രചന : അൻവർഷാ ഉമയനല്ലൂർ* ✍️
അഴലാർന്ന കരിനിഴലാകുന്നനന്തരം
അലയാഴിയാകുന്നിതായാത്മ നൊമ്പരം
അറിയുന്നതിലേറെയാർദ്രമീ ജീവിതം
അലിഞ്ഞുമാറീടട്ടെ ധരയിലേയ്ക്കാവിധം.
ശക്തിത്രയത്തിന്നുടമയാം തമ്പുരാൻ
ശരണമായീടുന്നതില്ലെയെന്നു ദയമായ്
ശതമാനമേറെക്കുറഞ്ഞുതാഴ്ന്നെന്മനം
ശരശയ്യയേറ്റു പുളയുന്നനുദിനം.
സഹനീയമല്ലയിന്നോരോ നിശകളും
സാമീപ്യമാശിച്ചിടുനിന്നാ മനം
സരസ്സല്ലയുളളിൽത്തിളയ്ക്കുന്നയലകടൽ;
സഹജീവിയാണെന്നറിഞ്ഞില്ലെ നിൻ കരൾ?
ഈ ദൃശ്യമെല്ലാം പകർത്തിവയ്ക്കുന്നിതാ,
ഈശ്വര സാന്നിദ്ധ്യമറിയാത്ത മനസ്സുകൾ;
ഈർച്ചവാൾപോലുള്ള ചിന്തയാലിങ്ങനെ
ഈർഷ്യതയേകുന്നുണങ്ങാത്ത മുറിവുകൾ.
ബന്ധനത്താൽ, നേർത്തയാർദ്രമാം ചിന്തയാൽ;
ബന്ധുപാശത്താലമർത്തുന്ന കെട്ടിനാൽ
ബന്ധമോക്ഷം കൊതിച്ചീടുന്ന കരളിലും
ബലിനൽകി വീഴുത്തുന്നു കാലമെൻ ചുടു നിണം.
പതറുന്നതില്ല ഞാ,നെങ്കിലും പകരമായ്
പകർത്തുന്നു പുലരിയാം സഹനാർദ്രമാം തിര;
പരിതപിച്ചീടിലെന്തർത്ഥമെൻ സോദരാ,
പരിണമിച്ചുലകിനേകട്ടെയീത്തലവര.
മതിൽകെട്ടി നിർത്താതിരിക്കട്ടെ നന്മകൾ
മനസ്സിലുണ്ടാകട്ടെയാനന്ദ മുകിലുകൾ
മൺമറഞ്ഞീടാതുണരട്ടെ സ്മരണകൾ;
മാതൃദേശത്തെയുണർത്തുമാ, ചിറകുകൾ.
തിരികെ നൽകുന്നുഞാ, നാ ദിവ്യപുലരിയാൽ
തിരുഹൃദയ മുറിവുപോലുള്ളയീ കവിതകൾ;
തിരിനാളമെന്നും തെളിയ്ക്ക നിൻ കരളിനാൽ;
തിരികേമടങ്ങട്ടെയഴലാർന്നയീ,കടൽ…

