കവചകുണ്ഡലധാരിയായിപ്പിറന്നവൻ
കരളുറപ്പുകൊണ്ടു ധീരനായവൻ
കരവിരുതുകൊണ്ടു വീരനായവൻ
സൂര്യപുത്രനായിപ്പിറന്നവനെങ്കിലും
സൂതപുത്രനായി വളർന്നവൻ
അലങ്കാരം മാറ്റി അസത്യം ചൊല്ലി
അസ്ത്രവിദ്യ പഠിച്ചീടുകിൽ
അനുഗ്രഹം ചൊരിയേണ്ട ഗുരുവിൽനിന്ന്
ശാപവചനങ്ങളേറ്റുവാങ്ങി
ആക്ഷേപശരങ്ങളാൽ
അഭിമാനക്ഷതമേറ്റ്
അന്തരംഗത്തിൽ നിണം പൊടിഞ്ഞ്
അസ്വസ്ഥനായി നിൽക്കുന്നേരം
അംഗരാജ്യം നൽകി, അന്തസ്സു കാത്ത
ആത്മാർത്ഥസുഹൃത്തിനായ്
സമർപ്പിതജീവിതം
വാക്കിനു വില നൽകി കാപട്യമറിഞ്ഞിട്ടും
കവചകുണ്ഡലങ്ങൾ ദാനം നൽകി
നിർഭയം മൃത്യുവിനെ നേരിട്ടവൻ
നീയല്ലാതാരുണ്ട് കർണ്ണാ
ധർമ്മാധർമ്മങ്ങൾ ചൊല്ലുവാൻ കഴിയാത്ത
യുദ്ധത്തിൽ ബന്ധുത്വം ബന്ധനമാകാതെ
തുടരുമ്പോളും
മറനീക്കിവന്നെത്തിമാതൃത്വം നിൻമുന്നിൽ
മറ്റൊരുസ്വാർത്ഥലക്ഷ്യത്തിനായി
അമ്മിഞ്ഞപ്പാലുനൽകാതെ
താരാട്ടുപാട്ടുപാടാതെ
നദിയിലൊഴുക്കിയ മാതൃത്വം
വിലയുള്ള വാക്കിനാൽ നേടിയെടുത്തു
മക്കളിൽ നാലിനു പരിരക്ഷ
തന്ത്രത്തിൻമേലേ കുതന്ത്രങ്ങൾ നിറയവേ
ചതിയുടെ ശരങ്ങളാൽ ശിരസ്സറ്റുവീഴുമ്പോൾ
പുഞ്ചിരി തൂകിയ വദനവുമായ്
എന്നും ജ്വലിക്കുന്നു കർണ്ണാ നിന്നോർമ്മകൾ…!


ഷൈൻ മുറിക്കൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *