രചന : പി എൻ നാസ്സർ ✍️
ഓരോരോ ഋതുക്കൾ കടന്നു വരുമ്പോഴും അവ നമ്മളെ പഴയ കാലത്തേക്ക് കൈ പിടിച്ച് കൊണ്ടു പോവുക സ്വാഭാവികമാണല്ലോ.
പണ്ടൊക്കെ മലപ്പുറം ജില്ലയിൽ റംസാൻ നോമ്പു തുടങ്ങിയാൽ പിന്നെ ഞങ്ങൾ സിനിമാ ടാക്കീസുകാർക്ക് കഷ്ടകാലമാണ്. നോമ്പിന് പരസ്യമായി സിനിമ കാണാൻ വരാൻ തന്നെ ആളുകൾ മടിക്കുന്ന സമയമായിരുന്നു അത്. റംസാനിൽ സിനിമ ടാക്കീസ് നടത്തിയിരുന്നതിന്റെ പേരിൽ രഹസ്യമായും പരസ്യമായും ഞങ്ങളേയും ചിലരൊക്കെ അക്കാലത്ത് വിമർശിച്ചിരുന്നു.
കളക്ഷൻ തീരെ ഇല്ലാത്തതു കൊണ്ട് ജില്ലയിലെ മിക്കവാറും ടാക്കീസുകൾ ആ സമയത്ത് അടച്ചിടും. കൂട്ടത്തിൽ അത്യാവശ്യം മരാമത്ത് പണികളും, ഓല ഷെഡ്ഡാണെങ്കിൽ കെട്ടി മേച്ചിലും നടത്തുo. മാത്രമല്ല നല്ല ഹിറ്റ് പടങ്ങളൊന്നും റംസാൻ സമയത്ത് കളിക്കാൻ വിതരണക്കാർ നല്കുകയുമില്ല.
എരമംഗലം സീമയിൽ നോമ്പ് സമയത്ത് ഞങ്ങൾ പ്രദർശന സമയം ഒന്ന് മാറ്റിപ്പിടിക്കാറുണ്ട്. അതായത് ഒരു മാസം മാറ്റിനി ഷോ വേണ്ടെന്ന് വെക്കും. ഫസ്റ്റ് ഷോ നോമ്പ് തുറക്കൽ കഴിഞ്ഞ് ഏഴുമണിക്കാവും തുടങ്ങുന്നത്. എന്നാലും കാണികൾ വളരെ കുറവായിരിക്കും. പിന്നെയുള്ള പ്രതീക്ഷകൾ മുഴുവൻ വരാൻ പോകുന്ന പെരുന്നാളിന്റെ കളക്ഷനിൽ ആയിരിക്കും.
പെരുന്നാളിന് ദിവസങ്ങൾക്ക് മുൻപ് തന്നെ നാട്ടുകാർ ടാക്കീസിൽ വന്ന് പെരുന്നാളിന് ഏതാണ് പടമെന്ന് ആകാംക്ഷയോടെ ചോദിക്കും.. കൂട്ടത്തിൽ ആ സമയത്ത് ഹിറ്റായ ഏതെങ്കിലും സിനിമയുടെ പേരു പറഞ്ഞ് അത് കൊണ്ടുവരാൻ ആവശ്യപ്പെടും.
ദിവസങ്ങൾ അടുത്തു വരുന്നതോടെ ടാക്കീസിൽ അത്യാവശ്യം അറ്റകുറ്റപണികളും, പെയിന്റടിയും , മൂട്ടയെ കൊല്ലാൻ മരുന്നടിക്കലുമെല്ലാം തകൃതിയായി നടത്തും. പെരുന്നാളിന് കളിക്കാൻ പോകുന്ന പടത്തിന്റെ ഒന്ന് രണ്ട് പോസ്റ്റർ പുറത്ത് ഒട്ടിച്ചിടും. അത് കാണാനും അഭിപ്രായം പറയാനും അവിടെ ആളുകൾ ചുറ്റിപറ്റി നില്ക്കും.
നോമ്പിന്റെ ഇരുപത്തിയേഴാം രാവിനാണ് സക്കാത്ത് കൊടുക്കുന്ന ദിവസം..പിന്നെ നാലു ദിവസം കഴിഞ്ഞാൽ പെരുന്നാളായി. സക്കാത്ത് കിട്ടുന്ന പൈസ മുഴുവൻ കുട്ടികൾ സിനിമ കാണാനായി മാറ്റി വെക്കും. അതുകൊണ്ടു തന്നെ കുട്ടികളും , കുടുംബ പ്രേക്ഷകരും ഇഷ്ടപ്പെടുന്ന ഒരു ഹിറ്റ് സിനിമ പെരുന്നാളിന് വേണ്ടി ഒന്ന് രണ്ട് മാസം മുൻപെ തന്നെ ചാർട്ട് ചെയ്ത് വെക്കും.. അങ്ങിനെയൊന്ന് ഒത്ത് കിട്ടിയില്ലെങ്കിൽ ആ സീസണിലെ ഏറ്റവും കളക്ഷൻ വരുന്ന ഒരു ഫെസ്റ്റിവൽ ആണ് നഷ്ടപ്പെടുക. അതുകൊണ്ടു തന്നെ വിതരണക്കാരെ കാണേണ്ട പോലെ കണ്ട് ഒരു സൂപ്പർ ഹിറ്റ് പടം തന്നെ ബുക്ക് ചെയ്യും.
പെരുന്നാളിന്റെ അന്ന് പന്ത്രണ്ട് മണി തൊട്ടേ ആളുകൾ പടം കാണാൻ വന്ന് തുടങ്ങും. പെരുന്നാൾ നിസ്ക്കാരം കഴിഞ്ഞ് വീട്ടിൽ പോയി ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ പിന്നെയുള്ള ഇവരുടെ പരിപാടി അടുത്തടുത്തുളള ടാക്കീസുകളിൽ പോയി ഓരോ സിനിമയും മാറി മാറി കാണുക എന്നതാണ്. അന്ന് ഇത് മാത്രമായിരുന്നു വിശേഷ ദിവസങ്ങളിൽ സാധാരണക്കാർക്ക് ആകെയുളള ഒരു വിനോദ പരിപാടി.
ഇന്നിപ്പോൾ റംസാന് ഇവിടെ പ്രത്യേകിച്ച് മാറ്റങ്ങളൊന്നും ഇല്ല..എല്ലാ നാട്ടിലേയും പോലെ ഇവിടേയും മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ സിനിമകൾ പ്രദർശിപ്പിക്കുന്നു. ജനങ്ങൾ ഓണമോ, പെരുന്നാളോ ഒന്നുo ഓർത്തു വെച്ച് സിനിമക്ക് പോകുന്ന പരിപാടി തന്നെയില്ല. അധികം പേരും ഫാമിലി ടൂറുകളാണ് താല്പര്യപ്പെടുന്നത്. സിനിമകൾക്കും , സിനിമക്കാർക്കും സാധാരണക്കാരുടെ മനസ്സിൽ ഉണ്ടായിരുന്ന ആരാധനയും, അഭിനിവേശവും എങ്ങോ നഷ്ടപ്പെട്ടു പോയിരിക്കുന്നു..
ഒരിക്കൽ ഈ നാട്ടിലെ ജനങ്ങൾ ഒഴുകിയെത്തിയിരുന്ന ആ ടാക്കീസ് ഗൃഹാതുരമായ ഓർമ്മയായി മാറിയിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.. എന്നാലും ഓരോ ഓണവും, വിഷുവും, പെരുന്നാളും കടന്നു വരുമ്പോൾ മനസ്സിലേക്ക് ഇങ്ങിനെ ചില കാര്യങ്ങൾ ഓടിയെത്തുo..ഒപ്പം നിറഞ്ഞ് കവിഞ്ഞ ഹാളിൽ നിന്നുയരുന്ന ആരവങ്ങളുo…. പുത്തൻ ഉടുപ്പിട്ട് ചുരുട്ടിപ്പിടിച്ച കൈകളിൽ പൈസയുമായി സിനിമ കാണാനുള്ള ആകാക്ഷയോടെ കാത്ത് നിന്നവരെ പറ്റിയും ഓർത്തു പോവും. ആ കാലമൊക്കെ എങ്ങോ പോയി മറഞ്ഞിരിക്കുന്നു എന്നറിയാമെങ്കിലും..💕💕

