നദികൾ, പുഴകൾ, സാഗരതീരം
കഥപറയുന്നാക്കടവുകളും
കളകളമൊഴിയിൽ കളിവാക്കോതി
ചുംബനമേകുന്നോളങ്ങൾ.

അരയിൽച്ചുറ്റിപ്പുളകംകൊള്ളു-
ന്നരഞ്ഞാണച്ചരടെന്നതുപോൽ
വെള്ളിക്കൊലുസുകളിട്ടവളൊപ്പം
നൃത്തംചെയ്തു രമിക്കുന്നു.

പരിരക്ഷണമതുതുടരുംതീരം
വഴിവിട്ടവളൊന്നൊഴുകാതെ
പരിമിതിയുണ്ടവനെങ്കിലുമിവിടെ-
പ്പരിചരണത്തുണയായീടും.

എന്തൊരു രസമായുണ്ണികൾവന്നു
കളിച്ചു കുളിച്ചു കഴിഞ്ഞൊരുകാലം
എന്നാലിന്നതു മാറിയ ചിത്രം
കോലംകെട്ടൊരുപുഴയുടെ ചരിതം.

തസ്ക്കരമാനസർ വന്നുകുഴിച്ചി-
ന്നവളുടെ മാറുപിളർക്കുമ്പോൾ
വന്നുകനത്തിലു മാന്തിയമണ്ണും
കൊട്ടകണക്കിനു പോകുന്നു.

വണ്ടികൾ പലവഴിയെത്തുംകരയിൽ
മാന്തിയെടുക്കാൻ തടിനിതലം
ഈവിധമൊടുവിൽ പൊലിയുംജീവൻ
ചെറിയൊരുകാലം കഴിയുമ്പോൾ.

ദുർവിധിയല്ലിതു ക്രൂരതയല്ലോ
ദുരമൂത്തലയും മനുജാ! കേൾ
ഇല്ല തടുക്കാനാവില്ലാർക്കും
ഗതികെട്ടവളൊന്നാഞ്ഞീടിൽ.

ഒരുഹൃദയംപോലവരിനിയെന്നും
ഇണപിരിയാതിവിടുണ്ടാവാൻ
ചങ്കുതുരന്നുമുറിക്കാതിനിയും
ജീവൻ പാതി കൊടുത്തീടൂ..

ശ്രീകുമാർ പെരിങ്ങാല

By ivayana

One thought on “പുഴയും തീരവും”
  1. വളരെ സന്തോഷം എന്റെ കവിത പ്രസിദ്ധീകരിച്ചതിൽ❤️🙏

Comments are closed.