രചന : ബിന്ദു കുറ്റിപ്പാല ✍️
അങ്ങേത്തൊടിയിൽ നിന്ന്
എൻ്റെ മുറ്റത്തു വീണ
ഉണക്കിലകളാണു കലഹത്തിനു തുടക്കമിട്ടത്…..
ഇങ്ങേ വീട്ടിലെ കോഴികൾ
എൻ്റെ മുറ്റത്തെ ചേമ്പിൻതടം
മാന്തി മറിച്ചതാണ് പ്രശ്നം
ഗുരുതരമാക്കിയത്
വടക്കേലെപശു കയറുപൊട്ടിച്ച്
ഞാനോമനിച്ചുണ്ടാക്കിയ
വാഴവലിച്ചു കീറിയപ്പോഴാണ്
വേലി കെട്ടിയത്
അടുത്തുള്ളവരെ തുരത്തി
അകത്തു ഞാൻ ‘എൻ്റെ’
ലോകമുണ്ടാക്കിയപ്പോഴാണ്
അപകടം മണത്തത്
ആരുമറിയാതെൻ്റെ സോദരൻ
മറ്റൊരു ലോകം മുൻപേ
ചമച്ചിരുന്നത്രേ……
ഒരു വീടിനുള്ളിൽ വന്മതിൽ
പണിയാനിത്രയെളുപ്പമാണെന്ന്
അച്ഛനമ്മമാർക്കറിയില്ലായിരുന്നു
തീൻമേശയിൽ ഞങ്ങളാദ്യം
രുചികളെ പകുത്തെടുത്തു
പിന്നീട് യാത്രകളിൽ
ബന്ധുവീടുകളിലെ ‘കൂടിച്ചേരലിൽ
വീടും തൊടിയും പകുത്തെടുത്തു.
ഒടുവിൽ ഞാനച്ഛനേയും
അവനമ്മയേയും പങ്കിട്ടു
എൻ്റെ വീടിൻ്റിരുമ്പു വാതിൽ
വലിയ താഴിട്ടടച്ചു വച്ചു –
അച്ഛൻ മതിൽ ചാടാതിരിക്കാൻ
അമ്മയുടെ മുറി പുറത്തു നിന്നു പൂട്ടി അവനമ്മയേയും
ഭദ്രമാക്കി…..
എൻ്റെ മക്കൾ ഞാൻ കൊടുത്ത മധുരം
തുല്യമായ് പങ്കിടുമ്പോൾ
ഉള്ളിലൊരാന്തൽ ……
ഞാനവളെ ഒന്നു നോക്കി
അവളുടെ കണ്ണിലും അതേ പിടപ്പ്…..
