അവൾ കണ്ണ് രണ്ടും
ഇറുകെയടച്ച് രാത്രിയാക്കും,
അവൻ ഒരുപിടി നിലാവുമായി
വാതിൽക്കൽ വന്നു നിൽക്കും.

അവൾ നക്ഷത്രങ്ങളെ മുഴുവൻ
എണ്ണിക്കണക്കാക്കും,
അവൻ ഇനിയുമെണ്ണിത്തീരാത്ത
നോവുകളുടെ കെട്ടഴിക്കും.

അവൾ കണ്ണുകൾ കൊണ്ട്
മനോഹരമായ കവിതയെഴുതും,
അവൻ വിരൽത്തുമ്പ് കൊണ്ടത്
വായിച്ചു നോക്കും.

അവൾ ചുണ്ടുകൾക്കിടയിൽ
രഹസ്യങ്ങൾ ഒളിച്ചുവെക്കും,
അവൻ ചുടുനിശ്വാസം കൊണ്ട്
അവയെ കരിച്ചു കളയും.

അവൾ കുളക്കരയിൽ
നനഞ്ഞ കാലുമായി നിൽക്കും,
അവൻ വിദൂരതയിലേക്കുള്ള ദൂരം
മനക്കണക്ക് കൂട്ടും.

അവൾ മുഖം വിടർത്തി
ഉള്ളം കൊണ്ട് പുഞ്ചിരിക്കും,
അവൻ കരഞ്ഞ് പിഴിഞ്ഞ്
തോൽവി സമ്മതിപ്പിക്കും.

അങ്ങനെയങ്ങനെ,
അവൾ അവനോടും,
അവൻ തിരിച്ചും
ജയം കൈവരിക്കാനായി
പലതും ചെയ്തുകൂട്ടും.

യുദ്ധത്തിൽ
പരാജയം മാത്രം
ഉള്ളതുപോലെ
അവരുടെ പ്രണയത്തിലും
ജയമെന്ന ഒന്നില്ല
എന്ന യാഥാർഥ്യം
അവരറിയുകയേ ഇല്ല,
പ്രണയം
ഒരു യുദ്ധമാണെന്നും…

By ivayana