ ഒരു കിടങ്ങാണന്നെ തോന്നു.

അവൾക്കിറങ്ങാൻ പേടിയാണന്നു പറഞ്ഞു മടിച്ചു നിന്നെങ്കിലും ഞാനിറങ്ങി നടന്നപ്പോൾ ഒറ്റക്കു പോകണ്ടായെന്നും പറഞ്ഞ് അവൾ പിറകെ കൂടി, തീ പന്തം കത്തിച്ച് മുന്നോട്ട് നടക്കുമ്പോൾ അസ്ഥികൂടങ്ങൾ കണ്ടവൾ എന്നെ മുറുകെ പിടിച്ചു.
കണ്ണാടി മൂർഖനടക്കം വഴിയിൽ ഇഴഞ്ഞു നടപ്പുണ്ടായിരുന്നു.
ഇടതു ദിശയിലേക്ക് നടന്നവസാനിച്ചപ്പോൾ
നീല നിറം വ്യാപിച്ച ദിവ്യവെളിച്ചമുള്ള തടാകം കണ്ടു.
എത്തിയെന്ന് പറഞ്ഞവളെൻ്റെ പിടിവിട്ടു.
വെള്ളത്തിലൂളിയിട്ടെടുക്കണമെന്നും അതിനു മുമ്പൊരു ബലി വേണമെന്നും ഉറക്കെ പറഞ്ഞവളെൻ്റെ
പിറകിൽ നിന്നു കഠാരയിറക്കുമ്പോൾ ഞാനൊന്നുലഞ്ഞു പോയി.
എന്നെ തളളിയിട്ടവൾ കല്ലെടുത്ത് തലയിലാഞ്ഞടിച്ചു കൊണ്ടിരിക്കുമ്പോൾ
ഞാനവളെ വീഴ്ത്തിയ വലയേക്കാൾ മൂർച്ചയുള്ള
അവളുടെ വളകളോർത്തെനിക്ക് അഭിമാനം തോന്നി.

കല്ലിൻ്റെ ശക്തി കൊണ്ട് അവളുടെ കെട്ട്യോനെണീറ്റ് നടക്കുമെന്നും ,നിന്നേക്കാളൊരുപൊടി ഞാനയാളെ സ്നേഹിക്കുന്നെന്നും പറഞ്ഞൻ്റെ
ചുണ്ടിലുമ്മവെക്കുമ്പോൾ അവൾക്ക് കടുകെണ്ണയുടെ മണമായിരുന്നു.
അയാളെന്തു ഭാഗ്യവാനാണന്നു ചിന്തിക്കുമ്പോൾ എൻ്റെ അച്ഛനുമമ്മയും എന്നെ തന്നെ ചുറ്റിനടന്ന് കളിയാക്കുന്നതു പോലെ തോന്നി.ഞാനവസാന ശ്വാസമെടുക്കുമ്പോളവൾ നീല കല്ല് മുന്താണിയിൽ പൊതിഞ്ഞ് തിരിഞ്ഞു നോക്കാതെ നടക്കുകയായിരുന്നു.

By ivayana

Leave a Reply

Your email address will not be published. Required fields are marked *