രചന : ശ്യാം കുമാർ. എസ് ✍
മലരിൻ മണിമയ മുറ്റം നിറയെ
ചിങ്ങപ്പുലരി ചിരിക്കുമ്പോൾ
വിസ്മൃതിപൂണ്ടൊരുത്തുമ്പക്കൊടിയിൽ
പുണരും തുമ്പി വിറയ്ക്കുമ്പോൾ
മാനവ സുന്ദര സങ്കല്പത്തിൻ
ചേതന പൂക്കളമെഴുതുമ്പോൾ
അടവെച്ചിലവെച്ചെന്നുടെ പൂർവ്വികർ
കൊട്ടും വില്ലു ചിലയ്ക്കുമ്പോൾ
ഈറനണിഞ്ഞഴൽ പറ്റിയ
വാഴ് വുകൾ ഓണക്കോടി പുതയ്ക്കുന്നൂ
പതിതർ നമ്മുടെ പാട്ടിലുമൊരുചെറു
കതിർകാണാക്കിളി പാടുന്നൂ
മൂവടി കൊണ്ടാ മൂലോകത്തിൻ
മൂലകളോണം കൊള്ളുന്നൂ
പഴകിയ കാടികൾ പാൽമണമൂറും
പാലടയാകും തിരുവോണം
ജീവിതമെല്ലാമൊരുരസവിദ്യയിൽ
മുങ്ങും ചിങ്ങപ്പൊൻവെയിലിൽ
എവിടുണ്ടിതുപോൽ നീറും ജീവിത-
സന്ധികളെപ്പൂ ചൂടിക്കൽ !
കാരണമെന്തെന്നറിയുക മനമേ
കലരുക വന്നീ മുറ്റത്ത്
കാലം പണ്ടൊരു നാളിൽ നമ്മൾ –
ക്കഭയംതന്നു ഭരിച്ച നൃപൻ
നാടിനലംകൃതമായൊരു പൂർവ്വിക
സത്യം വിധിപോൽകാത്തരചൻ
നമ്മളെയെല്ലാമൊരുപോൽ കണ്ടാ-
വാടാമലരിന്നോർമ്മക്കായ്
പാതിര മുങ്ങിപ്പൊങ്ങുംച്ചിങ്ങ –
പ്പുലർകാലത്തിൻ പൂവിളിയിൽ
പാവം നമ്മുടെ തമ്പ്രാനെത്തും
തുമ്പമലർക്കിഴി നേദ്യവുമായ്
അപ്പോഴെങ്ങനെ നമ്മൾ ചിരിക്കാ-
തുണ്ണാതെങ്ങനെ കുരവയിടും
വല്ലായ്മകളെക്കാട്ടാനാകില്ല –
പ്പെരുമാളിൻ തിരുമുമ്പിൽ
ഉജ്ജ്വലമായൊരു ജീവസമാധി-
യ്ക്കുയരാൻ മോക്ഷപദം നേടാൻ
വടുവായെങ്കിലുമുരുവായ്പ്പാലന
ശക്തിയെ വീണ്ടും കണികാണാൻ
ശ്രാവണ പുലരി കറന്നൊരു പാലല തൃക്കാക്കരയിൽ നേദിച്ച് നാമെതിരേൽക്കുക മണിപീഠത്താ- ലടയാലൊരുപിടി മലരാലേ (തൃക്കാക്കര ശ്രീ വാമന ക്ഷേത്രം. മഹാവിഷ്ണുവിൻ്റെ ത്രിവിക്രമരൂപമാണ് അവിടെ പ്രതിഷഠ. ഈ ക്ഷേത്രം ഓണത്തിൻ്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട് നിൽക്കുന്നു)
°°°°°°°°°°°°°°°°°°°°°°°°°°°°°°
നന്മണ്ട
കവിത പ്രസിദ്ധീകരിച്ചതിന് നന്ദി കലാ സാംസ്കാരിക ഉന്നമനത്തിന് താങ്കളുടെ പരിശ്രമം ശ്ലാഘിക്കപ്പെടേണ്ടതു തന്നെ. നന്ദി