മരണമെൻ മുന്നിലായ് നിന്നു ചിരിക്കുന്നു;
മൗനം മയക്കമോടെന്നിൽ വസിക്കുന്നു
ചിത്രതിരുന്നാളിന്നാതുരാലയത്തിൽഞാൻ
ചത്തതിനൊക്കുമേ,ജീവിച്ചിരിക്കുന്നു.

എൻമനച്ശ്ചിത്രങ്ങളെങ്ങോ പിഴയ്ക്കയാ-
ണെങ്കിലും ജീവിതതാളം നുകരവേ,
ചിന്തയാൽചാലിച്ച, ചായങ്ങൾക്കൊണ്ടുഞാ-
നെൻഭാവിചിത്രം രചിക്കാൻ ശ്രമിക്കുന്നു.

എന്തിനാണേകയാണിത്രയും ശ്രദ്ധയോ-
ടുള്ള ശുശ്രൂഷകളെന്നുചോദിക്കവേ,
അൻപോടെയോതുന്നിതാ തുര സേവക;
അമ്പേ, പരാജയമാണുനിന്നാരോഗ്യം.

നിത്യംനമിക്കുമായീശ്വരൻ നിൻ
ശിരസ്സറിയാതെയുള്ളിലായ് സൃഷ്ടിച്ചുപോയ ഹോ!.
മുത്തുകൊരുത്തപോലുഗ്രവലുപ്പത്തിൽ
മാറ്റംവരുത്തുവാനാകാത്തൊരു മുഴ.

കീമോതുടങ്ങണം, റേഡിയേഷൻ വേണം:
പേടിയേറ്റുന്നതാണോരോ രഹസ്യവും
തേടിയാ, കാരുണ്യഹൃദയമെൻ കുടുംബകം
വാടിവീണാതെനിൽപ്പാണച്ഛനെങ്കിലും;

അമ്പരപ്പിക്കുമായുത്തരം കേട്ടു ഞാൻ
എമ്പതുകാരനെപ്പോലേയിരുന്നു പോയ്;
എങ്കിലും കൊതിയോടെ യോർക്കയാണപ്പോഴും
എങ്ങോ മറഞ്ഞ യെന്നഴകാർന്ന ജീവിതം.

നെഞ്ചോടുചേർത്തുലാളിക്കുവാനുണ്ടെനി-
ക്കോമനക്കുഞ്ഞൊന്നുടയോന്റെ ശക്തിയാൽ
ചെഞ്ചായമിട്ടപോലുള്ളതിൻചുണ്ടിൽഞാ-
നഞ്ചാറു മുത്തങ്ങളേകുവതെപ്പൊഴായ് ?

അർബുദാതാതുരാലയത്തിലേക്കാ,ദിനം
നിർബന്ധപൂർവ്വമെടുത്തുമാറ്റി ക്ഷണം
കഷ്ണങ്ങളായി നുറുങ്ങുന്നു ഹൃത്തടം;
ഉഷ്ണപ്പെടുന്നു ദയതാരകേ, മാതൃകം.

ശരശയ്യയേറ്റു പുളയുമെൻ ജീവിതം;
മലർശയ്യയാക്കിയിന്നേകുവാനാകാതെ,
പേരിൽ ബിരുദങ്ങളുള്ള ഭീഷഗ്വരർ;
പേരിന്നുമാത്രം സഹതപിച്ചീടുന്നു.

വെയിൽപോയി മങ്ങിത്തുടങ്ങിയ പകലുപോൽ
ഉന്മേഷമാകെ ക്കുറഞ്ഞുപോയീടവേ,
അണയുവാൻ പോകുമീ ദീപത്തിലീശ്വരാ,
ചൊരിയുക! നിൻകൃപാസ്നേഹത്തിൻതുള്ളികൾ…

By ivayana

Leave a Reply

Your email address will not be published. Required fields are marked *