മലബാറിലെ വൈവാഹിക സാമ്പത്തികശാസ്ത്രം രൂപപ്പെടുന്നത് കുറിക്കല്യാണം എന്ന പ്രത്യയശാസ്ത്രത്തിലൂടെയാണ്. വടക്കേ മലബാറിലേക്ക് കടന്നാൽ ഇത് പണപ്പയറ്റെന്നാണ് അറിയപ്പെട്ടിരുന്നത്.
ഈ ഇടപാടിലൂടെ മാനവും അഭിമാനവും സംരക്ഷിച്ചു പോരാൻ
ആളുകൾ അഹോരാത്രം പണിപ്പെട്ടു. പണിക്കു പോകാതിരുന്നാൽ കുറിക്കല്യാണം കൂടാൻ കഴിയില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.

വൈകുന്നേരം മൂന്നു മണിയോടെ പെരുവയൽ അങ്ങാടിയിൽനിന്നും
കോളാമ്പിയിലൂടെ കുറിക്കല്യാണത്തിന്റെ പാട്ടുകേൾക്കാൻ
എന്റെ അയൽവാസികളായ കുട്ടികൾ ആശയോടെ കാതോർത്തിരുന്ന കാലം.
യഥാർത്ഥ പേരുകൾക്ക് പകരം
പ്രാകൃതമായ ഓമന പേരുകളിട്ടാണ് കുട്ടികളെ വീട്ടുകാരും അയൽവാസികളും വിളിച്ചു പോന്നത്.
അതിൽ ഓമനത്തമുണ്ടെന്നവർ വിശ്വസിക്കുകയും അഭിമാനത്തോടെ വാതോരാതെ വിളിക്കുകയും ചെയ്തു.

ചാപ്പൻ,പോറ്റി,ഞണ്ട് എച്ചുപ്പി, ദൂസ്മി, കടുങ്ങോൻ, കുട്ടിമ്മ
ഇത്യാദി പേരുകളായിരുന്നു അർദ്ധ പട്ടിണിക്കാരായ കുട്ടികളിൽ പലർക്കും.
ഞങ്ങളുടെ നാട്ടിലെ മിക്കവാറും കുറിക്കല്യാണങ്ങൾ അരങ്ങേറിയത് അങ്ങാടിയുടെ പടിഞ്ഞാറെ തലയ്ക്കലുള്ള ഗോപാലൻ വല്യച്ഛന്റെ ഓലപ്പീടികയിലായിരുന്നു. കാലം മാറിയമുതലത് കായലം റോഡിലെ കള്ള് ഷാപ്പിനോട് ചേർന്ന ഓട് മേഞ്ഞ കെട്ടിടത്തിലേക്ക്മാറി.
അന്നൊക്കെ കുറിക്കല്യാണം കൂടാൻ വരുന്നവർക്ക് ചായയും അവലു കുഴച്ചതും കൊടുക്കും.

ചിലപ്പോൾ വറുത്തകായ ഉണ്ടാകും. ഇല്ലെങ്കിൽ ബിസ്ക്കറ്റ്,മുട്ട റോസ്റ്റും ബ്രഡും കൊടുത്ത വലിയ കുറിക്കല്യാണങ്ങളും ഞാൻ കേട്ടിട്ടുണ്ട്.
കോളാമ്പിയിലെ പാട്ട് കേട്ട് തുടങ്ങിയാൽ എന്റെ അയൽപക്കത്തെ കുട്ടി എൻജിൻ സ്റ്റാർട്ടാകും.
ഒന്നിന് പിറകെ ഒന്നൊന്നായി തീവണ്ടി ബോഗികൾ കൊളുത്തിയ പോലെ
ഒരാളുടെ ചുമലിൽ ഒരാൾ പിടിച്ച്
വണ്ടിയോടിച്ച് ചാപ്പനും, പോറ്റിയും, ഞണ്ടും… വരിവരിയായി കുറിക്കല്യാണ പീടികയിലേക്ക് പുറപ്പെടും.

ഒരുസങ്കോചവുമില്ലാതെ
വണ്ടി നേരെ കുറിക്കല്യാണ പീടികയിലേക്ക് കയറ്റും. പിന്നെ വണ്ടിയുടെ ബോഗികൾ ഓരോന്നായി വേർപിരിയും.
ബോഗികൾ ഓരോന്നും ബെഞ്ചിലിരിന്ന് ഡെസ്കിൽ കൈമുട്ടുകുത്തി താടിക്ക് കൈ കൊടുക്കും.
പോറ്റിയെന്ന ഉണ്ണികൃഷ്ണനായിരുന്നു
എന്നും എൻജിൻ ഡ്രൈവർ.
എന്റെ കുട്ടിക്കാലത്ത് ആ പേര് അവനെ ആരും വിളിച്ചതായി ഓർമ്മയില്ല.
അവിടെയിരുന്ന് വയറു നിറയെ ചായയും പലഹാരവും കഴിക്കും.
ആരും അടുത്തവന്റെ പാത്രത്തിലേക്ക് നോക്കില്ല.
കഴിക്കാൻ തുടങ്ങുന്നതിന് മുമ്പ് പ്രാർത്ഥിക്കും.

“നാളെയും ഇതുപോലെ കുറിക്കല്യാണം ഉണ്ടാകണമേയെന്ന്”.
വീണ്ടും ബെഞ്ചിൽ നിന്ന് എഴുന്നേറ്റ് ബോഗികൾ
ഓരോന്ന് യാന്ത്രികമായി ഒന്നായി ചേരുന്നതോടെ വണ്ടി സ്റ്റാർട്ടാകും.
പോറ്റിയാണ് പൈലറ്റ്. എൻജിനും ബോഗികളും അടുത്ത വാതിലിലൂടെ ട്രാക്ക് തെറ്റാതെ വീട്ടിലേക്ക് പായും.
ഇത് അവരുടെ നിത്യ വിനോദമായിരുന്നു.
ദാരിദ്ര്യത്തിന്റെ നിറച്ചാർത്തുള്ള വിസ്മയിപ്പിക്കുന്ന വിനോദം.
കുറിക്കല്യാണ നടത്തിപ്പുകാർ മാറിമാറി വരുമെങ്കിലും.
സമാവറിൽ ചായ അടിക്കുന്നവനും.

നിലവിളക്കിനു മുൻപിൽ കണക്കെഴുതുന്നവനും, അവല് കുഴച്ചത് കോരി കൊടുക്കുന്നവനും പലപ്പോഴും പകരക്കാരില്ലാത്തവരായിരുന്നു. അവജ്ഞയോടെ മാത്രമേ അവർ കുട്ടികളെ കണ്ടുള്ളൂ. വൈകുന്നേരമുള്ള കുറിക്കല്യാണങ്ങൾ അക്കാലത്തെ കടുത്ത പട്ടിണി മാറ്റാൻ
അവർക്ക് തുണയായി.
പതിവുപോലെ ഇന്നും തീവണ്ടി സ്റ്റാർട്ട് ചെയ്തു. ഡ്രൈവർ പിൻവാതിലിലൂടെ വണ്ടി പീടികയിലേക്ക് കയറ്റി നിറുത്തി.
ബോഗികളല്ലാം
ഒരേസമയം
സ്വമേധയാ
അഴിഞ്ഞു മാറി ബെഞ്ചിലിരുന്നു.
“ഇന്ന് ബിസ്ക്കറ്റാണ്”
ആർത്തി മറച്ചുവെച്ച് കൂട്ടത്തിൽ ഒരുവൻ പറഞ്ഞു.
മൊട്ടനുറുപ്പിക പോലത്തെ
ബിസ്ക്കറ്റുകൾ
നാലോ അഞ്ചോ ഓരോ സോസറിലും വെക്കും
എത്ര കഴിച്ചാലും വിശപ്പു മാറില്ല. കുഞ്ഞു ബിസ്ക്കറ്റുകളായതുകൊണ്ട് കയ്യിൽ പിടിച്ച് ചായക്കപ്പിൽ ഒപ്പി തിന്നാനും നിർവ്വാഹമില്ല. അതിനു തുനിഞ്ഞാൽ ഒരിക്കലും തിരിച്ചു വരാത്ത വിധം ബിസ്ക്കറ്റുകൾ ചായയിൽ ആണ്ടു പോകും. അത് വലിയ സങ്കടമുണ്ടാക്കും.

കുഞ്ഞുബിസ്ക്കറ്റുകൾ ആദ്യമായി കണ്ടത് ഉണ്ടോടിയിൽ ദാമോദരേട്ടന്റെ പീടികയിലെ ചില്ല് ഭരണിയിലാണ് . അവ ഒന്നിനു മേലെ ഒന്നായി ചുമലിൽ കയറിയിരിക്കും.
കണ്ണാടിക്കുള്ളിലൂടെ നോക്കുമ്പോൾ അതിനെ കാണാൻ നല്ല ചന്തമാണ്.
ബിസ്ക്കറ്റിന്റെ മേലെ നിറയെ പഞ്ചാരത്തരികളുണ്ടാകും. പീടികയുടെ കിഴക്കേത്തിണ്ണയുടെ മൂലയ്ക്കാണ് ഭരണികൾ വെക്കുക.
കുട്ടിക്കതിരവൻ ഉണർന്നു വരുമ്പോൾ രശ്മികൾ കണ്ണാടിയിൽ തട്ടി പഞ്ചാരത്തരികൾ ഭരണിക്കുള്ളിൽ പ്രകാശം പരത്തും.
കുറിക്കല്യാണത്തിനുള്ള ബിസ്ക്കറ്റുകൾ ടിന്നിലടച്ചാണ് കൊണ്ടുവരുക.
മൂടി തുറന്ന് അത് മേശമേൽ നിരത്തിവെച്ച സോസറിലേക്ക് വാരിയിടും.
ഇന്ന്, അവർക്കോരോരുത്തർക്കും
രണ്ടു മൂന്ന് ബിസ്ക്കറ്റ് വീതമേ കിട്ടിയുള്ളൂ.

മറ്റു മുതിർന്നവർക്കെല്ലാം പ്ലേറ്റ് നിറയെ ബിസ്ക്കറ്റ് കൊടുക്കുന്നുണ്ട്.
എന്നും കുറിക്കല്യാണം ഉണ്ടാകണേ എന്ന അവരുടെ പ്രാർത്ഥനയ്ക്ക് ഇന്ന് ശക്തി കുറവാണ്. അവരുടെ ചിന്താധാരയിലെന്തോ നഷ്ടപ്പെട്ടതാണ് കാരണം.
അന്യോന്യം പിഞ്ഞാണം നോക്കാത്തവർ ഇന്ന് അടുത്തവന്റെ പാത്രത്തിലേക്ക് നോക്കി.
ചില പാത്രത്തിൽ രണ്ട് ചിലരുടേതിൽ മൂന്ന്, നാലു ബിസ്ക്കറ്റ് ആർക്കും കിട്ടിയിട്ടില്ല. പോറ്റിയുടെ പ്ലേറ്റിൽ രണ്ട് ബിസ്കറ്റേയുള്ളൂ.
അവൻ സമാവറിനു
പിന്നിൽ ചായ പാരുന്ന തലേക്കെട്ടുകാരനെ
സംശയത്തോടെ നോക്കി
പിന്നെ ബിസ്ക്കറ്റുകൾ വായിൽ വാരിയിട്ടു ചവച്ചരച്ചു കൊണ്ടെഴുന്നേറ്റു.
ചായ പാതി മിച്ചം വെച്ചു.ബോഗികൾ പതിവുപോലെ ഒന്നൊന്നായി അവനു പിന്നിൽ വന്നു നിന്നു പിന്നെ തന്നത്താൻ കൂട്ടിയിണങ്ങിയ വണ്ടി സ്റ്റാർട്ട് ചെയ്തു.
വിശപ്പ് ശമിക്കാത്ത ദിവസങ്ങളിൽ
വണ്ടിയുടെ ഓട്ടം ക്ഷേത്രത്തിലേക്ക് നീളും. ക്ഷേത്രനടയിലെത്തിയാൽ ബോഗികൾ തനിയെ വേർപ്പെടും.

ശ്രീകോവിലിന്റെ മുൻപിലും പിറകിലും കോണിലും നിന്ന് ആളുകൾ തൊഴുമ്പോൾ,
ആർക്കോവേണ്ടി
അവരും കൈകൂപ്പും.
ഉപദേവന്മാരുടെ മുന്നിൽ കൈകൂപ്പി
അശ്രദ്ധയോടെ അങ്ങോട്ടുമിങ്ങോട്ടും നോക്കും.
മനസ്സിലും ശരീരത്തിലും ഭക്തി തൊട്ടു തീണ്ടില്ല.
ദീപാരാധന തൊഴുന്നവരുടെ കൂടെ ആർക്കോവേണ്ടി കൂട്ടംകൂടി പരസ്പരം നോക്കി നിൽക്കും. പൂജ കഴിയുംവരെ ആ കണ്ണുകളിൽ ആകാംക്ഷ നിറഞ്ഞിരിക്കും.
പൂജിച്ച പ്രസാദം ഉരുളിയിൽ പുറത്തേക്ക് കൊടുക്കുമ്പോൾ
പ്രതീക്ഷയോടെ നെടുവീർപ്പിടും. ഇതുമൊരു നിത്യ കാഴ്ചയാണ്.
തൊഴാൻ വന്ന കുറച്ചുപേർക്കെല്ലാം
ക്ഷേത്ര നടയിൽവെച്ച്
നേദ്യം സ്പൂൺ കൊണ്ട് കോരി കൊടുക്കും. ബാക്കി മീനിന് കൊടുക്കാനെന്ന വ്യാജേന ഉരുളിയും പേറി പോറ്റി ക്ഷേത്രക്കുളക്കടവിലേക്ക് നടക്കും. എല്ലാ വാലാത്തൻമാരും പിന്നാലെ പോകും.
ആൽത്തറയ്ക്ക് താഴെയുള്ള കുളപ്പടവിലെ
ഇരുട്ടത്തിരുന്ന് മൂന്നുപേരും മത്സരിച്ച് പായസം മോന്തും. ഉരുളി വടിച്ചു നക്കി തുടയ്ക്കും.

പിന്നെ കുളപ്പടവിലിരുന്നു സ്പൂണുകൊണ്ട് ചുരണ്ടി ഉരുളി ഉരച്ചു കഴുകും
ഉരുളി ഉരയ്ക്കാൻ തുടങ്ങിയാൽ കുളത്തിലെ മത്സ്യങ്ങൾ കൂട്ടംകൂട്ടമായി പടിക്കെട്ടുകളിലേക്ക്ഓടി വരും
കൽപ്പടവിലെ വെള്ളത്തിൽ കിടക്കുന്ന ഉരുളിയിൽ മത്സ്യങ്ങൾ നിറയും. ഉരച്ചു കഴുകുന്ന പായസ പൊറ്റകൾ നുകർന്ന് അവ ആവേശം കൊള്ളും. പായസം കിട്ടാത്തതിൽ
അവറ്റകൾക്ക് പരാതിയോ പരിഭവമോ ഇല്ല.
കരയ്ക്കിരുന്നവരുടെ പട്ടിണി മാറിയതിന്റെ
ആഹ്ലാദത്തിലവർ ഉരുളിയിലെ വെള്ളത്തിൽ തുള്ളി ച്ചാടും. കൽപ്പടവവുകളിലെ കുഞ്ഞുങ്ങളുടെ കാലിനു ചുറ്റും ഇക്കിളികൂട്ടി പാഞ്ഞു കളിക്കും.
പായസ വിതരണവും, മീനൂട്ടും, ഉരുളി കഴുകലും, ഇവരുടെ ഉത്തരവാദിത്തമാണ്.
കഴുകിയ ഉരുളി കൊണ്ടുപോയി ഒരാൾ നടക്കൽ കമഴ്ത്തും.
ഡ്രൈവർ വണ്ടി സ്റ്റാർട്ട് ചെയ്യും. ഇരുട്ടിനെ വകഞ്ഞു മാറ്റി ആടി ഉലഞ്ഞു വണ്ടി വീട്ടിലേക്ക് പായും.

ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും മാത്രമേ ദേവീക്ഷേത്രത്തിൽ പ്രത്യേക പൂജയും പ്രസാദവും ഉണ്ടാകുകയുള്ളൂ.
അതും, ആരെങ്കിലും പ്രത്യേകമായി വഴിപാട് സമർപ്പിച്ചാൽ മാത്രം.
വഴിപാടുകാർക്ക് കൊടുത്തതിനു ശേഷം കുറച്ചു ഭാഗമാണ് ക്ഷേത്രത്തിൽ വിതരണം ചെയ്യുക.
ഈ ഉത്തരവാദിത്വം നിറവേറ്റാനല്ല അവർ ക്ഷേത്രത്തിൽ പോയിരുന്നത്.
അവരുടെ പ്രതീക്ഷയാണ് ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും.
ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്ന് പുറത്തേക്ക് നോക്കുമ്പോഴുള്ള പ്രതീക്ഷ.
കായലം റോഡിലെ കുറിക്കല്യാണ പീടികയുടെ മുൻപിൽ നിന്ന് നോക്കിയാൽ
തിടപ്പള്ളിയിൽ നിന്നും പുക ഉയരുന്നത് കാണാം. അതിനുവേണ്ടി അവർ അഞ്ചുമണിവരെ കാത്തിരിക്കും.പുക കണ്ടില്ലെങ്കിൽ പ്രതീക്ഷ അസ്തമിക്കും. വണ്ടി പിന്നെ അമ്പലത്തിലേയ്ക്ക് തിരിയില്ല. വേഗതകുറഞ്ഞ് മുക്കി മുരണ്ട് കയറ്റം കയറി വീട്ടിലേക്ക് പോകും.അന്ന് കുഞ്ഞുങ്ങൾക്ക് മുഴു പട്ടിണിയായിരിക്കും.
ആരോരുമറിയാതെ അവർ മാത്രം അറിയുന്ന സത്യമായി അത് നിഴലിച്ചു നിന്നു
കുറിക്കല്യാണ കോളാമ്പിയിൽ പലപ്പോഴും ഭാവ ഗായകൻ ജയചന്ദ്രന്റെ പാട്ടാണ് ആദ്യം പാടുക
“സ്വാമീ..ശരണം ശരണം പൊന്നയ്യപ്പാ…
സ്വാമിയല്ലാതൊരു ശരണമില്ലയ്യപ്പാ….
ഹരിഹര സുതനെ ശരണം പൊന്നയ്യപ്പാ.. അവിടുന്നല്ലാതൊരു ശരണമില്ലയ്യപ്പാ…
ഹരിശ്രീതൻ മുത്തുകൾ….”
അക്കാലത്തെ സർവ്വ സമ്മതമായ ഒരു പ്രാർത്ഥനാഗാനമായിരുന്നു ഇത്.

ആരെയും ഉൾപ്പുളകമണിയിക്കുന്ന ഭക്തിസാന്ദ്രമായ പാട്ടൊഴുകിയെത്തുമ്പോൾ എവിടുന്നൊക്കെയോ കുട്ടി വണ്ടിയുടെ ബോഗികൾ കൂടിച്ചേരും.
ചന്ദന ചർച്ചിത സായാഹ്നങ്ങളിൽ
നിത്യവുമുയരുന്ന പാട്ട് വലിയ ഉന്മേഷമായിരുന്നു.
ശരണമെന്ന വാക്കിന്റെ അർത്ഥവും വ്യാപ്തിയും കുഞ്ഞു പ്രായത്തിലേ കുട്ടികൾ തിരിച്ചറിഞ്ഞിരുന്നു.
വണ്ടി പതിവുപോലെ
പിൻവാതിലിലൂടെ ചായപ്പീടികയ്ക്കുള്ളിലേക്ക് കയറി.
ഡ്രൈവർ പോറ്റി ആദ്യം നോക്കിയത് സമാവറിനു പിന്നിലെ ചായക്കാരനെയാണ്.
എന്നുമുള്ള തലേക്കെട്ടുമായി അയാൾ അവിടെത്തന്നെയുണ്ട്.
ഇന്ന് വറുത്തകായയാ ണ് ചായക്കടി
കറുമുറ തിന്ന് ചൂടോടെ ചായ വലിച്ചുകുടിക്കാൻ നല്ല രുചിയാണ്.
ചിലരത് ചായയിലിട്ട് ചെറുതായി തണുപ്പിച്ച് ചേർത്തുവലിച്ചു കുടിച്ചാസ്വദിച്ച് കടിച്ചു
തിന്നും.

” നിത്യേനെ ഇതൊരു പണിയാ….ഇവറ്റകളെ ഇങ്ങോട്ട് കയറ്റരുത്”
സമാവറിനു പിന്നിലിരുന്ന വട്ടക്കെട്ട് കാരൻ തല മറച്ചുകൊണ്ട് വിളിച്ചുകൂകി
സോസറിലേക്ക് വറുത്തകായ ചെരിഞ്ഞു കൊണ്ടിരുന്നയാളുടെ
ചൊരിയലിന്റെ വേഗത കുറഞ്ഞു.
ഇപ്പോൾ നാലഞ്ചു കഷ്ണം വറുത്തകായ മാത്രമേ പാത്രത്തിലേക്ക് വീഴുന്നുള്ളൂ.
പതിവുപോലെ ഇന്നും പ്ലേറ്റിൽ വറുത്തകായുടെ എണ്ണം കുറവാണ്.
എല്ലാവർക്കും കൊടുക്കുന്നതിനേക്കാൾ ഒരുപാട് കുറവ്.
ഓരോ കായ വറുത്തതും കടിക്കുമ്പോൾ അവൻ ഇടങ്കണ്ണിട്ട് ചായക്കാരനെ നോക്കും. വറുത്തകായകൾ പല്ലുകൾക്കിടയിൽ ഞെരിഞമരുന്നത് അവൻ
അറിഞ്ഞതേയില്ല.
സോസറിലെ വറുത്തകായകൾ എണ്ണം കുറഞ്ഞ് സോസർ കാലിയായതറിയാതെ കുഞ്ഞു കൈകൾ വീണ്ടും സോസറിൽ തലോടി.
സമാവറിന് പിന്നിലെ ചായക്കാരനിലേക്കവൻ എത്തിനോക്കിക്കൊണ്ടേയിരുന്നു. പതിവുപോലെ
ബോഗികൾ കൂടിച്ചേർന്നു വണ്ടി സ്റ്റാർട്ടായി മുൻ വാതിലുകളുടെ പുറത്തേക്ക് കൂകിപ്പാഞ്ഞു.

രശീതി ബുക്ക് പോലുള്ള ചെറിയ പുസ്തകരൂപ ത്തിലാണ് കുറിക്കല്യാണ കത്തുകൾ തയ്യാറാക്കുക.
വെള്ളയും മഞ്ഞയും പിങ്കും നിറത്തിലുള്ള കടലാസിലായിരിക്കും കത്തുകൾ.
പേരെഴുതിക്കൊടുക്കുവാൻ അതിൽ ഒരു വരിയോളം ഇടം വിട്ടിരിക്കും
മിച്ചം സ്ഥലത്ത് തീയതിയും സമയവും സ്ഥലവും സൂചിപ്പിച്ചു കൊണ്ടുള്ള
ക്ഷണവുമുണ്ടാകും. അതിനു താഴെ
കുറികല്യാണക്കാരന്റെ പേരും വിലാസവും കാണും.
അടിക്കുറിപ്പായി ലെക്കോട്ട് പണവും തരേണ്ടതാണെന്ന്
ചില കത്തുകളിൽ മഷി കൊണ്ടെഴുതിയ സൂചന കാണും.
പല വർഷങ്ങളിലായി കൂടുതൽ ഇടപാടുകൾ നടത്തിയിട്ടുണ്ടെങ്കിൽ
ആവശ്യാനുസരണം വർഷങ്ങളെല്ലാം കൈപ്പടയിൽ എഴുതി ഈ ഇടപാടുകൾകൂടി പരിശോധിക്കുക എന്ന് കുറിപ്പായി രേഖപ്പെടുത്തും.

ഇത്രയും തവണത്തെഇടപാടുകൾ ഇനിയും നമ്മൾ തമ്മിൽ ബാക്കിയുണ്ട് എന്ന് സൂചിപ്പിക്കാനാണിത്.
മേൽപ്പറഞ്ഞ വർഷത്തെ കണക്കുകൾ എല്ലാം പരിശോധിച്ചു വേണം
ന്യായമായി പണപ്പയറ്റിൽ പങ്കെടുക്കാൻ.
ലെക്കോട്ട് പണം എന്നാൽ വിവാഹത്തിനും വിവാഹ സൽക്കാര വേളകളിലും, ഗൃഹപ്രവേശന ചടങ്ങുകളിലും മറ്റു സന്തോഷ വേളകളിലും പാരിതോഷികമായി കൊടുത്ത പണമെന്നർത്ഥം.
മാന്യതയ്ക്ക് വേണ്ടി
അതൊരു ചെറിയ ബ്രൗൺ കവറിൽ ഇട്ടാണ് കൊടുക്കുക. ഇതിനാണ് ലെക്കോട്ട് എന്ന് പറയുന്നത്.
മുസ്ലിം സമുദായക്കാർക്കിടയിലെ കുറുക്കല്യാണ കത്തുകളിലാണ് ഈ ഭാഷാപ്രയോഗം അധികവും കണ്ടുവന്നത്.

മൂന്നുമണിയോടുകൂടി ‘സ്വാമീ…ശരണം….” പാട്ട് മൂളി പതിവുപോലെ ഇന്നും വണ്ടിയുമായി കുട്ടികൾ വരിവരിയായി പീടികയിലേക്ക് ഇരച്ചു കയറി. ഇരിക്കാനുള്ള ബെഞ്ചുകളൊക്കെ മേശപ്പുറത്ത് കമഴ്ത്തിയിരിക്കുന്നു.
കുട്ടികൾ അന്യോന്യം പകച്ച് നോക്കി.
സമാവറിനു പിന്നിൽ ചായ അടിക്കുന്ന ആൾ അവരെ കണ്ണുരുട്ടി പേടിപ്പിച്ചു.
അയാൾ തലക്കെട്ടഴിച്ചിട്ട് ഒച്ചത്തിൽ വിളിച്ചുപറഞ്ഞു
‘പോവിനെടാ… ഇന്ന് കുറിക്കല്യാണമൊന്നുമില്ല “
” എല്ലാദിവസവും കെട്ടി എഴുന്നള്ളിക്കോളും “
വണ്ടി വന്ന പോലെ വേഗത്തിൽ അടുത്ത വാതിലിലൂടെ പുറത്തേക്കിറങ്ങി.
കുട്ടികൾക്ക് സങ്കടമായി
ഉള്ളിൽ ചെറിയ ഭയപ്പാടുണ്ട്.
” പാട്ടു വെച്ചതാണല്ലോ..? പിന്നെ എങ്ങനെ ഇല്ലാതാകും “
അവർ തന്നത്താൻ കൂട്ടം പറഞ്ഞു.
പോറ്റി ചായക്കാരനെ സംശയത്തോടെ നോക്കി. വറുത്തജീരകത്തിന്റെ നല്ല മണം, ഇന്ന് അവല് കുഴച്ചതാണെന്ന്
അവൻ ഉറപ്പുവരുത്തി.

ശർക്കരപാവ്കാച്ചി, ജീരകം വറുത്തുചേർത്ത് നിറയെ തേങ്ങ ചിരകിയ കുഴച്ച അവല് തിന്നാൽ കൊതിതീരില്ല.
അവല് അവന് വലിയ ഇഷ്ടമാണ്.
ചിലപ്പോൾ അതിന്റെ കൂടെ മൈസൂർ പഴവുമുണ്ടാകും.
വണ്ടി ഓടുന്നതിനിടയിൽ അവന്റെ നാവിൽ വെള്ളമൂറി.
” ഇന്ന് അവലു കുഴച്ചതും പഴവുമാണ് ഉറപ്പ്”
കൂടെ വന്നതിൽ ഒരുത്തൻ പറഞ്ഞു.
മനസ്സില്ലാമനസ്സോടെ അവൻ വണ്ടി ഒട്ടും വേഗതയില്ലാതെ വീട്ടിലേക്ക് ഉരുട്ടിപ്പോന്നു.
വീട്ടിൽ ഭക്ഷണമില്ല
ഇന്നും മുഴുപട്ടിണിയാണ് ഇന്നലെ “സ്വാമീ.. ശരണം”
പാടാതെ പോയി
ഇന്നു പാട്ട് പാടിയിട്ടും
പട്ടിണിയായി.
അവല് കുഴച്ചതിന്റെ മണമേറ്റിട്ട് നിഷേധിക്കപ്പെട്ട ഭക്ഷണത്തിന് അവജ്ഞയുടെ ഗന്ധമുണ്ട്
നാളെ തേയില സൽക്കാരത്തിന് പോകാനുണ്ട്. അതാലോചിക്കുമ്പോൾ ഈ പട്ടിണിക്കല്പം ആയാസമുണ്ട്. ഇതുപോലെ ഷർട്ടിടാതെ പോകാൻ പറ്റില്ല
നല്ല ഷർട്ടും നിക്കറും വേണം .

കല്യാണം
വിളിയ്ക്കുമ്പോൾ കൊടുക്കുന്ന വിവാഹാക്ഷണക്കത്തിന്റെ അർദ്ധ പാതിയിൽ തേയില സൽക്കാരത്തിന്റെ ക്ഷണകുറിപ്പുമുണ്ടാകും. വൈകുന്നേരം മൂന്നു മണി മുതൽ രാത്രി പത്തു മണി വരെയാണ് തേയില സൽക്കാരങ്ങൾ നടക്കുക. പെൺകുട്ടികളുടെ വിവാഹത്തലേന്നും,
ആണുങ്ങളുടെ വിവാഹത്തിനന്നുച്ച തിരിഞ്ഞുമാണ് തേയില സൽക്കാരം.
പെണ്ണിന്റെ വീട്ടിലെ തേയില സൽക്കാരത്തിന് കൂടുതൽ പണം കിട്ടും. ഒരു പെണ്ണിനെ കെട്ടിച്ചുവിടാനുള്ള പ്രാരാബ്ധമെല്ലാം നാട്ടുകാർക്കറിയാം. അതാണ് കുറിക്കല്യാണത്തിന്റെ സാമ്പത്തിക പ്രത്യയശാസ്ത്രം.
ഇതാരും പറഞ്ഞു പഠിപ്പിച്ചതല്ല അനുഭവത്തിലൂടെ രൂപംകൊണ്ടതാണ്.
ചായ സൽക്കാരത്തിന് തിന്നാൻ കൂടുതൽ വിഭവങ്ങളുണ്ടാകും.
ലഡു,ജിലേബി ഹൽവക്കഷ്ണം, ബട്ടർ പേപ്പറിൽ പൊതിഞ്ഞ കേക്ക്, കുഞ്ഞു കവറിൽ നിറച്ച മിക്ച്ചർ മൈസൂർ പാക്ക്, മസാലബിസ്ക്കറ്റുകൾ എന്നുവേണ്ട വീട്ടുകാരുടെ സാമ്പത്തികമനുസരിച്ചാണ് പലഹാരങ്ങളുടെ എണ്ണം നിശ്ചയിക്കുന്നത്.
ചില വീടുകളിൽ ഇഷ്ട്ടുക്കറിയും ബ്രഡ്ഡും, ചിലയിടത്ത് മുട്ട റോസ്റ്റും ബ്രഡും വരെ കിട്ടും.

ദിവസം ഒന്നിൽ കൂടുതൽ ചായ സൽക്കാരങ്ങൾ ഉണ്ടായാൽ അന്ന് നടക്കാനാവാത്ത വിധം വയറു നിറയും.
എല്ലാംകൂടി ഒരു ദിവസം വന്നുചേർന്നതിലെ നിരാശ കൂട്ടുകാരോട് പറയും.
ചായസൽക്കാരം നടക്കുന്ന വീടുകളിലെ പന്തലിട്ട് തോരണം കൊണ്ട് അലങ്കരിച്ച
മുറ്റത്തേക്ക് കയറുന്നിടത്ത്
ഒരു മേശ കാണും. അതിനെ വെള്ളപുള്ളിയുള്ള ബെഡ് ഷീറ്റ് കൊണ്ട് . പൊതിയും. അതിനുമേൽ താലത്തിൽ ഒരു പടല മൈസൂർ പഴം വയ്ക്കും ഒരു പഴത്തിൽ ചന്ദനത്തിരി കുത്തിനിറുത്തും. കുഞ്ഞു നിലവിളക്ക് കൊളുത്തി മേശമേൽ വയ്ക്കും.
എന്നിട്ടാണ് കുറിക്കല്യാണ ഇടപാടുകൾ ആരംഭിക്കുക.
ഒരു അക്കൗണ്ട് ബുക്കുമായി ആരെങ്കിലും ഒരാൾ എഴുതാനിരിക്കും
കൂടെ സഹായിക്കാൻ ഒരു സിൽബന്ധിയുമുണ്ടാകും. . കിട്ടുന്ന പണം അപ്പപ്പോൾ തന്നെ തരംതിരിച്ച് മുമ്പിലെ താലത്തിലടുക്കി വെക്കും. ചന്ദനത്തിരിയുടെ ഗന്ധം നുകർന്നാണ് എല്ലാവരും പന്തലിലേക്ക് കയറുക. കുട്ടികളന്ന് തീവണ്ടി പോലെ കോമ്പലയായിപ്പോവില്ല.. കൂട്ടുകാരില്ലാതെ തനിച്ച് കുടുംബക്കാരൊടൊത്താണ് ചായ സൽക്കാരത്തിന് പോകുക.

മേശപ്പുറത്ത് ബ്രൗൺ നിറത്തിലുള്ള ലെക്കോട്ട് കവറുകളുണ്ടാകും.
ചില ആളുകൾ മാന്യതയ്ക്കും സ്വകാര്യതയ്ക്കും വേണ്ടി കവറിലിട്ടാണ് പണം കൊടുക്കുക.
പണം കൊടുക്കാനുള്ള ഇടപാടുകാർ കുറിക്കല്യാണത്തിൽ പങ്കെടുക്കാതിരുന്നാൽ വലിയ അപരാധമായി കണക്കാക്കിയിരുന്നു.
കുറിക്കല്യാണം അറിയിച്ചു കൊണ്ടുള്ള വിളംബരം അങ്ങാടിയിലെ ചായ പീടികയിലെല്ലാം ഒട്ടിച്ചു വയ്ക്കും.
അതേദിവസം മറ്റുള്ളവർ ഈ ചടങ്ങ് സംഘടിപ്പിക്കാതിരിക്കാനുള്ള മുൻ കരുതലാണിത്..
ഒന്നിൽ കൂടുതൽ പേർ ഒരേ ദിവസം കുറിക്കല്യാണം സംഘടിപ്പിക്കുമ്പോൾ
പണത്തിന്റെ വരവ് കുറയും.

കുറിക്കല്യാണങ്ങൾ സത്യസന്ധതയുടെ നേർക്കാഴ്ചയായിമാറി. ഇവ കൃത്യമായി ഉത്തരവാദിത്വത്തോടെ ന്യായമായിനടന്നു വന്നിരുന്നു. അവ
നാട്ടിലെ അർദ്ധ പട്ടിണി മാറ്റുന്നതിൽ വലിയ പങ്കുവഹിച്ചു എന്നുള്ളതാണ് യാഥാർത്ഥ്യം.
വല്ലപ്പോഴും കിട്ടുന്ന ഹൽവയും,കേക്കും മസാല ബിസ്കറ്റും കഴിച്ച് കുട്ടികളുടെ പള്ള ഗ്രഹണി പിടിച്ച പോലെയാകും. ചായ സൽക്കാരങ്ങൾ ഒരുമിച്ചു വരാതിരിക്കാൻ അവർ കൂട്ടമായി പ്രാർത്ഥിച്ചു പോന്നു.
പലപ്പോഴും അവരെ ദൈവം തുണയ്ക്കാറില്ല.
ശുഭമുഹൂർത്തങ്ങളിലുടനീളം കല്യാണവും ടീ പ്പാർട്ടികളും തുരുതുരാ.. നടന്നുപോന്നു.
രണ്ടുമൂന്നും ചായ സൽക്കാരങ്ങൾ ഒരുമിച്ചു വരുമ്പോൾ
പലപ്പോഴും കുറിക്കല്യാണമാണ് നല്ലതെന്ന് അവർക്ക് തോന്നാറുണ്ട്.
കുറിക്കല്യാണങ്ങൾ അമിതമായി മോഹിപ്പിക്കില്ല.
ചായ സൽക്കാരം അങ്ങനെയല്ല ഒരു ദിവസം വാരിക്കോരി തന്നാൽ അടുത്ത ദിവസം പട്ടിണിയായിരിക്കും.

രണ്ടു ദിവസത്തെ ഇടവേളക്കുശേഷമാണ് ഇന്നൊരു കുറിക്കല്യാണമുണ്ടായത്.
പതിവുപോലെ കോളാമ്പി പാടി വണ്ടി സ്റ്റാർട്ട് ചെയ്തു പീടികയ്ക്കുള്ളിലേക്ക് ഓടിച്ചു കയറ്റി.
പതിവുപോലെ ബോഗികൾ വേർപ്പെട്ടു ബെഞ്ചിലിരുന്നു.
ഇന്ന് ചായ മാത്രമാണ് അവർക്ക് കിട്ടിയത്.
ബിസ്ക്കറ്റ് കൊടുക്കുന്നയാളെ
സമാവറിന് പിന്നിലെ തലേക്കെട്ടുകാരൻ
കണ്ണിറുക്കി കാണിക്കുന്നത് പോറ്റി കണ്ടു.
മേശപ്പുറത്തിരുന്ന സോസറെടുത്തവൻ തലക്കെട്ടുകാരനെ നോക്കി ഒറ്റ ഏറ്…
സോസർ സമാവറിന്മേൽ തട്ടി ചിന്നഭിന്നമായി…
തലേക്കെട്ടുകാരൻ സമാവറിന് പിന്നിൽ മറഞ്ഞു…
എല്ലാവരും പകച്ചു ആകെ ബഹളം .
പോറ്റി തിരിഞ്ഞു നോക്കാതെ പീടികയിൽ നിന്ന് ഇറങ്ങി ഓടി പിന്നാലെ അവന്റെ കൂട്ടുകാരും.

വണ്ടി സ്റ്റാർട്ട് ചെയ്യാനോ ബോഗികൾ കൂട്ടിയിണക്കാനോ ആർക്കും നേരമില്ലായിരുന്നു.
അന്ന് രാത്രിയവൻ ഉറങ്ങിയതേയില്ല ഉള്ളിൽ നല്ല ഭയപ്പാടുണ്ട്.
ആരോടും പറയരുതെന്ന് കൂട്ടുകാരെ അവൻ ശട്ടം കെട്ടിയിരുന്നു. ശോകമൂകമായ അന്തരീക്ഷത്തിൽ അന്നത്തെ പകൽ കടന്നുപോയി.
മൂന്നുമണിക്ക് കോളാമ്പി പാട്ട് പാടി
കുട്ടികളെല്ലാവരും അന്യോന്യം നോക്കി.
പോറ്റി വണ്ടി സ്റ്റാർട്ട് ചെയ്തില്ല. ബോഗികൾ ആരും കൂട്ടിയിണക്കിയതുമില്ല.
അവൻ കൂട്ടുകാരിൽ നിന്നും മാറി തൊടികയിലെ വരമ്പത്ത് കുത്തിയിരുന്നെങ്കിലും
കൂട്ടുകാർ അവനെ അന്വേഷിച്ച് പിറകെയെത്തി.
മറ്റുള്ളവരുടെ വേദനയും വിശപ്പും അവന് നന്നായറിയാം.
അവൻ വാഴത്തട്ട പൊട്ടിച്ചു എല്ലാവർക്കും
തേൻ നുകരാൻ കൊടുത്തു. അവന് ഒട്ടും വിശപ്പില്ലായിരുന്നു.
ഒട്ടിയ വയറുമായിരിക്കുന്ന കൂട്ടുകാരുടെ വിശപ്പ് ഇതുകൊണ്ടൊന്നും മാറില്ലെന്നവനറിയാം.

അവരുടെ വിശപ്പ് അവനെ വല്ലാതെ അലട്ടുന്നുണ്ട്. ഇന്ന് കുറിക്കല്യാണത്തിന് പോകേണ്ടെന്ന് എല്ലാവരും തീരുമാനിച്ചിരുന്നു. എങ്കിലും ഇനിയെന്ത് എന്ന ചോദ്യം ബാക്കിയായി.
അവൻ തൊടികയിൽ നിന്നും കല്ല് പെറുക്കി ട്രൗസറിന്റെ കീശയിലിട്ടു. വണ്ടി സ്റ്റാർട്ട് ചെയ്തു.
ബോഗികൾ കൊളുത്തി വാലാത്തന്മാരാകാൻ ആരെയും അനുവദിച്ചില്ല.
അവൻ അതിവേഗം വണ്ടിയോടിച്ച് പീടികയിലേയ്ക്ക് കയറ്റി
സമാവറിന് പിന്നിലെ തലേക്കെട്ടുകാരനെ നോക്കി പോക്കറ്റിൽ സൂക്ഷിച്ചിരുന്ന കല്ലെടുത്തെറിഞ്ഞു.
അപ്രതീക്ഷിതമായ വന്ന കല്ലിൽ
അയാളുടെ നെറ്റി പെട്ടി ചോര വാർന്നൊഴുകി.
അവൻ വന്ന വാതിലിലൂടെ തിരിഞ്ഞോടി…
എന്താണ് സംഭവിച്ചതെന്ന് മറ്റുള്ളവർ തിരിച്ചറിയുമ്പോഴേക്കും അവൻ ഓടി മറഞ്ഞിരുന്നു.

പോക്കറ്റിലെ കല്ലുകൾ അവൻ പാതിവഴിയിൽ ഉപേക്ഷിച്ചു. പിറ്റേന്ന് രാവിലെ പോറ്റിയെ
കാണാനില്ലെന്ന വാർത്ത നാടുനീളെ പരന്നു. വിവരമറിഞ്ഞ
കുട്ടികൾതൊടികയിൽ കൂട്ടം കൂടി നിന്ന്
സ്വാമീ ശരണഗീതം പാടി
കുറിക്കല്യാണ കോളാമ്പികൾ ശബ്ദിക്കരുതേയെന്ന് പ്രാർത്ഥിച്ചു.

ഗിരീഷ്‌ പെരുവയൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *