രചന : കെ.ആർ.സുരേന്ദ്രൻ ✍️
ഡിസംബറിലെ മഞ്ഞിൽ
കോച്ചി വിറച്ച് വന്ന നിലാവേ,
നീ പാതിരാവിൽ
എന്റെ വാതിലിൽ മുട്ടിയില്ലേ?
തെല്ലൊന്ന് അമ്പരന്ന്,
തെല്ലൊരു രോഷത്തോടെ,
തെല്ലൊന്ന് വ്യാകുലപ്പെട്ട്,
തെല്ലൊരു
ആകാംക്ഷയോടെ,
വാതിൽ ഞാൻ
നിനക്കായി തുറന്നില്ലേ?
ഒരു നാൾ മഞ്ഞിൽ
കുളിർന്ന് വിറച്ച് വന്ന
നിലാവേ
നീ എന്നോട് “നിന്റെ സ്വറ്റർ
എനിക്ക് തരിക,
മഫ്ളർ എനിക്ക് തരിക,
തൊപ്പി എനിക്ക് തരിക,
വല്ലാത്ത തണുപ്പ്,
ഞാൻ കുളിർന്ന് വിറക്കുന്നല്ലോ”.
ഞാൻ നിനക്ക്,
സ്വറ്റർ നൽകി,
മഫ്ളർ നൽകി,
തൊപ്പി നൽകി.
നിലാവേ, ഞാൻ പുതപ്പിനുള്ളിൽ,
തണുപ്പിന്റെ സൂചികൾ
ആഴ്ന്നിറങ്ങാതെ ഞാൻ
പുതപ്പിനുള്ളിൽ
അഭയം തേടിയല്ലോ?
കടൽ കടന്ന്, കര കടന്ന്,
മലഞ്ചെരിവിലെ
വീട്ടുവാതിലിൽ കാറ്റേ നീ
ഒരു നാൾ മുട്ടിയില്ലേ.
അനുവാദം ചോദിക്കാതെ
അകത്ത് കടന്ന് വന്ന
കാറ്റേ,
“ഞാനുള്ളപ്പോൾ നിനക്കെന്തിന് പങ്ക?”
എന്ന് നീ ചോദിച്ചല്ലോ?..
ഞാൻ ഫാൻ നിശ്ചലമാക്കി.
കാറ്റേ നീ ഏറെ നേരം
മുറിയിൽ പാറി നടന്നല്ലോ
ഒടുവിൽ ഒരു
ചിത്രശലഭമായി മാറി ,
നീ പുറത്തേക്ക് പറന്നല്ലോ?.
ഗ്രീഷ്മത്തിലെ ഒരു നട്ടുച്ചയ്ക്ക്,
തിളക്കുന്ന വെയിലേ,
നീ എന്റെ വാതിലിൽ മുട്ടിയില്ലേ?
“ചുട്ടു പൊള്ളുന്ന ചൂട്.
നിന്റെ കുടയെനിക്ക് തരിക”.
വെയിലേ നീ ആജ്ഞാപിച്ചില്ലേ?
എന്റെ കുട ഞാൻ
നിനക്ക് നൽകിയല്ലോ?
കുടയും ചൂടി നീ
പുറത്തിറങ്ങി നടന്നല്ലോ?
ആർത്തലച്ച് വന്ന വർഷമേ
നീ എന്റെ വാതിലിൽ മുട്ടിയില്ലേ?
കാന്തം ഇരുമ്പിലേക്കെന്ന പോലെ
എന്നെ പുറത്ത് നിർത്തി
എന്നിൽ നീ പെയ്ത് നിറഞ്ഞില്ലേ?
ഊഷരഭൂമിയിൽ
കനിഞ്ഞെത്തിയ
നിന്നിൽ ഞാൻ
കുളിച്ച് തിമർത്തല്ലോ.
കളിച്ച് തിമർത്തല്ലോ?

