എന്റെ ഹൃദയം
നിന്നെ
കണ്ടെത്തും വരെ
പലരാലും
കുലുക്കിനോക്കി
തിരച്ചിലിൽ
മാറ്റിയിട്ട
തേങ്ങയെന്നു പറയട്ടെ.
ഈ പ്രേമകാലമെന്നെ
ഉരിഞ്ഞുപോയ
ചകിരിയുടുപ്പോർമ്മയിൽ
നഗ്നയാക്കുന്നു.
വറ്റിത്തുടങ്ങിയ
തേങ്ങാവെള്ളം
പൊങ്ങുപെറാൻ
കണ്ണുവെയ്ക്കുന്നുണ്ട്.
ഏറ്റവും മധുരമുള്ള
കാമ്പു കാട്ടി
ഉണങ്ങും മുൻപ്
നിന്റെ പേരുവിളിക്കട്ടെ ?
മൗനം കൊണ്ടെന്ന
ക്ളീഷേ വെട്ടേറ്റു
കണ്ണും മൂടും
രണ്ടുമുറിയായി
മലർന്നിരിക്കുന്നിതാ
തലയ്ക്കലെ തിരിയെന്നോ
അരയൊത്ത കറിയെന്നോ
നിനക്കു വിടുന്നു ഞാൻ.
വെട്ടേറ്റു പിളർന്ന
പാവം തെങ്ങിൻഹൃദയമേ
മുളയ്ക്കാനിനി
ഉയിരില്ല ബാക്കി.

By ivayana

Leave a Reply

Your email address will not be published. Required fields are marked *