രചന : ഷാഫി മുഹമ്മദ് റാവുത്തർ ✍️.
കിനാക്കളിലുദിച്ചൊരെൻ
നിലാക്കുളിർത്തെളിച്ചമേ
മൊഴിത്തിളക്കമെന്നിലെ-
യുലച്ചിലങ്ങു നീക്കിടും
കരം തൊടാനൊരുക്കമാ-
യടുത്തു നീയണയുകിൽ
കടുത്തനോവിനക്കരെ
തുടിച്ചു തുള്ളിയെത്തിടും
വിശന്നൊടുങ്ങിവീണിടാ-
തുയിരു കാത്തഭോജ്യമേ
കരുതലേന്തിയെന്നിലെ-
ക്കരുത്തുയർത്തി നിർത്തി നീ
കരിഞ്ഞുണങ്ങും വേരിലും
ജലം പകർന്ന ജീവനേ
പിരിഞ്ഞിടാതെ പ്രാണനിൽ
നിറം ചൊരിഞ്ഞു നിൽക്കണം
മണം തികഞ്ഞ പൂവു നീ
മനം നിറച്ച വാക്കു നീ
വരിത്തിരയലകളാൽ
കര തൊടും കവിത നീ
പവൻ പൊലിച്ച തങ്കമേ
തിളങ്ങിടുന്ന രത്നമേ
ഇടത്തു ചേർന്നു പാറിടും
ചുവന്നൊരെന്റെ ചിന്ത നീ…
ഒടുങ്ങിടുന്ന നാൾ വരെ
തുടിച്ചിടുന്ന നെഞ്ചകം
നിറച്ചെനിക്കു കാവലാ-
യുറങ്ങിടാതെ വാഴ്ക നീ…
