ഒരു നാൾ പോകണം
വന്നതു പോലെ
ഒന്നുമില്ലാതെ പോകണം
ഇത്തിരി തുളസി തീർത്ഥം
കിട്ടുകിൽ ഭാഗ്യം ചെയ്തവർ
മറ്റൊന്നും ആവശ്യമില്ലാത്തവ
അന്ത്യ നിമിഷങ്ങൾ
മനസ്സിനെ ശാന്തമാക്കണം
മാലിന്യമൊക്കെ തുടച്ചുനീക്കി
മനസ്സ് ശുദ്ധിയാക്കണം
മനസ്സാക്ഷിക്കു മുമ്പിൽ
സമസ്താപരാധങ്ങളും
ഏറ്റുപ്പറഞ്ഞു ഭാരമൊഴിക്കണം
കടമകളുടെ കടങ്ങൾ
ഇറക്കിവച്ചേകനാവണം
കണ്ണീരൊഴുക്കിൽ പാപ
പശ്ചാത്താപമുണ്ടാവണം
പൂർവകാല ചെയ്തികൾ
ചിന്തകൾ നെടുവീർപ്പുകളായി
വായുവിലലിയണം
ചുറ്റുമുള്ളവരൊന്നൊന്നായി
മിഴികളിൽ നിന്നു മായണം
കൃഷ്ണമണികൾ മെല്ലെ മെല്ലെ
നിശ്ചലമാകവേ തേങ്ങലുകൾ
നേർത്തു നേർത്തില്ലാതാവണം
പ്രാണാഗ്നി ദേഹം വെടിയും മുമ്പ്
മുഖത്തൊരു തേജസ്സ് തെളിയണം
ക്രമേണ കാളിമ പടരുമ്പോൾ
കൈകാലുകൾ വലിഞ്ഞു മുറുകി
ശ്വാസനിശ്വാസങ്ങളിലൊന്നിൽ
ദേഹം നിശ്ചലമാകുന്നിടത്തു
പ്രാണൻ മോക്ഷ പ്രാപ്തി നേടി
ക്ഷേത്രം വിട്ടകലുമ്പോൾ നാം
നേടിയതൊക്കെ വെടിയണം.
എല്ലാം വ്യർത്ഥമെന്ന സത്യമറിയുന്ന
പ്രാണനേ മോക്ഷ പ്രാപ്തി ലഭ്യമാകൂ…!

ഷാജി പേടികുളം

By ivayana