വസന്തം പൂക്കാത്ത
കൊമ്പുകളിൽ
അവൻ വെറുമൊരു
നിഴലായിരുന്നു..
വർണ്ണപ്പക്ഷികൾ
ആകാശംപങ്കിടുമ്പോൾ
അവൻ തന്റെ കറുപ്പിൽ
ലോകത്തിന്റെ അന്ധകാരം
ഒളിപ്പിച്ചു വെച്ചു.
മരിച്ചവർക്കായി നീട്ടുന്ന
ഉരുളകളിൽ
അവൻ കൊത്തിവലിച്ചത്
വിശപ്പല്ല,
ഭൂമി ബാക്കിവെച്ച
മൗനങ്ങളായിരുന്നു.
ആരും കേൾക്കാത്ത
അവന്റെ കരച്ചിലിൽ
പഴയൊരു ജന്മത്തിന്റെ
വിതുമ്പലുകൾ
ബാക്കിയുണ്ടായിരുന്നു.
മനുഷ്യൻ അയിത്തം കൽപ്പിച്ച ദൂരങ്ങളിൽ
അവൻ മരണത്തിന്റെ കാവൽക്കാരനായ്..
ചിതയിലെചാരത്തിനും
കൊട്ടാരത്തിലെ
വെണ്ണീറിനും
ഒരേനിറമാണുള്ളതെന്ന്
ആ കറുത്ത മിഴികൾ പണ്ടേ അറിഞ്ഞിരുന്നു.
അശുഭമെന്ന മുദ്ര ചാർത്തി
ലോകം അവനെ
ആട്ടിയകറ്റുമ്പോഴും,
ചിറകു കുടഞ്ഞവൻ
പറന്നുയർന്നത്-
നശ്വരമല്ലാത്തൊരു ശൂന്യതയിലേക്കായിരുന്നു.
ഒടുവിൽ…..,
ആരും തിരയാത്തൊരാ
ശവപ്പറമ്പിൽ
മണ്ണിലലിഞ്ഞ അസ്ഥികൾക്ക്
കൂട്ടിരുന്ന്
അവൻ മൗനത്തിന്റെ
ചിതയൊരുക്കി..
പ്രാണന്റെ കറുത്ത
തൂവലുകൾ ഓരോന്നായ്
കാറ്റിലുലഞ്ഞു
വീഴുന്ന നേരവും
ആ മിഴികളിൽ
ബാക്കിയുണ്ടായിരുന്നു
ആരും കാണാതെ പോയൊരാകടലിരമ്പം!!
പരാതികളില്ലാതെ,
പരിഭവങ്ങളില്ലാതെ,
ആകാശത്തിന്റെ നീലിമയിൽ
അവൻ
ഒരുകറുത്തബിന്ദുവായ് മാഞ്ഞുപോകുവോളം…
“കാക്ക “

ലായമ്മ നെപ്പോളിയൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *