രചന : ശ്യാം സുധാകര്‍✍️.
ചെറുപ്പത്തിൽ
കൺപീലികൾ പിഴുത്തെടുത്ത്
കണ്ണാടിക്ക് നേർ ഊതിക്കളയുന്നത്
ഞങ്ങൾക്കൊരു കളിയായിരുന്നു.
ഗർഭമലസിയതിന്റെ മൂന്നാം നാൾ
അതേ കളി
എന്റെ വിരലുകളിലേക്ക് തിരിച്ചു വന്നു.
അന്നു രാത്രി
വീട്ടിലുള്ളവർക്കെല്ലാം പ്രത്യക്ഷമായി
ചോര വാർന്നു മലർന്ന മരുഭൂമിയും
ഇര വിഴുങ്ങി വലഞ്ഞ
ഒരു പെരുമ്പാമ്പും.
ഞങ്ങൾ ഞെട്ടിയുണർന്നപ്പോൾ
ചുവരിൽ കണ്ടു
സീമകൾ മറികടക്കുമ്പോൾ
ഇരുമ്പുമൂർച്ചയിൽ തട്ടി
നിമിഷം വാർന്നു വീഴുന്നതും
ഇല്ലാതാകുന്നതും.
ഭയത്തിന്റെ കറുപ്പ്
എൻ്റെ നെറ്റിയിൽ വിടരാതിരിക്കാൻ
പഴയ കളി ഞാൻ
വീണ്ടെടുത്തു.
അലർച്ചയെ
നാവിനടിയിൽ മടക്കി
വിയർക്കുന്ന ഇരുട്ടിൽ
ചെണ്ടുമല്ലിപ്പൂക്കൾ ചവയ്ക്കുന്ന
പശുവിനെ പോലെ
ഇതുവരെ പിഴുത്തെടുത്ത കൺപീലികൾ
ഞാൻ അയവെടുത്തു.
ഭയവും ഭാവിയും അസാധ്യതയും
കണ്ണാടിയിൽ നിന്നും
തണുത്ത കാലുകളിലേക്ക്
താഴോട്ട് ഏന്തി വലിയുന്നത് കണ്ടു,
ഗർഭമലസിയതിൻ്റെ മൂന്നാം നാൾ.
വാക്കനൽ