രചന : നന്ദന വിശ്വംഭരൻ ✍️
എം.എ.ഇക്കണോമിക്സ് -ഒന്നാംവർഷം വിദ്യാർഥിനി.
എൻ്റെ
ഇളയ മകൾ.
അതൊരു തണുത്ത
ശീതക്കാറ്റ്
പൊഴിയുന്ന
സായാഹ്നമായിരുന്നു.
നീഹാരിക
ആ ബസ് സ്റ്റോപ്പിലേക്ക്
എത്തി.
വീട്ടിലേയ്ക്കുള്ള
അവസാനത്തെ ബസ്സാണ്;
അതെങ്കിലും
നഷ്ടപ്പെടുത്തരുതെന്ന പ്രതീക്ഷാലും
തിടുക്കത്താലും
അവൾ നന്നെ കിതക്കുന്നുണ്ടായിരുന്നു.
തെരുവ് ശാന്തമായിരിക്കുന്നു.
അങ്ങിങ്ങായി മുനിഞ്ഞു കത്തുന്ന തെരുവിളക്കുകൾ …അവയുടെ മങ്ങിയ മഞ്ഞ നിറത്തിലുള്ള വെളിച്ചം അവളുടെ കണ്ണുകളെ അസ്വസ്ഥമാക്കുന്നുണ്ടായിരുന്നു.
ഇന്നു മുഴുവൻ കെട്ടിക്കിടക്കുന്ന ഫയലുകൾക്കിടയിൽ കടൽത്തിരയ്ക്കിടയിൽപ്പെട്ടപോയ
ഞാറപ്പക്ഷിയെപ്പോലെ അവൾ
പിടയുകയായിരുന്നു.
അത്രയ്ക്കുണ്ടായിരുന്നു
ഓഫീസിലെ
ജോലിഭാരം.
എങ്ങനെയെങ്കിലുമൊന്ന്
അതെല്ലാം
ഒതുക്കി വീട്ടിലെത്തി തൻ്റെ നനുത്ത
മെത്തയിൽ
എല്ലാം മറന്നൊന്നു റങ്ങണം -അതായിരുന്നു അവളുടെ മനസ്സ് നിറയെ…
വല്ലവിധേനയും
ഒന്നു സന്ധ്യയാക്കി
വീട്ടിലെത്താൻ
തുനിഞ്ഞ്
ബസ് സ്റ്റോപ്പിലെത്തിയപ്പോഴേക്കും
വീട്ടിലേക്കുള്ള
ഒട്ടുമിക്ക ബസുകളും
പോയിരിക്കുന്നു.
ഇനി ഒരെണ്ണം മാത്രമേ അവശേഷിക്കുന്നുള്ളൂ…..
അവസാനത്തെ
ബസ്സ് !
അവൾ മന്ത്രിച്ചു കൊണ്ടേയിരുന്നു.
അപ്പോഴും
ആ ബസ് സ്റ്റോപ്പ് ശൂന്യമായിരുന്നു.
ഇനി അവസാനത്തെ ബസ്സും പോയിരിക്കുമോ?”
നീഹാരിക
ഒരു ഞെട്ടലോടെ
ഓർത്തു.
എന്നാൽ അവൾക്ക് കാത്തിരിക്കുക എന്നതല്ലാതെ മറ്റൊരു
വഴി ഉണ്ടായിരുന്നില്ല.
പ്രായമായ അമ്മയും
അവളും തനിച്ചേയുള്ളൂ.
ആ ഒറ്റ മുറി വീട്ടിൽ തന്നെ കാത്തിരിക്കാൻ തൻ്റെ അമ്മയല്ലാതെ
ആരുമില്ല.
ഇരുണ്ട്,ശൂന്യത തളംകെട്ടി നിൽക്കുന്ന
ഈ പ്രപഞ്ചത്തിൽ വൃദ്ധയായ
അമ്മയല്ലാതെ
മറ്റാരുമില്ല തനിക്ക്,
അമ്മയെ പട്ടിണിക്കിടാൻ വയ്യ എന്ന
ഒറ്റക്കാരണം കൊണ്ടാണ് തലയ്ക്കു മീതെ തൂങ്ങിയാടുന്ന വെൺമഴുപോലെ
സമ്മർദ്ദമേറിയ
ഈ ജോലി താൻ തെരഞ്ഞെടുത്തതുതന്നെ.
തന്നെ കണ്ടില്ലെങ്കിൽ അമ്മയ്ക്ക് ആവലാതിയാണ്.
ഒരു നേരം വീട്ടിലെത്താനൊന്നു
വൈകിയാൽത്തന്നെ
ആധി
കയറും.
ആ നിലയ്ക്ക് ഇനിയും തന്നെ കാണാതെ അമ്മ ആധി പിടിക്കുന്നുണ്ടാവും.
തെരുവ് ഇപ്പോഴും നിശബ്ദമാണ്.
മങ്ങിയ
മഞ്ഞ വെളിച്ചം
നിരത്തിനെ
ഏതോ
ദുസ്വപ്നത്തിന്റെ
ബാക്കി പത്രം പോലെ
തോന്നിച്ചു.
കാണെക്കാണെ
രാത്രി
വളരുന്നു.
അങ്ങകലെ
മുഷിഞ്ഞ വേഷം ധരിച്ച
ഒരു
അപരിചിതന്റെ
നിഴൽ അനങ്ങുന്നു….
അത് നോക്കിനിൽക്കെ തൻ്റെ
അടുക്കലേക്ക്
നടന്നു വരും പോലെ
അവൾക്ക് തോന്നി.
ആരാണയാൾ!
വളരെ ക്ഷീണിതനെപ്പോലെ
തോന്നിക്കുന്ന,
മുഷിഞ്ഞ വസ്ത്രധാരിയായ,
യാചകനെ സ്മരിപ്പിക്കുന്ന
ഈ വൃദ്ധൻ
എന്താണ്
ഈ ഇരുളിൽ
തന്റെ നേർക്ക് ?
എന്തായിരിക്കും അയാളുടെ ഉദ്ദേശം?
അയാൾ വിറച്ചു വിറച്ച് എന്തോ സംസാരിക്കാൻ തുടങ്ങുന്നതുപോലെ?
അതോ തോന്നിയതാണോ?അല്ല!
അയാൾ തന്നോട് എന്തോ ചോദിക്കുന്നുണ്ട്….
അവസാനത്തെ ബസ്സും
പോയി അല്ലേ?”
വിറയാർന്ന ശബ്ദം!
ഏതോ ഗുഹാമുഖത്തു നിന്നും
പ്രതിധ്വനിപോലെ അത്
കാതിലേക്ക്
പിന്നെയും
പിന്നെയും
ഇരച്ചുകയറുന്നു.
അതെ, വൈകിയിരിക്കുന്നു.
അതും നഷ്ടമായി.
അയാൾ
അജ്ഞാതമായി ചിരിച്ചുവോ?
അതോ പിന്നെയും തോന്നലോ?
അല്ല,
അയാൾ മന്ദഹസിക്കുന്നുണ്ട്
പിന്നെ മെല്ലെ സ്വയമെന്നോണം
മുറുമുറുത്തു.
ഇല്ല കുട്ടീ,
അവസാനത്തെ ബസ്സ് !
അങ്ങനെയൊന്നില്ല!
ഇടവേളകളുണ്ടാവാം
ജീവിതത്തിൽ.
എന്നാൽ
ഒന്നും ഒന്നിന്റെയും അവസാനമല്ല,
എല്ലാറ്റിനുംഒരു തുടർച്ചയുണ്ട്.
ഈ പ്രപഞ്ചം പോലെ,
ഈ ജീവിതം പോലെ.
തത്വശാസ്ത്രമാണോ?”
അവൾ
ചോദിച്ചു.
അല്ല”
ജീവിത സത്യം!”
അയാൾ എന്തൊക്കെയോ പിന്നെയും പറഞ്ഞുകൊണ്ട് നടന്നു തുടങ്ങി.
അങ്ങകലെ തെരുവിളക്കുകളുടെ മങ്ങിയ വെളിച്ചം നിറം ചാർത്തിയ നിരത്തിൽ മെല്ലെയകലുന്ന
ആ പടുവൃദ്ധൻ
ഒരു ഉന്മാദിയെപ്പോലെ തോന്നിച്ചു.
അവളുടെ ചിന്തകളെ
വഴിമുടക്കിക്കൊണ്ട് ദൂരെ നിന്നും ഒരു ഹോണടി ശബ്ദം കേൾക്കായി…
ഞെട്ടി തിരിഞ്ഞ് അവൾ
ചുണ്ടിൽ ഒരു നേർത്ത മന്ദഹാസത്തോടെ മൊഴിഞ്ഞു;
അവസാനത്തെ ബസ്,
അല്ല,
അടുത്ത ബസ്സ് !