രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍️
കാലത്തിൻ കുരുക്ഷേത്രഭൂവിലിന്നും
മൗനത്തിൻ ശരശയ്യ പൂകുന്നു പുതുഭീഷ്മർ.
അമ്പുകളല്ലിന്ന് ദേഹത്തു തറയ്ക്കുന്നത്
അവഹേളനത്തിൻ കൂർത്തമുള്ളുകൾ!
നൂറു പുത്രന്മാർക്ക് കാവലായ് നിന്നവർ
നേരിന്റെ വഴികളിൽ തനിച്ചായ് തളരുന്നു.
വാക്കിന്റെ മൂർച്ചയാൽ മുറിവേറ്റ നെഞ്ചകം
ഉടയുംചിന്തതൻ ഉലയിലുരുകുന്നു!
കൊടിയടയാളങ്ങൾ മാറിയ വീഥിയിൽ
കൊല്ലുന്ന ധർമ്മങ്ങൾ കാവലായ് നിൽക്കവേ,
പുത്തൻ ശിഖണ്ഡികൾ വില്ലു കുലയ്ക്കുന്നു
പിന്തിരിഞ്ഞോടാത്ത പ്രജ്ഞയ്ക്കു നേരെ!
അധികാര ശൈത്യത്തിൽ ഉറയുന്ന നീതിയും
അപമാന ശരങ്ങളും ഏൽക്കുന്നൊരീ കായം.
അവിവേകത്തിൻ്റെയമ്പുകളെയ്തു തിമർക്കുന്നു
അനീതിതൻ ചക്രങ്ങൾ ഉരുളുന്ന ലോകം!
ഇച്ഛാമരണത്തിൻ അനുവാദം കാക്കാതെ
ഇത്തിരി സ്നേഹത്തിൻ തീർത്ഥവും കിട്ടാതെ,
ഇന്നീ ഭീഷ്മർ തൻ വേദന പെയ്യുന്നു
ഇരുളടഞ്ഞോരു ശരശയ്യ തൻ മുകളിൽ!

