മേശമേലേക്ക് പടർന്നു കിടക്കുന്ന മസാലദോശ
പാഞ്ചാലിയുടെ അഴിഞ്ഞ പുടവയെ ഓർമിപ്പിക്കുന്നു!
ചുമ്മാ പ്രസാദിച്ചു പോകാൻ വന്ന ദൈവം
എന്ത് വരം വേണമെന്ന്..
ഇതികർത്തവ്യതാമൂഢൻ ഞാൻ
നാറാണത്ത് ഭ്രാന്തനെപ്പോലെ,
മസാലദോശയെ ഉൾക്കൊള്ളാനും മാത്രം വലിപ്പമുള്ള പാത്രം മാത്രം
വരമായി ചോദിക്കുന്നു.
അമ്പരന്ന ദൈവം
ചെറുവിരലിൽ പൊക്കിച്ചൂടിയ
മലയുടെ പേരോർക്കാൻ ശ്രമിച്ചു
അമ്പേ പരാജയപ്പെടുന്നു,
ശേഷം
ജിം ബൂം ബാ മന്ത്രം ചൊല്ലി
അലസം പാതി പാത്രത്തിലും
പാതി മേശയിലുമെന്ന പോലെ
വിരിഞ്ഞു കിടന്ന ദോശയെ ഹിമാലയ സദൃശ്യം പൊക്കി നിർത്തുന്നു.
ഞാനോ?
“വേണ്ട പൊന്നേ,എനിക്ക് പരന്ന ദോശ മാത്രം
ദോശയേക്കാൾ വലിയ പാത്രം മാത്രം”
ഗ്രീക്ക് ഗോഡായ
മിന്നൽത്തലയൻ
നാല് തട്ട്ദോശ ചൂടോടെ വീശിയെറിയുന്നു
എങ്കിലും
എന്റെ മസാലദോശാ പിടിവാദത്തിൽ ഞാൻ
ഉറച്ചു തന്നെ.
ദൈവം ബാലാമണിയെപ്പോലെ
“എന്റെ കൃഷ്ണാ കുഴങ്ങീലോ ഞാൻ”
ദയനീയ ദൈവത്തിന്റെ അപേക്ഷ
“മറ്റേതെങ്കിലും വരം?”
ഒടുവിൽ ഞാൻ പരമ കാരുണ്ണികൻ
“സഞ്ജു സാംസണ്
അടുത്ത പ്ലെയിങ് ഇലവനിൽ ഒരു സ്ഥാനം”
“ജിം ബൂം ബാ” മസാല ദോശയേക്കാൾ
വലിയ പാത്രം എന്റെ മേശയിൽ..
പ്ലെയിങ് ഇലവനിലെ സഞ്ജുവിനെപ്പോലെ
ദൈവവും അത്രമേൽ അപ്രത്യക്ഷൻ… നിരാകാരൻ….

By ivayana

Leave a Reply

Your email address will not be published. Required fields are marked *