കപ്പിയിൽ ചൂടിക്കയർ ഉരയണ
ഒച്ച കേൾക്കുമ്പോൾ ന്റെ പല്ല് പുളിക്കും,
രോമംമുഴുക്കനും നിക്കനെ എണീക്കും
രണ്ടിറ്റ് എണ്ണയിട്ടാൽ പോരെന്ന്
മനസ്സിൽ കരുതും..
അയ്നും മാത്രം പേടി എന്തിനെന്ന്
ആലോചിച്ച് നെറ്റിചുളിക്കും..
അലകിമ്മേൽ പിടിച്ച് കിണറ്റിലേക്ക്
ഏന്തിവലിഞ്ഞു നോക്കുമ്പോൾ
കുപ്പായം പിടിച്ച് ചേച്ചി പിന്നാക്കം വലിക്കും..
പാറക്കിണറിൽ വീണാൽ
തല പൊട്ടിപ്പോകുമെന്ന് പേടിപ്പിക്കും
പാളതൊട്ടി കിണറ്റിലേക്കെറിഞ്ഞ്
പാതാളക്കിണറിൽ നിന്ന് കുനിഞ്ഞ്
വെള്ളംകോരും..
ചേച്ചിക്ക് ഭഗോതിനെ തൊഴണമെന്ന് പറയും,
കേട്ടപാതി ഞാൻ ഒരുങ്ങാൻ തുടങ്ങും
വിളക്ക്കാട്ടി കണ്ണെഴുതും
ചാന്ത്നനച്ച് ചുണ്ട്ചോപ്പിക്കും
ഞാനും ചേച്ചിയും ഒപ്പംപോവും
രണ്ടുകൊമ്പിൽ പിന്നിയിട്ട മുടിപിടിച്ച്
ചുറ്റും നോക്കും..
ചെക്കമ്മാരെ കണ്ണുമുഴുക്കനും
ചേച്ചിനെ മാത്രം നോക്കണത് കണ്ട്
കുശുമ്പു കൊണ്ട് ന്റെ ചുണ്ടുവിറക്കും..
ഇന്നെ കാണാനെന്തെ കൊളളൂലേന്ന്
പതക്കം പറയും..
ചേച്ചി കണ്ണുംതാഴ്ത്തി മെല്ലെന നടക്കും
ചന്തീന്റെ താഴെവരെ നിക്കണ മുടി
പാറി കളിക്കും..
തലപെരുക്കും.. മുഖംകനക്കും..
എലിവാലു പോലിരിക്കണ മുടി വലിച്ചുപിടിച്ച്
ഞാൻ മുന്നേ നടക്കും..
തൊഴണ നേരം ചേച്ചീനേം ഭഗോതീനേം
മാറി മാറി നോക്കും,
രണ്ടാൾക്കും അമ്മാതിരി ചൊങ്കാണന്ന്
പിന്നേം തോന്നും..
അമ്മ ഓളെ തെല്ല് വെയിലുപോലും
കൊള്ളിച്ചില്ലെന്ന് എനിക്കുറപ്പായിരുന്നു,
തൊഴുതു മടങ്ങുമ്പോൾ ചേച്ചീന്റെ മട്ടുമാറും
ന്റെ കയ്യിൽ മുറുകെ പിടിക്കും
തോട്ടിന്റെ വക്കത്തെ കാട്ടുവഴീക്കൂടെ
പോകാമെന്ന് കെഞ്ചി പറയും..
ദേഷ്യം മൂക്കിൻതുമ്പത്ത് നിർത്തി
ഞാൻ കണ്ണുരുട്ടും..
കൂവളംപോലത്തെ ചേച്ചീന്റെകണ്ണുകൾ
മുക്കൂറ്റിപോലെ ചെറുതാക്കും..
എന്റെ താടിപിടിച്ച് മുത്തേന്ന് വിളിക്കും
ഒട്ടും ദഹിക്കൂലെങ്കിലും ഒടുക്കമങ്ങ് സമ്മതിക്കും ..
പൊന്തമൂടി കിടക്കണ തോട്ടിൻ
വരമ്പത്തുകൂടെ ചേച്ചി മുന്നേനടക്കും..
പണ്ട് പെണ്ണുങ്ങൾ
കുളിക്കാനിറങ്ങിയിരുന്ന
കടവെത്തുമ്പോൾ ചേച്ചി
എന്നെ തിരിഞ്ഞുനോക്കും..
എന്റെ മോന്തകനക്കും
ഇന്നേവരെ കായ്ച്ചിട്ടില്ലാത്ത
അത്തിമരത്തിന്റെ ചോട്ടിലിരുന്ന്
പാടത്തുമേയണ പൈക്കളിലേക്ക്
കണ്ണുപായിക്കും…
തോട്ടിൻപടവിന്ന് ഗൗളിചിലക്കണ
മാതിരിയുള്ള ഒച്ചകേട്ട് ചെവിക്കല്ല്പൊട്ടും..
കണ്ണിനു മുന്നിലെ പൈക്കൾമായും,
ദാസേട്ടൻ ചിരിച്ചു നിൽക്കും..
നെഞ്ഞ് താളത്തിലിടിക്കും,
ഈ ലോകത്തെ ഏറ്റവും മെനയുള്ള
ചെക്കൻ ദാസേട്ടനാണന്ന് എനിക്ക്
പിന്നേം തോന്നും..
കടവിൽനിന്ന് ചേച്ചീടെ വളകിലുങ്ങും
വെള്ളത്തിൽ വരച്ച ചിത്രംപോലെ
ദാസേട്ടൻ മാഞ്ഞുപോകും,
ഞാനൊരു നീളൻ നെടുവീർപ്പിടും..
കടവിലേക്ക് ഒറ്റക്കാൽ പൊക്കി പാളിനോക്കും,
ഒറ്റക്കല്ല്പോലെ നിക്കണ
ദാസേട്ടനേം ചേച്ചീനേം കണ്ട്
കണ്ണിൽ വെള്ളപ്പൊക്കം വരും,
പല്ലിറുമ്പി ഞാനത് തുടച്ചുകളയും..
കഴിഞ്ഞില്ലേന്ന് ചോയ്ക്കുമ്പോൾ
മാത്രം ദാസേട്ടനും ചേച്ചിയും കയറിവരും
വെക്കത്തിൽ ചുളിഞ്ഞകുപ്പായം നീർത്തി
ചുണ്ട്നനച്ച് ചിരിച്ചുനിക്കും ..
എന്റെയുള്ളിൽ തെയ്യം തുള്ളും
ദാസേട്ടനെ ഉമ്മവെച്ച് വരിഞ്ഞു
മുറുക്കാൻതോന്നും..
മലപോലെ നിന്നിട്ടും ദാസേട്ടൻ
എന്നെ കാണുന്നില്ലന്ന് തോന്നുമ്പോൾ,
മതി എന്നുംപറഞ്ഞ്
ചേച്ചീന്റെ കയ്യും പിടിച്ച് നടക്കും..
അന്തിയിരുണ്ടാൽ കിടക്കപായേൽ
കണ്ണടച്ച് കിടക്കും
ചേച്ചി എന്നെ തട്ടിനോക്കും
നാഴിനേരം മുന്നേ ഉറങ്ങിയോളാണെന്ന
തരത്തിൽ ചത്തപോലെ കിടക്കും,
നേരംനീങ്ങും ചീവീട്കരയും
ജനാലമ്മൽ മുട്ട്കേക്കും,
ദാസേട്ടന്റെ മണം മൂക്കിൽ തുളച്ചുകേറും
മത്ത്പിടിക്കും
എന്റെ മുന്നിൽ ദാസേട്ടൻ ചിരിച്ചുനിക്കും..
ചെവീൽ പിന്നേം ഗൗളി ചിലക്കണ
ഒച്ചപതിയും..
അടച്ചകണ്ണിൽ ചോരനിറയും
ദാസേട്ടൻ ഇന്റെ അടുത്തൂന്ന് മാഞ്ഞുപോകും..
പുലരാനായപ്പോൾ ഞാൻ നീച്ചുനടന്നു
ജനലിന്റെ അഴീമ്മൽപറ്റിയ
ഓന്റെമണം മുഴുവൻ മേത്ത്തേച്ചു ..
ചേച്ചീന്റെ അടുത്തിരുന്ന് പല്ലിറുമ്പി..
വെള്ളംകോരണ ചേച്ചീനെ നോക്കി,
നെഞ്ഞിന്നുളളിൽ തെയ്യംതുള്ളി
ദാസേട്ടന്റെ ചിരിക്കണ മുഖംതെളിഞ്ഞു
ഒറ്റക്കൈ കൊണ്ട് ഊക്കിൽതള്ളി..
ചേച്ചീ കുറുക്കനെ പോലെ ഓരിയിട്ടു,
അലകിമ്മൽ പിടിച്ച് പാളിനോക്കി
നരച്ചീറുകൾ പൊന്തിപ്പാറി
തലച്ചോർ ചന്നംപിന്നം ചിതറി,
ന്നട്ടും ഓൾ കണ്ണുംതുറന്ന് കിടക്കുന്നു ..
ചത്ത് പോയില്ലേ?
ഇന്റെ നെഞ്ഞ് പിടഞ്ഞു ..
ഒറ്റത്തുള്ളി കണ്ണീര് പൊട്ടിക്കാതെ
ഞാൻ ആർത്തുവിളിച്ചു
നാട്ടാര് കാണാൻ നെഞ്ഞത്തടിച്ചു,
കണ്ണീര് മാത്രം വരാത്തോണ്ട്
കുമ്പിട്ടിരുന്നു..
ഓട്ടകൊട്ട കെട്ടി ചേച്ചീനെ പുറത്തെടുത്തു
കൂവളക്കണ്ണ് ഇന്നെ മാത്രം നോക്കി,
ഓള് തീർന്നെന്നും പറഞ്ഞു എല്ലാരും
തേങ്ങി..
ഇന്റെ സന്തോഷം കമിഴ്ന്ന്കിടന്ന് മറച്ചുപിടിച്ചു..
ദാസേട്ടന്റെമണം മൂക്കിൽ പിന്നേം
തുളച്ചുകേറി..
തലപൊന്തിച്ച് ചുണ്ട്നനച്ചു ..
വെള്ളപുതച്ച ചേച്ചീന്റെ മേത്ത്
ദാസേട്ടൻ പറ്റിപ്പിടിച്ചു കിടന്നു
എല്ലാരുംകാണെ ചുണ്ടിൽ
നിർത്താതെ ഉമ്മവെച്ചു.
ന്റെ പെണ്ണേന്ന് പറഞ്ഞു തേങ്ങി ..
എന്റെ നെഞ്ഞ്കീറി പൊട്ടിയൊലിച്ചു..
പിന്നാമ്പറത്തെ തൊടീൽ ചേച്ചീനെ അടക്കി,
കത്തിച്ച് കളയാത്തതോർത്ത്
ഞാൻ പല്ല്ഞെരിച്ചു..
കുടിച്ച് വന്ന് ദാസേട്ടൻ
കിണറ്റിൽ മണ്ണ് വാരി എറിയും…
ചാടിച്ചാവുമെന്ന് കരുതി
കിണർ അടച്ചുകെട്ടി,
ദാസേട്ടൻ പോയാൽ
ഞാൻ ഒറ്റക്കാവൂലേ..
ആവലാതി കൊണ്ട് തലപെരുത്തു,
നല്ലോണം ഇരുട്ടിയാൽ ദാസേട്ടന്റെ
ഒച്ച കേൾക്കും
കുഴഞ്ഞ നാവുകൊണ്ട്
ന്റെ പെണ്ണേന്ന് വിളിക്കും..
കുഴിമാടത്തിന്റെ മോളിൽ
പറ്റിപ്പിടിച്ച് അന്തിയുറങ്ങും ..
ജനൽതുറന്ന് നോക്കിയാൽ ചേച്ചീ
ഒച്ചയില്ലാതെ ചിരിച്ച് ന്റെ മുന്നിൽ നിക്കും
ഞാൻ പൊട്ടിവിയർക്കും
പുതപ്പിനുള്ളിൽ കൂനിക്കൂടും…
ചിരിച്ചു ചിരിച്ച് ചേച്ചി എന്റെ ഉറക്കം
കളഞ്ഞു..
ജപിച്ചു കെട്ടാൻ ചെന്നപ്പോ
ഭഗോതി എന്നെ നോക്കി പേടിപ്പിച്ചു.
തോട്ടിന്പടവിൽ കുടിച്ചു കിടക്കണ
ദാസേട്ടന്റെ മേത്ത്കേറിക്കിടന്ന്
പണ്ടക്കു പണ്ടെ എടുത്തുവെച്ച
മുത്തങ്ങളത്രയും ചുണ്ടിൽ കൊടുത്തു.
അട്ടയെപ്പിടിച്ച് എറിയണ പോലെ
തോട്ടിലേക്ക് ഉന്തിയിട്ട്
നീച്ചു നിന്ന് കണ്ണ് ചോപ്പിച്ചു,
ന്റെ കണ്ണുനിറഞ്ഞു…
ഇഷ്ടം കാട്ടാൻ കുപ്പായമൂരി
ഞെളിഞ്ഞു നിന്നു..
ദാസേട്ടൻ ന്റെ മോത്ത് കാർക്കിച്ചുതുപ്പി,
ന്റെ നെഞ്ഞ് നല്ലോണം പിടഞ്ഞു ..
ദാസേട്ടൻ മുന്നിൽ നിന്നു മാഞ്ഞു പോയി ..
ചേച്ചി ഒച്ചയുണ്ടാക്കതെ ചിരിച്ചു നിന്നു!

വാക്കനൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *