രചന : ലാൽച്ചന്ദ് മക്രേരി✍️.
ശാസ്ത്രവും ലോകവും അനുസ്യൂതം വളരുമ്പോൾ
വരൾച്ചയാണല്ലോ ചുറ്റിലുമീക്കാലം
സ്നേഹ സൗഹൃദ ബന്ധങ്ങൾക്കൊക്കേയും
പുരോഗമനമെന്നു നാം പറയുന്ന ലോകത്തിൽ
സ്നേഹ സൗഹൃദ സാന്ത്വന ബന്ധങ്ങളൊക്കെ ,
വരൾച്ച ബാധിച്ചോരു മരുഭൂമിപോലെ….
വിണ്ടുകീറിക്കിടക്കുകയാണല്ലോ
ആർദ്രതയില്ലാത്ത മനസ്സുകൾക്കുള്ളിൽ.
വീട്ടിനും മനസ്സിനും ചുറ്റിലുമുയരുന്നു
വേർതിരിവിൻ്റെയാ കൂറ്റൻ മതിലുകൾ …
വിദ്യ അഭ്യാസമായ് തീർന്നോരീ കാലത്ത്
ആധുനീകതയുടെ ഈ നവലോകത്ത്.
രക്തബന്ധങ്ങളും സൗഹൃദബന്ധവും
ക്ഷണികമാം നേരത്തായ് തെറ്റിപ്പിരിഞ്ഞിട്ട്
പകയുടെ വിത്തുകൾ ഹൃത്തിൽ മുളപ്പിച്ച്
പോരടിക്കുന്നു നാം മർത്ത്യൻമാർ തമ്മിൽ
നിണമണിഞ്ഞുള്ളോരു വഴികളിലൂടായി.
മാതാപിതാക്കളേ ഹനിക്കുന്ന മക്കളും
മക്കളേ കൊല്ലുന്ന മാതാപിതാക്കളും,
നുരയും ലഹരിതൻ എരിയും ഹരത്തിനാൽ
ഹിംസതൻ പര്യായമായ് മാറും യുവത്വവും
പരസ്പരം കഠാരകൾ കുത്തിയിറക്കുന്ന
പകയിൽ ജ്വലിക്കുന്ന സൗഹൃദങ്ങളും പോലെ
പൊതു ബന്ധമില്ലാതെ വളരും സമൂഹവും
അനുസ്യൂതമങ്ങിനേ വളർന്നീടുന്നുണ്ടല്ലോ….
സ്നേഹമെന്നുള്ളോരാ മൂന്നക്ഷരത്തിൻ്റെ
വരൾച്ചകൊണ്ടായിട്ട് മനുജൻ്റെ ചുറ്റിലും
ആധുനീകതയുടെ ഈ നവലോകത്ത്.