രചന : ശ്രീലത രാധാകൃഷ്ണൻ.✍
“ഞാൻ പോയാൽ നിയ്യ് പഠിക്കും”.
അയാൾ എപ്പോഴും അവളോട് പറയുമായിരുന്നു. ആദ്യം പോയത് അവളായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ…
“ന്നെ ദൈവം കിടത്താതിരുന്നാൽ മതിയായിരുന്നു. നിന്നനിൽപ്പിൽ ആരെയും ബുദ്ധിമുട്ടിക്കാതെ പോണം”.
അവളുടെ പ്രാർത്ഥന ദൈവം കേട്ടുകാണും അവൾ പോയത് ഉറക്കത്തിലായിരുന്നു. ഒരു ഗ്ലാസ് വെള്ളം പോലും ആരോടും ആവശ്യപ്പെടാതെ.
“ഇതൊക്കെ ഇങ്ങള് നയിച്ചുണ്ടാക്കിയതല്ലേ മരണശേഷം കൊടുത്താൽ മതി
കുട്ട്യോക്കായാലും”. സ്വത്തുക്കളെല്ലാം കുട്ടികൾക്കായി ഭാഗിക്കുമ്പോൾ അവൾ ചെറുതായി എതിർത്തു. “അതിന് നെനക്കും എഴുതി വയ്ക്കുന്നുണ്ട്. നമ്മളെ വീട്
നെനക്ക് തന്ന്യാ”.
സാരിയുടെ തലപ്പിൽ മുഖം തുടച്ചു കൊണ്ട് മേശപ്പുറത്ത് അയാൾ കുടിച്ചു ബാക്കിവച്ച കട്ടൻചായയുടെ ഗ്ലാസുമായി അവൾ ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് നടന്നു.
കുട്ടികൾക്ക് രണ്ടുപേർക്കും സമയമില്ലാത്തതിനാൽ അവളുടെ മരണാനന്തര ചടങ്ങുകളെല്ലാം തന്നെ ഒറ്റ ദിവസത്തിൽ ഒതുക്കി.
“അടിയന്തിരം എല്ലാവരോടും പറയണ്ടേ മക്കളെ…” എന്ന് അയാൾ ചോദിച്ചതാണ്.
“പതിനാറ് ദിവസം വരെ ഇവിടെ നിൽക്കാൻ ആർക്കാണച്ഛാ നേരം?” മകനാണ് അതു പറഞ്ഞത്.
“മരിച്ചു കഴിഞ്ഞ് ആൾക്കാർക്ക് കുറെ തിന്നാൻ കൊടുത്തിട്ട് എന്തിനാ..” മകളും ഏട്ടനെ പിന്താങ്ങി.
“അച്ഛൻ വാശിപിടിച്ചു ഇവിടെ നിൽക്കണ്ട ഏട്ടന്റെ കൂടെ പൊയ്ക്കോൾണ്ടൂ. ഒരുമാസം അവിടെ ഒരു മാസം ന്റെ കൂടെ. അങ്ങനെയാ ഞങ്ങള് തീരുമാനിച്ചത്.
രണ്ടുദിവസം കഴിഞ്ഞ് അയാൾ മകന്റെ കൂടെ ഡൽഹിയിലേക്ക് പോയി. ആദ്യത്തെ രണ്ട് ദിവസം അയാൾക്ക് അസ്വസ്ഥതയൊന്നും അനുഭവപ്പെട്ടിരുന്നില്ല. നാട്ടിലുള്ള സുഹൃത്തുക്കളെ കാണാത്ത ബുദ്ധിമുട്ടല്ലാതെ…
ഒക്കെ സംഭവിച്ചത് വൈകുന്നേരം മരുമകൾ നിലക്കടല തിന്നാൻ തന്നപ്പോഴാണ്. സാധാരണ പോലെ കടലത്തൊലിയെല്ലാം അയാൾ മേശപ്പുറത്ത് ഇട്ടു. കുട്ടികൾ ആരോ വന്ന് ഫാനിട്ടതും കടലയുടെ തൊലി മുഴുവൻ ഡൈനിങ്ങ് ഹാളിൽ പറന്നു നടന്നു.
” അമ്മയാണ് അച്ഛനെ ഇതെല്ലാം പഠിപ്പിച്ചത്. നേരെ ചൊവ്വേ കടല തിന്നാൻപോലും അച്ഛനറിയില്ല.” ആരോടെന്നില്ലാതെ മരുമകൾ പറഞ്ഞു. അങ്ങനെ ദിവസം ചെല്ലുന്തോറും ഓരോരോ അശ്രദ്ധ അയാൾ ചെയ്തു തുടങ്ങി. എല്ലാം അയാളുടെ ഭാര്യ പഠിപ്പിച്ചത്!
കൃത്യം ഒരു മാസം കഴിഞ്ഞപ്പോൾ അയാൾ മകളുടെ വീട്ടിലെത്തി. വരുന്നതിനു മുൻപേ തന്നെ മകൾ അയാൾക്ക് ക്ലാസ്സ് എടുത്തിരുന്നു. ഭാഷ അറിയാതെ ക്ലാസ്സിലിരിക്കുന്ന കുട്ടിയെപ്പോലെ വിമ്മിട്ടത്തോടെയാണ് അയാൾ അത് കേട്ടത്.
“അച്ചാ ചായ ഒന്നും ഉണ്ടാക്കാൻ നേരമില്ല. ഫ്രിഡ്ജിൽ കുറച്ചു മുന്തിരി ഇരിക്കുന്നുണ്ട്
അച്ഛൻ അത് എടുത്തു കഴിച്ചു കൊള്ളൂ. എനിയ്ക്ക് കുറച്ച് തിരക്കുണ്ട്”.
മകൾ പറഞ്ഞതിൽ പ്രകാരം അയാൾ ഫ്രിഡ്ജിലെ മുന്തിരിയെടുത്ത് മേശപ്പുറത്തുവച്ച് കഴിക്കാൻ തുടങ്ങി. നല്ല തണുപ്പുണ്ട്. അവളുള്ളപ്പോൾ ഫ്രിഡ്ജിൽ സാധനങ്ങൾ വയ്ക്കുന്നതിന് അയാൾ അവളെ വഴക്ക് പറയാറുണ്ടായിരുന്നു.. ഫ്രിഡ്ജിൽ വച്ച തണുത്ത സാധനങ്ങൾ ഒന്നും അയാൾക്ക് ഇഷ്ടമില്ലായിരുന്നു. മുന്തിരി കഴിച്ചതിനുശേഷം അയാൾ അയാൾക്കായി നൽകിയ മുറിയിലേക്ക് പോയി. ഒന്ന് കിടക്കട്ടെ എന്ന് വിചാരിച്ചപ്പോഴാണ് മകളുടെ ശബ്ദം ഉയർന്നുകേട്ടത്.
“ഒന്നും അമ്മ പഠിപ്പിക്കാഞ്ഞിട്ടാ. മേശപ്പുറത്ത് മുഴുവൻ മുന്തിരിത്തൊലി തുപ്പിവച്ചിട്ടുണ്ട്. ഇതിപ്പം ആരുവന്ന് എടുക്കാനാന്ന് വച്ചിട്ടാ…”
അയാളുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകിക്കൊണ്ടേയിരുന്നു. ബാഗിൽ സൂക്ഷിച്ച ഭാര്യയുടെ ഫോട്ടോ അയാൾ കയ്യിലെടുത്തു.
“നീയെന്നെ ഒന്നും പഠിപ്പിച്ചില്ലല്ലോ ഭാമേ… അയാൾ കരഞ്ഞു. വേണ്ടാത്തതൊക്കെ പഠിപ്പിച്ചല്ലോ നിയ്യ്… അയാൾ ദേഷ്യപ്പെട്ടു ഇനിയും ഞാൻ എന്തൊക്കെയാണ് പഠിക്കേണ്ടത് …. അയാൾ യാചനയോടെ അവളോട് ചോദിച്ചു.
“ഞാനില്ലാതായാലേ നിങ്ങള് പഠിക്കൂ” എന്ന് അവൾ പറഞ്ഞില്ല.
