ജാലകവാതിലിനപ്പുറം
ഒരു നിശ്ശബ്ദ പ്രഭാതം വിരിയുന്നു,
മഴ കഴുകിയ ആകാശത്തിന്റെ നീലത്തിൽ
പുതിയ ദിവസത്തിന്റെ ശ്വാസം.
ചില്ലിലൊഴുകുന്ന തുള്ളികൾ
കാലത്തിന്റെ അക്ഷരങ്ങൾ പോലെ,
ഓരോ തുള്ളിയും വീഴുമ്പോൾ
ഒരു ഓർമ്മ പൊളിഞ്ഞുവീഴും.
മരങ്ങൾ കാറ്റിനോട് ചായുമ്പോൾ
ഇലകൾ രഹസ്യങ്ങൾ ചൊല്ലുന്നു,
ദൂരെയൊരു വഴിയിലൂടെ
നടന്നുപോയ ദിവസങ്ങൾ തിരിഞ്ഞുനോക്കും.
സന്ധ്യയുടെ ചെമ്പിച്ച വെളിച്ചത്തിൽ
നിഴലുകൾ നീളുമ്പോൾ,
വീണ ഇലകളുടെ മൗനത്തിൽ
ഒരു കാലത്തിന്റെ നിശ്വാസം.
ജാലകവാതിലിനപ്പുറം
നിൽക്കുന്ന ഒരു ലോകമുണ്ട്,
പറയാതെ പോയ വാക്കുകളുടെ
മങ്ങിയ പ്രതിധ്വനി.
ഞാൻ ചില്ലിലൂടേ നോക്കിനിൽക്കുമ്പോൾ
പെട്ടെന്ന് മനസ്സിലാകുന്നു –
തുറക്കാതെ കിടക്കുന്നത്
ജാലകമല്ല, എന്റെ മനസ്സാണ്.

അഡ്വ. നളിനാക്ഷൻ ഇരട്ടപ്പുഴ

By ivayana