രചന : വൈഗ ക്രിസ്റ്റി ✍️
ഏലീശുവാമ്മയാണ് ഞങ്ങടെ നാട്ടിലെ പുണ്യാളത്തി
ഓ! പിന്നേന്ന് വയ്ക്കാൻ വരട്ടെ
പറഞ്ഞു വരുമ്പോൾ
ഏലീശുവാമ്മേനെ
നിങ്ങക്കൊക്കെ
അറിയാരിക്കും അല്ലേ ?
ശരിക്കും …
ഭൂമീടെ പ്രായവൊണ്ട്
ഏലീശുവാമ്മയ്ക്ക്!
സത്യവാന്നേ
“ന്യൂ ജെൻ പെൺപടകളെല്ലാം ജീൻസേന്നും
ടീ ഷർട്ടേന്നുവൊക്കെ മാറി
പിന്നേം പിന്നേം കൊറേ മുന്നോട്ട് പോയി
ആണുങ്ങളായ ആണുങ്ങക്കൊക്കെ
പേയും പിടിച്ചു “
മുണ്ടിൻ്റെ അടുക്ക് നേരെയിട്ട്
ഏലീശുവാമ്മ കലിപ്പിക്കും
എൻ്റെ കുഞ്ഞിലേ
ഏലീശുവാമ്മ ഇതേപോലെ
ചട്ടേം മുണ്ടുമുടുത്ത് നടക്കുന്നത് കണ്ടിട്ടുണ്ട്
കാലമൊക്കെ മുന്നോട്ടു പോയി
പെറ്റിക്കോട്ടേന്ന്
എനിക്ക് എത്ര പ്രമോഷൻ കിട്ടിയെന്നറിയാവോ
അവര് മാത്രം
അതേ വേഷത്തിൽ
അതേ ഭാവത്തിൽ തുടർന്നു
“രണ്ടാൺ മക്കളാരുന്നു
രണ്ടിനേം അരിയത്ര വല്ലിച്ചൻ
കൊണ്ടുപോയി “
കണ്ണു നെറയാതെ ,
വാക്കിടറാതെ ,
അവര് പറയും
അരിയത്രയ്ക്ക് പോയി വന്ന
വണ്ടി മറിഞ്ഞാ
മക്കള് രണ്ടും
കർത്തൃസന്നിധീലേക്ക് എടുക്കപ്പെട്ടത്
രണ്ട്
പെട്ടികളിലായി
രണ്ടു മക്കൾ!
ഏലീശുവാമ്മേടെ കണ്ണുകൾ
മുഖത്ത് കല്ലിച്ചു കിടന്നു
അതീപ്പിന്നെയവർ കരയുന്നത്
ആരും കണ്ടിട്ടില്ല
അല്ല !
അതിനാരും ചെവിയും കണ്ണും കൊടുത്തിട്ടില്ലെന്നതാ സത്യം
“ഹൊ! ആ പെണ്ണുമ്പുള്ളയുടെ മനക്കട്ടി
സമ്മതിക്കണം
രണ്ട് മക്കളും പോയിട്ടും
ഇങ്ങനെ പനങ്കുറ്റി പോലെ ജീവിക്കുന്നുണ്ടല്ലോ “
എല്ലാവരും
പരദൂഷണത്തിൽ പായിട്ടു കിടന്നു
ഏലീശുവാമ്മ
ആർക്കും ചെവികൊടുത്തില്ല !
ഞങ്ങള്,
പിള്ളേരെക്കാണുമ്പം മാത്രം
ആ കണ്ണുകളുടെ ഓരമൊന്ന്
ചൊവക്കും
കണ്ണിനുള്ളിൽ ചെറിയ ഞരമ്പു തെളിയും
എന്നാലും
ആ കണ്ണീന്ന് ,
ഒരു തുള്ളിയൊഴുകുവേല !
അതിനവര് സമ്മതിക്കുവേല !
മരിച്ചിട്ട് ,
വർഷങ്ങളായിട്ടും
അവരുടെ ,
അമ്മത്തം അനുഭവിച്ചതിൻ്റെ
മധുരം
ഞങ്ങടെ വായിലൊണ്ടെന്നേ
അവരു വല്യ പുണ്യാളത്തി കളിക്കുവാന്ന്
നാട്ടുകാരെല്ലാം
കളിയാക്കുന്നത്
ഞാനും കേട്ടിട്ടുണ്ട്
ആരെന്നാ പറഞ്ഞാലും
എനിക്കറിയാം
എലിശുവാമ്മയാ
ഞങ്ങടെ നാട്ടിലെ പുണ്യാളത്തി
അല്ലെങ്കിപ്പിന്നെ
പേ പിടിച്ച ലോറൻസിൻ്റെ കൈയേന്ന്
റീനമോളേ സമയത്ത്
രക്ഷിച്ചതെങ്ങനെയാന്നേ?
ഇന്നാളൊരിക്കൽ ,
പത്തി വിരിച്ച മൂർഖൻ പാമ്പിൻ്റെ
മുന്നീന്ന്
എന്നെ വലിച്ചു മാറ്റി
അതിൻ്റെ
കടികൊണ്ട് മരിച്ചതെങ്ങനെയാന്നേ?
ഏലീശുവാമ്മ പുണ്യാളത്തിയാ
കുഞ്ഞുങ്ങൾടെ പുണ്യാളത്തി

