നിന്നിൽ നിന്നും
എന്നിലേക്കൊരു മടക്കം
ഇനി അത്ര എളുപ്പമല്ല ..
അതിന് ..
നമ്മൾ ഒന്നിച്ചുകയറിയ
പ്രണയത്തിന്റെ
കൊടുമുടിയത്രയും
തിരിച്ചിറങ്ങണം ..
അതിന് നമ്മൾ കടന്ന
ഉന്മാദത്തിന്റെ
കടലുകളത്രയും
തിരിച്ചു നീന്തണം
അതിന് നമ്മൾ താണ്ടിയ
മൗനത്തിന്റെ
മരുഭൂമിയത്രയും
മുറിച്ചുകടക്കണം
അതിനിനിയും
എത്ര മോഹങ്ങൾ തൻ
മുറിവുകൾ തുന്നണം ..?
അതിനിനി ..
എത്ര കാലങ്ങൾ തൻ
കണ്ണീരൊപ്പണം ..?
നീ എന്ന വിഭ്രാന്തിയുടെ
വേനലിൽ പൊള്ളാതെ..
നഷ്ട സ്വപ്നങ്ങളുടെ
മിന്നലാൽ മുറിയാതെ ..
നോവിന്റെ തീക്കാറ്റുകളിൽ
ആത്മാവു വേവാതെ ..
നമ്മളെങ്ങനെ
നമ്മിലേക്കെത്തും ..??
നിനക്ക് നിന്നിലേക്കും
എനിക്ക് എന്നിലേക്കുമുള്ള
യാത്ര അസാധ്യമാണെന്നിരിക്കിലും
കരകവിയുന്നൊരീ
ഓർമ്മകൾ തൻ
പ്രളയത്തിൽ
കര കയറാനൊരു
മറവിയുടെ തുരുത്തെങ്കിലും
നീ ബാക്കിവച്ചെങ്കിൽ ..
കുത്തിക്കെടുത്തിയ
വാക്കിന്റെ ചൂട്ടൊന്ന്
ആയത്തിൽ വീശി നീ
വെളിച്ചം തെളിച്ചെങ്കിൽ ..
ഞാൻ പരാജിതയാകുന്നു
നീ ..
എന്നൊരോർമ്മയുടെ
ഉപ്പു കലരാത്ത
തിരകളേതുണ്ട് ..
എൻ ജീവിതകടലിൽ ..??
നീ ..
എന്ന സ്വപ്നത്തിൻ
മധുരം കലരാത്ത
നിദ്രകളേതുണ്ടെൻ
ആയുസ്സിൻ താളിൽ ..??
നീ എന്ന നോവിനെ
പ്രണയത്തിന്റെ
ശവക്കച്ച പൊതിഞ്ഞു
ഞാൻ ഹൃദയത്തിൽ
അടക്കം ചെയ്യുന്നു ..
പ്രേമമേ ..
മൃത്യുവിന്റെ
ചുണ്ടിൽനിന്നഗ്നിയായ്
പടരുംമുൻപ് ഒരുവട്ടമെങ്കിലും
ഹൃദയം കൊണ്ടെന്റെ ആത്മാവിൽ
നീ അമർത്തി ചുംബിക്കുക

By ivayana