രചന : എം ബഷീർ ✍️
ഒരെഴുത്തും വായിക്കാതെ തന്നെ എനിക്ക് ആരാധന തോന്നിയ എഴുത്തുകാരനാണ് മേതിൽ.
എന്റെ ജീവിതക്കാഴ്ചയിൽ അങ്ങനെ മറ്റൊരാളില്ല.
ഞാൻ സൂര്യവംശമോ അദ്ദേഹത്തിന്റെ കഥകളോ കവിതകളോ മറ്റു സാഹിത്യ രൂപങ്ങളോ വായിച്ചിട്ടില്ല. എന്റെ കഴിഞ്ഞ കാല വായനയുടെ ഏതെങ്കിലും വഴികളിൽ മേതിലിയൻ സാഹിത്യം ഒരിക്കലും മുന്നിൽ കടന്നുവന്നിട്ടില്ല.ഞാനന്വേഷിച്ചു പോയിട്ടുമില്ല.
എന്നിട്ടും ബഷീറിനെപ്പോലെ,
വിജയനെപ്പോലെ, എം ടി യെപ്പോലെ,മാധവിക്കുട്ടിയെപ്പോലെ മേതിലും എനിക്ക് പ്രിയപ്പെട്ടയാളായി.
അതെങ്ങനെ എന്ന് ചോദിച്ചാൽ, വായനയും എഴുത്തും ജീവിതത്തിന്റെ ഭാഗമായി മാറിയ യൗവ്വനാരംഭത്തിൽ തന്നെ മേതിലിനെക്കുറിച്ച് മറ്റുള്ളവരെഴുതിയ നിരീക്ഷണങ്ങളും പഠനങ്ങളും വിശേഷണങ്ങളും വിമർശനങ്ങളും ധാരാളം വായിക്കാനിടയായിട്ടുണ്ട്. മലയാള സാഹിത്യലോകത്ത് മേതിൽ മറ്റുള്ള സമകാലികരെ അപേക്ഷിച്ച് തന്റെ സവിശേഷ ശൈലിയുടെ നിശബ്ദ വിസ്ഫോടനങ്ങൾ കൊണ്ട് എങ്ങനെയൊരു മാരകമായ സാന്നിധ്യമായി മാറിഎന്നതിന്റെ രഹസ്യം അങ്ങനെയാണ് ഞാൻ മനസ്സിലാക്കിയത്.
സാങ്കേതികാർത്ഥത്തിൽ അദ്ദേഹത്തിന്റെ സമകാലികരായിരുന്ന പട്ടത്തുവിള, എം. സുകുമാരൻ, വിക്ടർ ലീനസ്, ടി ആർ, ജോൺ എബ്രഹാം.. തുടങ്ങിയവരെയൊക്കെ കുറേശെയായി വായിച്ചപ്പോഴും മേതിൽ ഒരു കയ്യകലത്തിൽ പിടി തരാതെ പാറി മറയുന്ന കാട്ടുതുമ്പിയെപ്പോലെ ഏതോ അജ്ഞാതമായ കാരണത്താൽ എനിക്കപ്രാപ്യമായി നഷ്ടപ്പെട്ടു കിടന്നു.
അസാന്നിധ്യം കൊണ്ട് നിറസാന്നിധ്യമാകുന്ന ഒരു തരം മാന്ത്രിക സ്പർശമുള്ള പ്രതിഭയാണ് മേതിൽ. ഒരു സംവാദവേദിയിലും,ഒരാൾക്കൂട്ടത്തിലും,
ഒരു പുരസ്കാര ബഹളങ്ങളിലും, ആനുകാലികങ്ങൾ സൃഷ്ടിക്കുന്ന എഴുത്തിന്റെ ഒരു കൃത്രിമപ്പൊലിപ്പുകളിലും
മേതിലിനെ നാം കാണുന്നില്ല. എന്നിട്ടും എല്ലാ ഇടങ്ങളിലും മേതിൽ നിറഞ്ഞു നിൽക്കുന്നു. മേതിൽ ഇല്ലാതെ തന്നെ മേതിൽ നിരന്തരം ചർച്ച ചെയ്യപ്പെടുന്നു.
ഏതൊക്കെയോ കാരണങ്ങൾ കൊണ്ട് എങ്ങനെയൊക്കെയോ മേതിലിയൻ ജീവിതത്താൽ ഞാൻ സ്വാധീനിക്കപ്പെട്ടിട്ടുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എവിടെയും പ്രത്യക്ഷപ്പെടാതെ, ആരാലും തിരിച്ചറിയപ്പെടാതെ അജ്ഞാതനായി എവിടെയോ മറഞ്ഞ് ജീവിക്കുന്ന ഒരാളായി മാറുക എന്ന വിദ്യ ചെറിയ ഒരളവിൽ എന്നെയും ബാധിച്ചിട്ടുണ്ടെന്നത് സത്യമാണ്.
“എന്റെ ജീവിതം കൊണ്ട് എനിക്കോ മറ്റുള്ളവർക്കോ ഒരുപകാരവും ഉണ്ടായിട്ടില്ല, മൈ ലൈഫ് ഈസ് ടോട്ടൽ വേസ്റ്റ്…. ” എന്നത് ഒട്ടും നിരാശയോ സങ്കടമോ ഇല്ലാതെയുള്ള മേതിലിന്റെ സത്യസന്ധമായ പ്രസ്താവനയായാണ് എനിക്കനുഭവപ്പെട്ടത് .
പണ്ട് ഒവി വിജയൻ ബഷീറിനെക്കുറിച്ച് പറഞ്ഞ പോലെ ” ജീനിയസ്സുകൾക്ക് പിൻഗാമികളില്ല, അതാണവരുടെ ശാപം….”
ആ അർത്ഥത്തിൽ മേതിൽ ഒരു സമ്പൂർണ ജീനിയസ്സാണ്. മേതിലിനും പിൻഗാമികളില്ല….
